ബെല്‍ഫാസ്റ്റ്: വെസ്റ്റ് ബെല്‍ഫാസ്റ്റിലെ ട്വിന്‍ബ്രൂക്കില്‍ മലയാളി വൈദികന്റെ താമസസ്ഥലത്ത് മോഷണം. സെന്റ് ലൂക്ക്‌സ് പാരിഷ് വൈദികന്‍ ഫാ. നിധീഷ് വര്‍ഗീസിന്റെ വസതിയായ പ്രസ്ബിറ്ററിയില്‍നിന്ന് പഴയതും പുതിയതുമായ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍, മാക്ബുക്ക്, പണം ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ ഒന്നിന് വ്യാഴാഴ്ച വൈകിട്ട് 5.50നും രാത്രി 10.20നും ഇടയിലാണ് മോഷണം നടന്നത്. ഈ സമയം ഫാ. നിധീഷ് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ശുശ്രൂഷയിലായിരുന്നു. ഒരു പുരുഷനും സ്ത്രീയും സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് വിവരം.
രാത്രി തിരിച്ചെത്തിയപ്പോള്‍ വീട്ടിലെ ലൈറ്റുകള്‍ തെളിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അകത്തു പ്രവേശിച്ചപ്പോള്‍ പിന്‍വാതില്‍ തുറന്ന നിലയിലായിരുന്നു. അടുക്കളയില്‍ പരിചയമില്ലാത്ത ചില വസ്തുക്കളും ഒരു ലൈറ്ററും കണ്ടെത്തിയതോടെയാണ് മറ്റാരോ വീട്ടില്‍ കടന്നതായി സംശയമുണ്ടായത്.
മോഷ്ടാക്കള്‍ അപ്പോഴും വീടിനുള്ളിലുണ്ടാകുമോയെന്ന് ഭയപ്പെട്ടതായി ഫാ. നിധീഷ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഭയന്ന് ശരീരം വിറച്ചെന്നും ആരെങ്കിലും അകത്തുണ്ടോയെന്ന് വിളിച്ചുചോദിച്ചുകൊണ്ടാണ് മുറികള്‍ പരിശോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കിടപ്പുമുറിയിലെത്തിയപ്പോഴാണ് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സുഹൃത്തിനെ വിവരമറിയിക്കുകയും സുഹൃത്ത് പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു. പണവും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടതിനേക്കാള്‍ രണ്ട് പാസ്പോര്‍ട്ടുകള്‍ മോഷണം പോയതാണ് ഏറെ വിഷമിപ്പിക്കുന്നതെന്ന് വൈദികന്‍ പറഞ്ഞു. പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും പാസ്പോര്‍ട്ടുകള്‍ കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ തൊപ്പി റോഡില്‍നിന്ന് ലഭിച്ചു.
മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ ഏറെ സമയം ചെലവഴിച്ചതായാണ് സൂചന. അടുക്കളയില്‍ ചായയുണ്ടാക്കി കുടിക്കുകയും ബണ്‍സും ഒരു പാക്കറ്റ് ഓറിയോ ബിസ്‌കറ്റും കഴിക്കുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ പുറത്ത് കാവല്‍ നില്‍ക്കുന്നതും മറ്റൊരാള്‍ അകത്തുനിന്ന് സാധനങ്ങള്‍ കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതായാണ് വിവരം. നഷ്ടപ്പെട്ട മാക്ബുക്കിലെ ലൊക്കേഷന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായിരുന്നതിനാല്‍ അതിന്റെ സ്ഥാനം പരിശോധിക്കാനായി. ദേവാലയത്തിന് സമീപത്തെ പ്രദേശത്താണ് ഉപകരണമുള്ളതെന്നാണ് ലഭിച്ച സൂചന. താന്‍ വീട്ടിലുണ്ടാകില്ലെന്ന് അറിയാവുന്ന ആരെങ്കിലുമാകാം സംഭവത്തിന് പിന്നിലെന്ന് ഫാ. നിധീഷ് സംശയം പ്രകടിപ്പിച്ചു. വീടിന്റെ വശത്തെ വാതിലിലൂടെയാണ് രണ്ടുപേര്‍ അകത്തു കടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. അടുക്കളയില്‍നിന്ന് ലഭിച്ച ലൈറ്ററും മറ്റ് വസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു. വിരലടയാളങ്ങളും മറ്റ് ഫോറന്‍സിക് തെളിവുകളും ശേഖരിക്കുന്നതിനായി ഇവ പരിശോധിക്കും. പണവും ലാപ്ടോപ്പും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.