ലണ്ടന്‍: വയോജനങ്ങളുടെ സംരക്ഷണം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വമായി ചുരുക്കാതെ സാമൂഹിക പിന്തുണയും പ്രഫഷനല്‍ പരിചരണവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ച് ലോക വയോജന ദിനം. കേരളത്തില്‍ 'വൃദ്ധസദനം' എന്ന പേര് 'സ്‌നേഹാലയം' എന്നാക്കി മാറ്റുന്നതിനും വയോജനക്ഷേമത്തിനായി പ്രത്യേക വകുപ്പ് പ്രവര്‍ത്തനസജ്ജമാക്കുന്നതിനുമൊപ്പം പരിചരണത്തിന്റെ നിലവാരത്തിലും സമഗ്രമായ മാറ്റം അനിവാര്യമാണ്. വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന കേരളത്തിന് ബ്രിട്ടനിലെ വ്യക്തികേന്ദ്രിത പരിചരണരീതികളില്‍നിന്ന് സ്വീകരിക്കാവുന്ന പാഠങ്ങളേറെയുണ്ട്. വ്യക്തിയുടെ ആരോഗ്യനില, ആവശ്യങ്ങള്‍, ഇഷ്ടങ്ങള്‍, ജീവിതരീതി, സ്വാതന്ത്ര്യം എന്നിവ പരിഗണിച്ചാണ് അവിടെ പരിചരണപദ്ധതി തയാറാക്കുന്നത്. വീട്ടുപരിചരണം, താമസപരിചരണം, നഴ്‌സിങ് സേവനം, ഡിമെന്‍ഷ്യ പരിചരണം തുടങ്ങി ആവശ്യത്തിനനുസരിച്ചുള്ള വിവിധ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
ഇംഗ്ലണ്ടിലെ പരിചരണ സ്ഥാപനങ്ങളില്‍ വ്യക്തിയുടെ മാന്യത, സ്വകാര്യത, സുരക്ഷ, പോഷകാഹാരം തുടങ്ങിയവ ഉറപ്പാക്കുന്നതിന് പ്രാധാന്യമുണ്ട്. യോഗ്യതയും പരിശീലനവുമുള്ള ജീവനക്കാര്‍, ഗുണനിലവാര നിരീക്ഷണം, പരാതിപരിഹാര സംവിധാനം എന്നിവയും പരിചരണത്തിന്റെ ഭാഗമാണ്. വ്യക്തിയെയും ആവശ്യമായ സാഹചര്യങ്ങളില്‍ കുടുംബത്തെയും ഉള്‍പ്പെടുത്തി തയാറാക്കുന്ന പരിചരണപദ്ധതി കാലാനുസൃതമായി പുനഃപരിശോധിക്കുകയും ചെയ്യുന്നു. കേരളത്തില്‍ വയോജനക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വയോജനക്ഷേമ നിയമങ്ങള്‍, നയങ്ങള്‍, പദ്ധതികള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ ഏകോപനം പുതിയ വകുപ്പിന്റെ ചുമതലകളില്‍ ഉള്‍പ്പെടുന്നു. അടിസ്ഥാന വിവരശേഖരണം, 24 മണിക്കൂര്‍ സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്ലൈന്‍, സേവനങ്ങളുടെ ഡയറക്ടറി എന്നിവയും പ്രഖ്യാപിച്ച സംവിധാനങ്ങളാണ്.
'കേരള വികസന റിപ്പോര്‍ട്ട് 2026'ല്‍ പകല്‍പരിചരണ കേന്ദ്രങ്ങള്‍, വീട്ടുപരിചരണം, അടിയന്തര സഹായം, ഡിമെന്‍ഷ്യ പരിചരണം, മാനസിക-സാമൂഹിക പിന്തുണ തുടങ്ങിയ സേവനങ്ങളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്. നിലവിലുള്ള സായംപ്രഭ വീടുകള്‍, പകല്‍പരിചരണ കേന്ദ്രങ്ങള്‍, സാന്ത്വനപരിചരണ സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ തലങ്ങളിലുള്ള സേവനങ്ങളും ആവശ്യമാണ്. കെയര്‍ ഹോമുകളെ മക്കള്‍ ഉപേക്ഷിച്ചവരുടെ താമസസ്ഥലമായി മാത്രം കാണുന്ന പൊതുധാരണയും മാറണം. കുടുംബവും മക്കളുമുള്ളവര്‍ക്കും ചലനപരിമിതി, മറവിരോഗം, നിരന്തര ആരോഗ്യപരിചരണത്തിന്റെ ആവശ്യം തുടങ്ങിയ കാരണങ്ങളാല്‍ പ്രഫഷനല്‍ സഹായം വേണ്ടിവരാം. അതേസമയം വീട്ടില്‍ സുരക്ഷിതമായി തുടരാന്‍ കഴിയുന്നവര്‍ക്ക് വീട്ടുപരിചരണവും പകല്‍പരിചരണവും ലഭ്യമാക്കുന്നതും പ്രധാനമാണ്.
