ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പ്രത്യാഘാതങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പ്രകടമാകുന്നു. കാലാവസ്ഥാ ക്രമത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ അനുഭവപ്പെടുന്നതിനിടെയാണ് യുകെയില്‍ കടുത്ത ചൂടിന് പിന്നാലെ ശക്തമായ മഴ ലഭിച്ചിട്ടും വരള്‍ച്ചാ സാഹചര്യം തുടരുന്നത്. ഇളംചൂടിന് പേരുകേട്ട യുകെയിലെ വേനല്‍ക്കാലം ഇത്തവണ അസാധാരണമായി ചൂടേറിയതായിരുന്നു. എല്‍ നിനോ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ ഘടകങ്ങളുടെ സ്വാധീനത്തിനിടെ കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വേനല്‍ താപനിലകളിലൊന്നാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ചൂടും വരണ്ട കാലാവസ്ഥയും രാജ്യത്തെ ജലസ്രോതസ്സുകളെയും റിസര്‍വോയറുകളെയും സാരമായി ബാധിച്ചു. ഇതിനിടെ ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും ശക്തമായ മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചെങ്കിലും വരള്‍ച്ചയ്ക്ക് കാര്യമായ ശമനമുണ്ടായിട്ടില്ല. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നിരവധി പ്രദേശങ്ങളില്‍ വരള്‍ച്ച തുടരുകയാണെന്നും ഹോസ്‌പൈപ്പ് ഉപയോഗത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇപ്പോള്‍ ഇളവ് നല്‍കാനാകില്ലെന്നും എന്‍വയോണ്‍മെന്റ് ഏജന്‍സി വ്യക്തമാക്കി.
ഓഗസ്റ്റ് അവസാനവാരത്തിലും സെപ്റ്റംബര്‍ ആദ്യവാരത്തിലുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്ല മഴ ലഭിച്ചിരുന്നു. എന്നാല്‍ മാസങ്ങളായി തുടരുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും കാരണം റിസര്‍വോയറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും ജലനിരപ്പ് വലിയ തോതില്‍ താഴ്ന്നിട്ടുണ്ട്. സമീപകാലത്ത് ലഭിച്ച മഴ മാത്രം ഈ കുറവ് നികത്താന്‍ പര്യാപ്തമല്ലെന്നാണ് നാഷണല്‍ ഡ്രോട്ട് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. വെയില്‍സിലും ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വരള്‍ച്ചാ സാഹചര്യം തുടരുകയാണ്. ഡൗവ് സ്റ്റോണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ റിസര്‍വോയറുകളില്‍ ജലനിരപ്പ് ഇപ്പോഴും ആശങ്കാജനകമായി താഴ്ന്ന നിലയിലാണ്. രാജ്യത്തെ 10 വാട്ടര്‍ കമ്പനി മേഖലകളില്‍ താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ഹോസ്‌പൈപ്പ് നിരോധനവും തുടരും. കാലാവസ്ഥ തണുത്തതോടെ ജലത്തിന്റെ ഉപയോഗത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം സ്‌കോട്ട്ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ സെപ്റ്റംബറില്‍ ലഭിക്കേണ്ട ശരാശരി മഴയുടെ പകുതിയിലധികം ആദ്യവാരത്തില്‍ തന്നെ ലഭിച്ചു. എന്നാല്‍ ദക്ഷിണ ഇംഗ്ലണ്ടിലും ദക്ഷിണ വെയില്‍സിലും മഴയുടെ അളവ് ഇപ്പോഴും വളരെ കുറവാണ്. വരും ദിവസങ്ങളില്‍ യുകെയുടെ വടക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജലക്ഷാമം പൂര്‍ണമായി പരിഹരിക്കപ്പെടണമെങ്കില്‍ ദീര്‍ഘകാലം തുടര്‍ച്ചയായ ശക്തമായ മഴ ലഭിക്കേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അടുത്ത ഒരു മാസത്തിനുള്ളില്‍ വരള്‍ച്ച പൂര്‍ണമായി മാറാന്‍ ആവശ്യമായ തോതിലുള്ള മഴ ലഭിക്കാനുള്ള സാധ്യത നിലവില്‍ കുറവാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൂചന. ഇതോടെ ശൈത്യകാലത്തിലേക്കു കടക്കുമ്പോഴും ജലസംരക്ഷണ നടപടികള്‍ തുടരേണ്ട സാഹചര്യമാണുള്ളത്.