Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് അത്യാഹിത വിഭാഗങ്ങളില്‍ ജീവനക്കാര്‍ക്ക് സുരക്ഷാഭീതി; 73 ശതമാനം പേര്‍ പതിവായി അക്രമം നേരിടുന്നുവെന്ന് സര്‍വേ
reporter

ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസ് അത്യാഹിത വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പതിവായി അക്രമത്തിനും അധിക്ഷേപത്തിനും ഇരയാകുന്നതായി സര്‍വേ. 2,000-ത്തിലധികം ജീവനക്കാരെ ഉള്‍പ്പെടുത്തി റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ നടത്തിയ സര്‍വേയിലാണ് ആശങ്കാജനകമായ വിവരങ്ങള്‍ പുറത്തുവന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 73 ശതമാനം പേരും ദിവസേനയോ ആഴ്ചയില്‍ ഒരിക്കലോ ഏതെങ്കിലും തരത്തിലുള്ള അക്രമമോ ആക്രമണമോ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കി. 96 ശതമാനം ജീവനക്കാരും രോഗികളില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ വാക്കാലുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു. വംശീയ അധിക്ഷേപം, ലൈംഗിക വിവേചനം, സ്വവര്‍ഗവിരുദ്ധ പരാമര്‍ശങ്ങള്‍ തുടങ്ങിയ വിവേചനപരമായ പെരുമാറ്റങ്ങള്‍ നേരിട്ടതായി 63 ശതമാനം ജീവനക്കാര്‍ അറിയിച്ചു. ജീവനക്കാരുടെ കുറവും അത്യാഹിത വിഭാഗങ്ങളിലെ അമിതമായ രോഗിത്തിരക്കും ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളാണെന്നാണ് ജീവനക്കാരുടെ വിലയിരുത്തല്‍.

ദീര്‍ഘമായ കാത്തിരിപ്പ് സമയം, ആശുപത്രികളിലെ തിരക്ക്, ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യം എന്നിവ അക്രമവും അധിക്ഷേപവും ആശുപത്രികളിലെ ദൈനംദിന ജോലിയുടെ ഭാഗമാകുന്ന സ്ഥിതിയിലേക്ക് നയിച്ചതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ ക്ലിനിക്കല്‍ സൗകര്യങ്ങളില്ലാതെ ഇടനാഴികളില്‍ രോഗികളെ ചികിത്സിക്കേണ്ടിവരുന്ന 'കോറിഡോര്‍ കെയര്‍' സംവിധാനവും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ജോലിക്ക് പോകുമ്പോള്‍ ആക്രമിക്കപ്പെടുമെന്ന ഭയം ജീവനക്കാര്‍ക്ക് ഉണ്ടാകേണ്ട സാഹചര്യം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ. ഇയാന്‍ ഹിഗിന്‍സണ്‍ പറഞ്ഞു. ആശുപത്രി അധികൃതരുടെ പിന്തുണ ലഭിക്കുമോ, നിയമസംവിധാനം തങ്ങളെ സംരക്ഷിക്കുമോ എന്ന കാര്യത്തില്‍ പോലും പല ജീവനക്കാര്‍ക്കും ഉറപ്പില്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ അത്യാഹിത വിഭാഗങ്ങളിലെ വലിയൊരു വിഭാഗം ജീവനക്കാരും ഇത്തരം സാഹചര്യങ്ങളാണ് നേരിടുന്നത്. രോഗികളെ സുരക്ഷിതമായി പരിചരിക്കുന്നതിനിടെ സ്വന്തം സുരക്ഷയെക്കുറിച്ചും ആശങ്കപ്പെടേണ്ടിവരുന്നത് തീര്‍ത്തും അപലപനീയമാണെന്നും ഹിഗിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു. സര്‍വേയുടെ ഭാഗമായി ഒരു റസിഡന്റ് ഡോക്ടര്‍ തനിക്ക് പതിവായി വംശീയ അധിക്ഷേപങ്ങളും കടുത്ത വാക്കേറ്റങ്ങളും നേരിടേണ്ടിവരുന്നതായും ഇത് മാനസികമായി വലിയ സമ്മര്‍ദമുണ്ടാക്കുന്നതായും വെളിപ്പെടുത്തി. മറ്റൊരു മുതിര്‍ന്ന എമര്‍ജന്‍സി ഡോക്ടര്‍ ആക്രമണസ്വഭാവം പ്രകടിപ്പിച്ച ഒരു രോഗി തന്റെ മുഖത്ത് ചവിട്ടിയ സംഭവവും വിവരിച്ചു. എന്‍എച്ച്എസ് ജീവനക്കാര്‍ക്കെതിരായ അക്രമങ്ങളും അധിക്ഷേപങ്ങളും തടയുന്നതിനായി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window