മാഞ്ചസ്റ്റര്‍: യുകെയിലെ വിദ്യാലയങ്ങളില്‍ സാംസ്‌കാരിക വൈവിധ്യത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ പലപ്പോഴും വ്യവസ്ഥാപിത വംശീയതയെയും വിവേചനങ്ങളെയും മറച്ചുവയ്ക്കുന്ന ഉപരിപ്ലവമായ സമീപനമായി മാറുന്നുവെന്ന് രാജ്യാന്തര വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധം. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയും വിരാല്‍ മെറ്റ് കോളേജ് അധ്യാപകനും ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി (LJMU) ഗവേഷകനുമായ സെബാസ്റ്റ്യന്‍ ജോസഫാണ് ബ്രിട്ടിഷ് എജ്യുക്കേഷനല്‍ റിസര്‍ച്ച് അസോസിയേഷന്റെ (BERA 2026) വാര്‍ഷിക സമ്മേളനത്തില്‍ 'ബിയോണ്ട് സെലിബ്രേഷന്‍' (Beyond Celebration) എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിറ്റാണ്ടുകളായി പിന്തുടരുന്ന 'സാരി, സമൂസ, സ്റ്റീല്‍ ബാന്‍ഡ്' (Saris, Samosas and Steel Bands - 3S) മാതൃകയെയാണ് പ്രബന്ധം പ്രധാനമായും വിമര്‍ശിക്കുന്നത്. വിവിധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കാനെന്ന പേരില്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ ഡേകളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍, ഭക്ഷണവിഭവങ്ങള്‍, സംഗീതം എന്നിവ പ്രദര്‍ശിപ്പിക്കുന്നത് മാത്രം യഥാര്‍ഥ ബഹുസ്വരതയല്ലെന്ന് സെബാസ്റ്റ്യന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആഘോഷങ്ങള്‍ സംസ്‌കാരങ്ങളെ കേവലം കാഴ്ചവസ്തുക്കളായി ചുരുക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഘടനാപരമായ വിവേചനം, അസമത്വം, വംശീയ മുന്‍വിധികള്‍ തുടങ്ങിയ വിഷയങ്ങളെ അവഗണിക്കുകയും ചെയ്യുന്നുവെന്നാണ് പഠനത്തിലെ പ്രധാന വിലയിരുത്തല്‍.
നാല് പതിറ്റാണ്ടിലെ 4,000-ലേറെ പഠനങ്ങള്‍ പരിശോധിച്ചു
1980 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച നാലായിരത്തിലധികം പഠനങ്ങള്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധിച്ചാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. നാല് പതിറ്റാണ്ടിലേറെയായി ബ്രിട്ടനിലെ വിദ്യാഭ്യാസരംഗത്ത് ബഹുസ്വരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണെങ്കിലും സമീപനങ്ങളില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2026 ഏപ്രിലില്‍ ഡെര്‍ബിയിലെ നോയല്‍-ബേക്കര്‍ അക്കാദമിയില്‍ നടന്ന കള്‍ച്ചറല്‍ ഡേയ്ക്കിടെ ബ്രിട്ടിഷ് വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളും തുടര്‍ന്നുണ്ടായ വിവാദങ്ങളും പഠനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1980-കളില്‍ ഉയര്‍ന്ന അതേ ബഹുസ്വരതാ തര്‍ക്കങ്ങളിലാണ് ബ്രിട്ടീഷ് വിദ്യാഭ്യാസ നയം ഇന്നും കുടുങ്ങിക്കിടക്കുന്നതിന്റെ ഉദാഹരണമായാണ് സംഭവം ചൂണ്ടിക്കാട്ടുന്നത്. കള്‍ച്ചറല്‍ ഡേ പോലുള്ള പരിപാടികള്‍ക്കായി വിദ്യാര്‍ഥികളും അധ്യാപകരും വലിയ അധ്വാനം ചെയ്യുന്നുണ്ടെങ്കിലും സമൂഹത്തിലും സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന അടിസ്ഥാനപരമായ മുന്‍വിധികളെ ചോദ്യം ചെയ്യാനുള്ള ശ്രമം അപര്യാപ്തമാണെന്നും പ്രബന്ധം പറയുന്നു. വെളുത്ത പാശ്ചാത്യ സംസ്‌കാരത്തെ ചോദ്യം ചെയ്യപ്പെടാത്ത പൊതുമാനദണ്ഡമായി നിലനിര്‍ത്തുന്ന ചിന്തയെ ഇത്തരം ആഘോഷങ്ങള്‍ പരോക്ഷമായി ശക്തിപ്പെടുത്തുന്നുവെന്നും ഗവേഷകന്‍ വിലയിരുത്തുന്നു.