പരിചരണച്ചെലവ് വഹിക്കുന്നതില്‍ വ്യക്തമായ നയവും അനിവാര്യമാണ്. ഇംഗ്ലണ്ടില്‍ കെയര്‍ ഹോം ചെലവ് സര്‍ക്കാര്‍ പൂര്‍ണമായി വഹിക്കുന്ന പൊതുസംവിധാനമല്ല നിലവിലുള്ളത്. പരിചരണാവശ്യകതയും സാമ്പത്തിക ശേഷിയും വിലയിരുത്തിയാണ് സഹായം നിശ്ചയിക്കുന്നത്. 2026-27 വര്‍ഷത്തെ ഉയര്‍ന്ന മൂലധനപരിധി 23,250 പൗണ്ടും താഴ്ന്ന പരിധി 14,250 പൗണ്ടുമാണ്. ഇവ വാര്‍ഷിക വരുമാനപരിധികളല്ല. ഉയര്‍ന്ന പരിധിക്കുമുകളില്‍ മൂലധനമുള്ളവര്‍ സാധാരണയായി ചെലവ് സ്വയം വഹിക്കേണ്ടിവരും. മറ്റുള്ളവരുടെ കാര്യത്തില്‍ വരുമാനവും മൂലധനവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് വ്യക്തിഗത സംഭാവനയും സഹായവും തീരുമാനിക്കുന്നത്. നിശ്ചിത ആരോഗ്യപരിചരണ ആവശ്യങ്ങളും അര്‍ഹതയുമുള്ളവര്‍ക്ക് ദേശീയ ആരോഗ്യ സേവനമായ എന്‍എച്ച്എസിന്റെ പൂര്‍ണ സഹായമോ നഴ്‌സിങ് പരിചരണത്തിനുള്ള പ്രത്യേക സഹായമോ ലഭിക്കാം. കേരളത്തിലും സര്‍ക്കാര്‍ സഹായം, കുടുംബത്തിന്റെ ബാധ്യത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ സംരക്ഷണം എന്നിവയില്‍ വ്യക്തത ആവശ്യമാണ്.
വിദേശത്ത് കഴിയുന്ന മലയാളികള്‍ക്ക് നാട്ടിലെ മാതാപിതാക്കളുടെ സുരക്ഷയും ആരോഗ്യപരിചരണവും പ്രധാന ആശങ്കയാണ്. ആരോഗ്യനില, മരുന്നുകള്‍, ഭക്ഷണം, ശുചിത്വം, അടിയന്തര സഹായം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കുടുംബത്തിന് കൃത്യമായി ലഭിക്കുന്ന വിശ്വസനീയമായ സംവിധാനം ഈ ആശങ്ക കുറയ്ക്കും. പരിചരണത്തിലെ സുതാര്യതയും കുടുംബവുമായുള്ള സ്ഥിരമായ ആശയവിനിമയവും ഇതില്‍ നിര്‍ണായകമാണ്. വയോജന പരിചരണം കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാവുന്ന മേഖല കൂടിയാണ്. കെയര്‍ വര്‍ക്കര്‍മാര്‍, നഴ്‌സുമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പുനരധിവാസ വിദഗ്ധര്‍, മാനേജര്‍മാര്‍ തുടങ്ങിയവരുടെ സേവനം ഈ മേഖലയ്ക്ക് ആവശ്യമാണ്. ശാസ്ത്രീയ പരിശീലനം, ഡിമെന്‍ഷ്യ പരിചരണത്തിലുള്ള വൈദഗ്ധ്യം, അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, കൃത്യമായ മേല്‍നോട്ടം എന്നിവ ഉറപ്പാക്കിയാണ് തൊഴില്‍മേഖല വികസിപ്പിക്കേണ്ടത്. കെട്ടിടത്തിന്റെ വലുപ്പത്തിനും സൗകര്യങ്ങളുടെ ഭംഗിക്കും അപ്പുറം പരിചരണത്തിന്റെ ഗുണനിലവാരമാണ് ഒരു സ്ഥാപനത്തിന്റെ മികവ് നിര്‍ണയിക്കുന്നത്. സുരക്ഷയും മാന്യതയും വ്യക്തിസ്വാതന്ത്ര്യവും കുടുംബബന്ധവും ഉറപ്പാക്കുമ്പോഴാണ് 'സ്‌നേഹാലയം' എന്ന പേര് അര്‍ഥവത്താകുന്നത്. കേരളത്തിന്റെ കുടുംബ-സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി സര്‍ക്കാര്‍ പിന്തുണയും സാമൂഹിക ഉത്തരവാദിത്വവും പ്രഫഷനല്‍ പരിചരണവും ഒന്നിപ്പിക്കുന്ന സംവിധാനമാണ് വയോജനക്ഷേമത്തിന് കരുത്തേകേണ്ടത്.