ലണ്ടന്‍: കിക്ക് ബോക്‌സിങ് ലോകവേദിയില്‍ ശ്രദ്ധേയ നേട്ടവുമായി ബ്രിട്ടനിലെ മലയാളി ബാലന്‍. വെറും പതിനൊന്നാം വയസ്സില്‍ ലോകകപ്പില്‍ പങ്കെടുത്ത് വെള്ളിമെഡല്‍ സ്വന്തമാക്കിയ ജോഷ്വ ആന്റണി നടുവിലവീട്ടിലാണ് ബ്രിട്ടന്റെയും യുകെയിലെ മലയാളി സമൂഹത്തിന്റെയും അഭിമാനമായി മാറിയത്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന 31-ാമത് വേള്‍ഡ് അസോസിയേഷന്‍ ഓഫ് കിക്ക് ബോക്‌സിങ് വേള്‍ഡ് കപ്പില്‍ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ചാണ് ജോഷ്വ വെള്ളിമെഡല്‍ നേടിയത്. 32 കിലോഗ്രാം വിഭാഗത്തിലായിരുന്നു പതിനൊന്നുകാരന്റെ മെഡല്‍ നേട്ടം. ഓഗസ്റ്റ് 27 മുതല്‍ 30 വരെ നടന്ന ലോകകപ്പില്‍ 47 രാജ്യങ്ങളില്‍ നിന്നായി 3,600 താരങ്ങളാണ് മത്സരിച്ചത്. ഈ രാജ്യാന്തര ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഏക മലയാളി ബാലനെന്ന പ്രത്യേകതയും ജോഷ്വയ്ക്കുണ്ട്. ബ്രിട്ടനിലെ എക്‌സറ്ററില്‍ താമസിക്കുന്ന ആന്റണി ജോസഫിന്റെയും ജിന്‍സി ആന്റണിയുടെയും മകനാണ് ജോഷ്വ. ബെന്‍സന്‍ ആന്റണിയാണ് സഹോദരന്‍.
പരിശീലനം തുടങ്ങിയിട്ട് ഒരു വര്‍ഷം പോലും തികയും മുന്‍പ് ലോകവേദിയില്‍
2025 സെപ്റ്റംബറിലാണ് ജോഷ്വ കിക്ക് ബോക്‌സിങ് പരിശീലനം ആരംഭിച്ചത്. ടൈഗര്‍ സ്‌റ്റൈല്‍ കരാട്ടെ ക്ലബ്ബിലായിരുന്നു പരിശീലനത്തിന്റെ തുടക്കം. രണ്ട് മാസം പിന്നിടുമ്പോഴേക്കും 2025 നവംബറില്‍ പ്ലിമൗത്തില്‍ നടന്ന ഇന്റര്‍ ക്ലബ് ടൂര്‍ണമെന്റില്‍ വെങ്കല മെഡല്‍ നേടി മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് യുകെയിലെ വിവിധ കിക്ക് ബോക്‌സിങ് സംഘടനകളായ ഐസിഒ, ഐഎസ്‌കെഎ എന്നിവയുടെ കീഴില്‍ നടന്ന മത്സരങ്ങളില്‍ നിരവധി സ്വര്‍ണ, വെള്ളി മെഡലുകള്‍ കരസ്ഥമാക്കി ജോഷ്വ ശ്രദ്ധേയനായി. ചുരുങ്ങിയ കാലത്തെ പരിശീലനത്തിനുള്ളില്‍ തന്നെ ദേശീയതല മത്സരങ്ങളില്‍ മികവ് തെളിയിച്ച ജോഷ്വ, ബുഡാപെസ്റ്റ് ലോകകപ്പിലെ വെള്ളിമെഡല്‍ നേട്ടത്തോടെ രാജ്യാന്തര കിക്ക് ബോക്‌സിങ് വേദിയിലും ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.
മലയാളി സമൂഹത്തിനും അഭിമാനം
എറണാകുളം പച്ചാളം ടി.കെ.സി. റോഡിലെ നടുവിലവീട്ടില്‍ എന്‍.ഒ. ജോസഫിന്റെ കൊച്ചുമകനാണ് ജോഷ്വ. ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് രാജ്യാന്തര വേദിയില്‍ മെഡല്‍ നേടിയ ജോഷ്വയുടെ പ്രകടനം യുകെയിലെ മലയാളി സമൂഹത്തിലും വലിയ അഭിമാനവും സന്തോഷവും സൃഷ്ടിച്ചിട്ടുണ്ട്. കേവലം പതിനൊന്നാം വയസ്സില്‍ ലോകകപ്പ് മെഡല്‍ സ്വന്തമാക്കിയ ജോഷ്വയുടെ നേട്ടം ഭാവിയില്‍ കിക്ക് ബോക്‌സിങ് രംഗത്ത് കൂടുതല്‍ ഉയരങ്ങളിലെത്താനുള്ള പ്രതീക്ഷയും നല്‍കുകയാണ്.