ജറുസലേം: വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെ യുകെയുടെ നേതൃത്വത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം കടുപ്പിച്ചതിന് പിന്നാലെ ബ്രിട്ടനെതിരെ കടുത്ത പ്രതികാര നടപടികളുമായി ഇസ്രായേല്‍. കിഴക്കന്‍ ജറുസലേമില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയതായും മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെ 12 ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇസ്രായേലില്‍ പ്രവേശനം വിലക്കിയതായും ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രായേലിന്റെ ആഭ്യന്തര കാര്യങ്ങളില്‍ യുകെ സര്‍ക്കാര്‍ ഇടപെടുകയാണെന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാറിന്റെ ആരോപണം. ബ്രിട്ടന്റെ സമീപനം ഒരു പരമാധികാര രാഷ്ട്രത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്കുള്ള പ്രകടമായ ഇടപെടലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ 'വംശീയ ഉന്മൂലനം' നടത്തുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി എഡ് മിലിബാന്‍ഡ് പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു. ഈ പ്രസ്താവനയെ 'അതിരുകടന്ന നുണ' എന്ന് വിശേഷിപ്പിച്ച ഗിഡിയന്‍ സാര്‍, ബ്രിട്ടന്റെ നടപടികള്‍ ധാര്‍മ്മികമായി വളച്ചൊടിക്കപ്പെട്ടതാണെന്നും പ്രതികരിച്ചു. പലസ്തീന്‍ അതോറിറ്റിയുടെ അംഗീകാരത്തോടെ കിഴക്കന്‍ ജറുസലേമില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് കോണ്‍സുലേറ്റാണ് ഇസ്രായേല്‍ അടച്ചത്. ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ള 12 ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമെ ഗാസയിലെ യുഎസ് നേതൃത്വത്തിലുള്ള ഏകോപന ദൗത്യത്തില്‍ നിന്ന് യുകെയുടെ പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളുമായി വ്യാപാരം നടത്തുന്നതിന് യുകെ, കാനഡ, ഫ്രാന്‍സ് ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേലിന്റെ പുതിയ നടപടികള്‍ വിലയിരുത്തപ്പെടുന്നത്. കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേലിന് നിലവില്‍ നിയന്ത്രണമുണ്ടെങ്കിലും യുകെ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം രാജ്യങ്ങളും പ്രദേശത്തിന്മേലുള്ള ഇസ്രായേലിന്റെ പരമാധികാരം അംഗീകരിക്കുന്നില്ല. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റിയതോടെ അമേരിക്ക വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. യുകെ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ പ്രധാന നയതന്ത്ര കാര്യാലയങ്ങള്‍ ഇപ്പോഴും ടെല്‍ അവീവിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജൂത കുടിയേറ്റങ്ങളെ പിന്തുണച്ചുള്ള പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് ബ്രിട്ടനും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. പുതിയ സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.