Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=109.866 INR
ukmalayalampathram.com
Tue 08th Sep 2026
 
 
UK Special
  Add your Comment comment
ഖാംനഈയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്; ലണ്ടനിലെ 400 കോടിയിലേറെ വിലമതിക്കുന്ന ആഡംബര പെന്റ്ഹൗസുകള്‍ വില്‍പ്പനയ്ക്ക്
reporter

ലണ്ടന്‍: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലണ്ടനിലെ രണ്ട് അത്യാഡംബര പെന്റ്ഹൗസുകള്‍ വില്‍പ്പനയ്ക്ക്. ഏകദേശം 3.575 കോടി പൗണ്ടിന് വാങ്ങിയ, ഇന്ത്യന്‍ മൂല്യത്തില്‍ 400 കോടിയിലേറെ രൂപ വിലവരുന്ന വസ്തുക്കളാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് റിസീവര്‍ഷിപ്പിലേക്ക് നീങ്ങിയിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് വില്‍പ്പന നടപടികള്‍ മുന്നോട്ടുപോകുന്നതെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനിലെ അതിസമ്പന്ന മേഖലകളിലൊന്നായ കെന്‍സിങ്ടണിലെ 3എ പാലസ് ഗ്രീനിലാണ് പെന്റ്ഹൗസുകള്‍ സ്ഥിതി ചെയ്യുന്നത്. കെന്‍സിങ്ടണ്‍ കൊട്ടാരത്തിന് അഭിമുഖമായുള്ള കെട്ടിടം ഇസ്രായേല്‍ എംബസിക്കും സമീപമാണ്. ഇതാണ് വസ്തുക്കളുടെ രാഷ്ട്രീയവും സുരക്ഷാപരവുമായ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.

ആറാം നിലയിലും ഏഴാം നിലയിലുമായി വ്യാപിച്ചുകിടക്കുന്ന അഞ്ച് കിടപ്പുമുറികളുള്ള ഡ്യൂപ്ലക്‌സ് പെന്റ്ഹൗസിന് 3,944 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ജീവനക്കാര്‍ക്കുള്ള താമസസൗകര്യവും സ്വകാര്യ റൂഫ് ടെറസും ഉള്‍പ്പെടുന്ന ഈ വസതി 2016ല്‍ 1.9 കോടി പൗണ്ടിനാണ് വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഒരു കോടി 20 ലക്ഷം പൗണ്ടില്‍ താഴെയുള്ള വിലയ്ക്കാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വാങ്ങിയ വിലയെ അപേക്ഷിച്ച് ഏകദേശം 70 ലക്ഷം പൗണ്ടിന്റെ കുറവാണിത്. അതേ കെട്ടിടത്തിന്റെ ഏഴാം, എട്ടാം നിലകളിലായി സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ പെന്റ്ഹൗസ് 2014ല്‍ 1.675 കോടി പൗണ്ടിനാണ് വാങ്ങിയത്. ഈ വസ്തുവും റിസീവര്‍ഷിപ്പിലേക്ക് നീങ്ങിയിട്ടുണ്ടെങ്കിലും നിലവിലെ വില്‍പ്പനവില പരസ്യപ്പെടുത്തിയിട്ടില്ല.

ഭൂമി രജിസ്‌ട്രേഷന്‍ രേഖകള്‍ പ്രകാരം ഇറാനിയന്‍ വ്യവസായിയും മുന്‍ ബാങ്കറുമായ അലി അന്‍സാരിയുടെ പേരിലാണ് രണ്ട് വസ്തുക്കളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുജ്തബ ഖാംനഈയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ആസ്തിശൃംഖലയില്‍ അന്‍സാരി പ്രധാന സാമ്പത്തിക ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് യുഎസ് അധികൃതരുടെ ആരോപണം. എന്നാല്‍ ഖാംനഈയുമായോ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായോ സാമ്പത്തിക ബന്ധമുണ്ടെന്ന ആരോപണം അന്‍സാരി നിഷേധിച്ചിട്ടുണ്ട്. ഐആര്‍ജിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കിയെന്നാരോപിച്ച് ബ്രിട്ടന്‍ 2025 ഒക്ടോബറില്‍ അന്‍സാരിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. സ്വത്തുക്കള്‍ മരവിപ്പിക്കല്‍, യാത്രാവിലക്ക്, കമ്പനി ഡയറക്ടര്‍ സ്ഥാനങ്ങളില്‍നിന്നുള്ള വിലക്ക് എന്നിവയും നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്നു.

പിന്നീട് യുഎസും അന്‍സാരിക്കെതിരെ ഉപരോധം ശക്തമാക്കി. ഖാംനഈയും കുടുംബവും ഇറാനിലെ മറ്റ് ഉന്നതരും പ്രയോജനപ്പെടുന്ന രീതിയില്‍ വിവിധ രാജ്യങ്ങളിലായി വന്‍ ആസ്തിശൃംഖല കൈകാര്യം ചെയ്യുന്നുവെന്നാണ് യുഎസ് ട്രഷറി ആരോപിച്ചത്. ബ്രിട്ടന്‍, ജര്‍മനി, സ്‌പെയിന്‍, ലക്‌സംബര്‍ഗ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആസ്തികളുമായി അന്‍സാരിക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര ഉപരോധങ്ങള്‍ നിലവിലിരിക്കെ പെന്റ്ഹൗസുകളുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് സ്വകാര്യ വായ്പാദാതാക്കള്‍ റിസീവര്‍മാരെ നിയമിച്ച് വസ്തുക്കള്‍ വില്‍ക്കാനുള്ള നടപടിയിലേക്ക് കടന്നത്. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയില്‍നിന്ന് ആദ്യം വായ്പയും അനുബന്ധ ചെലവുകളും തീര്‍ക്കും. അതിനുശേഷം പണം ശേഷിക്കുകയാണെങ്കില്‍ അന്‍സാരിക്കെതിരായ ഉപരോധം തുടരുന്ന കാലത്തോളം ആ തുക മരവിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഈ പെന്റ്ഹൗസുകള്‍ മുജ്തബ ഖാംനഈയുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതാണെന്ന് തെളിയിക്കുന്ന കോടതി വിധിയൊന്നും നിലവിലില്ല. മാധ്യമ അന്വേഷണങ്ങളും യുഎസ് അധികൃതരുടെ ആരോപണങ്ങളുമാണ് വസ്തുക്കളെ ഖാംനഈയുമായി ബന്ധിപ്പിക്കുന്നത്.

 
Other News in this category

 
 




 
Close Window