Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
അധിക പണം നല്‍കിയിട്ടും എ&ഇ കാത്തിരിപ്പ് കുറയുന്നില്ല; എന്‍എച്ച്എസ് എമര്‍ജന്‍സി വിഭാഗങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഓഡിറ്റ് ഓഫീസ്
reporter

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ ഓഡിറ്റ് ഓഫീസ്. എന്‍എച്ച്എസിന് അധിക ധനസഹായം അനുവദിക്കുകയും സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് നിരവധി വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടും എ&ഇ വിഭാഗങ്ങളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. എ&ഇ വിഭാഗങ്ങള്‍ക്ക് ചെലവഴിക്കുന്ന തുക വര്‍ധിച്ചെങ്കിലും അതിന് അനുസരിച്ച് രോഗികളുടെ കാത്തിരിപ്പ് സമയം കുറയുന്നില്ലെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാത്രം 12 മണിക്കൂറിലധികം എമര്‍ജന്‍സി വിഭാഗങ്ങളില്‍ കാത്തിരിക്കേണ്ടിവന്നവരുടെ എണ്ണം 17 ലക്ഷത്തിലേറെയാണെന്നാണ് കണക്ക്.

അഞ്ച് ലക്ഷത്തോളം രോഗികള്‍ക്ക് ഒരു ദിവസത്തിലധികം ആശുപത്രി എമര്‍ജന്‍സി വിഭാഗങ്ങളില്‍ കാത്തിരിക്കേണ്ടിവന്നു. ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കേണ്ടിവരുന്ന സാഹചര്യം അവസാനിപ്പിക്കാനായിട്ടില്ലെന്ന് എന്‍എച്ച്എസ് കണക്കുകളും വ്യക്തമാക്കുന്നു. ഇപ്പോഴും ആയിരക്കണക്കിന് രോഗികളാണ് കിടക്ക ലഭിക്കാതെ ഇടനാഴികളില്‍ ചികിത്സ തേടേണ്ടിവരുന്നത്. ചികിത്സ പൂര്‍ത്തിയായ രോഗികളെ സമയബന്ധിതമായി ഡിസ്ചാര്‍ജ് ചെയ്യാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്ന പ്രധാന കാരണങ്ങളിലൊന്നായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ആയിരക്കണക്കിന് ആശുപത്രി കിടക്കകള്‍ പുതിയ രോഗികള്‍ക്കായി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

മുമ്പ് ശൈത്യകാലത്താണ് ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം അനുഭവപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വര്‍ഷം മുഴുവന്‍ തിരക്ക് തുടരുന്ന സാഹചര്യമാണ്. വേനല്‍ക്കാലത്തും എ&ഇ വിഭാഗങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019നെ അപേക്ഷിച്ച് എ&ഇ വിഭാഗങ്ങളില്‍ 12 മണിക്കൂറിലധികം കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഏകദേശം മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് എന്‍എച്ച്എസ് അടിയന്തര ചികിത്സാ സംവിധാനത്തിന് നേരിടേണ്ടിവരുന്ന ദീര്‍ഘകാല പ്രതിസന്ധിയുടെ സൂചനയാണെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, നഴ്സിംഗ് ജീവനക്കാര്‍ നേരിടുന്ന ജോലിഭാരത്തിലും സമ്മര്‍ദത്തിലും കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗിലെ പ്രൊഫ. നിക്കോള റേഞ്ചര്‍ പ്രതികരിച്ചു. ജീവനക്കാരുടെ കുറവും ഉയര്‍ന്ന രോഗിസാന്ദ്രതയും ആശുപത്രികളിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 
Other News in this category

 
 




 
Close Window