പ്രഫ. ജേസണ്‍ ആര്‍ഡേയുടെ അനുഭവങ്ങളും പഠനത്തില്‍
സുരക്ഷിതമായ ബഹുസ്വരതാ വാദങ്ങളുടെ പരിമിതികള്‍ വിശദീകരിക്കാന്‍ കേംബ്രിജ് സര്‍വകലാശാലയിലെ ശ്രദ്ധേയ കറുത്തവര്‍ഗ അക്കാദമിക് പ്രഫ. ജേസണ്‍ ആര്‍ഡേയുടെ ജീവിതാനുഭവങ്ങളും പ്രബന്ധത്തില്‍ പരാമര്‍ശിക്കുന്നു. ഓട്ടിസവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ മറികടന്ന് വൈകിയാണ് വായനയും എഴുത്തും അഭ്യസിച്ചതെങ്കിലും അക്കാദമിക് രംഗത്ത് ഉന്നതിയിലെത്തിയ ആര്‍ഡേയെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വൈവിധ്യത്തിന്റെ വിജയപ്രതീകമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പശ്ചാത്തലങ്ങളില്‍ നിന്നെത്തുന്ന പണ്ഡിതര്‍ നേരിടുന്ന അമിത നിരീക്ഷണം, സ്ഥാപനപരമായ ശത്രുത, മാനസിക സമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വൈവിധ്യങ്ങളെ ആഘോഷിക്കുന്നതില്‍ മാത്രം ഒതുങ്ങാതെ കൊളോണിയല്‍ വിജ്ഞാന നിര്‍മിതികളെ ചോദ്യം ചെയ്യുന്ന തരത്തില്‍ പാഠ്യപദ്ധതികളെ പുനഃസംഘടിപ്പിക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു. 'ഡീകൊളോണൈസിങ് ദ കരിക്കുലം' (Decolonising the Curriculum) സമീപനം ശക്തിപ്പെടുത്തുന്നതിനൊപ്പം വ്യവസ്ഥാപിത വംശീയത ഇല്ലാതാക്കാന്‍ ഘടനാപരമായ മാറ്റങ്ങളും ആവശ്യമാണെന്ന് ഗവേഷകന്‍ പറയുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് വിദഗ്ധര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യഥാര്‍ഥ വൈകാരിക സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്ന 'ഇമോഷണല്‍ സേഫ്ഗാര്‍ഡിങ്' സംവിധാനങ്ങള്‍ നടപ്പാക്കണമെന്നും പ്രബന്ധം ആവശ്യപ്പെടുന്നു.
വംശീയ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മികവിനെക്കുറിച്ച് ചര്‍ച്ച
മാഞ്ചസ്റ്ററില്‍ നടക്കുന്ന BERA സമ്മേളനത്തിനിടെ വംശീയ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ അക്കാദമിക് നേട്ടങ്ങളെക്കുറിച്ച് പ്രമുഖ വിദ്യാഭ്യാസ ഗവേഷകന്‍ ഫെയിസ ഡെമിയുമായി (Feyisa Demie) സെബാസ്റ്റ്യന്‍ ജോസഫ് പ്രത്യേക ചര്‍ച്ചയും നടത്തി. ഇംഗ്ലണ്ടിലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠനനിലവാരവും വിദ്യാഭ്യാസ അസമത്വവും സംബന്ധിച്ച ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഫെയിസ ഡെമി. 'Educational Inequality: Closing the Gap', 'The Educational Achievement of Ethnic Minority Pupils' തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികള്‍ ഈ മേഖലയിലെ പ്രധാന അക്കാദമിക് റഫറന്‍സുകളായി പരിഗണിക്കപ്പെടുന്നു. കോണ്‍ഫറന്‍സ് വേദിയില്‍ സെബാസ്റ്റ്യന്‍ ജോസഫും ഫെയിസ ഡെമിയും ഒരുമിച്ചുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്.
രാജ്യാന്തര വിദ്യാഭ്യാസ ഗവേഷകരുടെ വേദിയായി BERA 2026
ബ്രിട്ടിഷ് എജ്യുക്കേഷനല്‍ റിസര്‍ച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നടക്കുന്ന വാര്‍ഷിക രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനമാണ് BERA 2026. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, അധ്യാപകര്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യുകെയിലെ പ്രമുഖ വിദ്യാഭ്യാസ ഗവേഷണ വേദികളിലൊന്നാണിത്. വിദ്യാഭ്യാസ മേഖലയിലെ പുതിയ ഗവേഷണങ്ങള്‍, പഠനരീതികള്‍, നയങ്ങള്‍, അസമത്വങ്ങള്‍, ഭാവിയിലെ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുന്നതിനുള്ള പ്രധാന വേദിയായാണ് BERA സമ്മേളനം പരിഗണിക്കപ്പെടുന്നത്.
പേരാവൂരില്‍ നിന്ന് ബ്രിട്ടീഷ് അക്കാദമിക് രംഗത്തേക്ക്
കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ സ്വദേശിയാണ് സെബാസ്റ്റ്യന്‍ ജോസഫ്. പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ പ്രീ-ഡിഗ്രി പഠനം നടത്തി. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് സയന്‍സില്‍ ബിരുദവും ബി.എഡും നേടിയ ശേഷം ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് ബോട്ടണിയില്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് യുകെയിലെ ചെസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് എം.എ എജ്യുക്കേഷനല്‍ പ്രാക്ടീസ്, പിജിസിഇ എന്നിവയും പൂര്‍ത്തിയാക്കി. കാസര്‍ഗോഡ് ചിന്മയ വിദ്യാലയത്തില്‍ കെമിസ്ട്രി അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നിലവില്‍ യുകെയിലെ വിരാല്‍ മെറ്റ് കോളേജില്‍ ബയോളജി, മാത്തമാറ്റിക്‌സ് ലക്ചററായി സേവനമനുഷ്ഠിക്കുന്ന സെബാസ്റ്റ്യന്‍ ജോസഫ്, ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയില്‍ എജ്യുക്കേഷനില്‍ ഡോക്ടറല്‍ ഗവേഷകനുമാണ്. ബ്രിട്ടീഷ് സ്‌കൂളുകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അക്കാദമിക് മികവാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ വിഷയം. യുകെയിലെ മെഴ്‌സിസൈഡിലാണ് നിലവില്‍ താമസം. കണ്ണൂര്‍ സ്വദേശിയായ ലിന്‍സിയാണ് ഭാര്യ.