ലണ്ടന്‍: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാന്‍ഡ്മാസ്റ്ററായി ഇന്ത്യന്‍ വംശജയായ ബ്രിട്ടിഷ് ചെസ് താരം ബോധന ശിവാനന്ദന്‍. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന 46-ാമത് ചെസ് ഒളിംപ്യാഡിലെ മികച്ച പ്രകടനത്തോടെയാണ് പതിനൊന്നുകാരി ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ബോര്‍ഡില്‍ 11 റൗണ്ടുകളിലും മത്സരിച്ച ബോധന എട്ട് പോയിന്റ് നേടി. വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിക്ക് ആവശ്യമായ 2300 റേറ്റിങ് നേരത്തേ മറികടന്നിരുന്ന താരം, ഒളിംപ്യാഡിലൂടെ മൂന്നാമത്തെയും അവസാനത്തെയും ഡബ്ല്യുജിഎം നോര്‍ം കൂടി സ്വന്തമാക്കി. വനിതകള്‍ക്കായി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ചെസ് പദവിയാണ് വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍. ലണ്ടനിലെ ഹാരോയില്‍ വളര്‍ന്ന ബോധനയുടെ മാതാപിതാക്കള്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശികളാണ്. പിതാവ് ശിവാനന്ദന്‍ വേലായുധവും കുടുംബവും 2007ലാണ് യുകെയിലേക്ക് കുടിയേറിയത്. എന്‍ജിനീയറിങ് ബിരുദധാരികളായ മാതാപിതാക്കള്‍ക്ക് ചെസില്‍ കാര്യമായ പരിചയമില്ലായിരുന്നെങ്കിലും മകളുടെ കഴിവ് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു.
കോവിഡ് ലോക്ഡൗണ്‍ കാലത്താണ് ബോധന ചെസ് പഠിച്ചുതുടങ്ങിയത്. സ്വയം പരിശീലനത്തിലൂടെ കളിയില്‍ മികവ് നേടിയ ബോധന 2021 ജൂലൈയില്‍ ഹാരോ ചെസ് ക്ലബ്ബില്‍ ആദ്യ ടൂര്‍ണമെന്റ് കളിച്ചു. ഒരു വര്‍ഷത്തിനുശേഷം ഏഴാം വയസ്സില്‍ യൂറോപ്യന്‍ സ്‌കൂള്‍സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് 24 മത്സരങ്ങളിലും വിജയിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും റെക്കോര്‍ഡുകള്‍ ബോധനയെ തേടിയെത്തി. 2023ല്‍ ക്രൊയേഷ്യയില്‍ നടന്ന യൂറോപ്യന്‍ റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ക്കെതിരെ തോല്‍വി ഒഴിവാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി. 2024ല്‍ ഒന്‍പതാം വയസ്സില്‍ ബുഡാപെസ്റ്റ് ചെസ് ഒളിംപ്യാഡില്‍ കളിച്ചതോടെ, ഏതെങ്കിലും കായിക ഇനത്തില്‍ ഇംഗ്ലണ്ടിനെ രാജ്യാന്തര തലത്തില്‍ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം പത്താം വയസ്സില്‍ ബ്രിട്ടിഷ് ചെസ് ചാംപ്യന്‍ഷിപ്പില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പീറ്റര്‍ വെല്‍സിനെ പരാജയപ്പെടുത്തിയതും ശ്രദ്ധേയമായി. ഇതോടെ ഗ്രാന്‍ഡ്മാസ്റ്ററെ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ബോധന മാറി.
ഈ വര്‍ഷം ജൂലൈയില്‍ ഫ്രാന്‍സിലെ ഡോള്‍ ഓപ്പണില്‍ ആദ്യ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ നോര്‍ം നേടി. അന്ന് 11 വയസ്സും നാല് മാസവുമായിരുന്നു പ്രായം. ഇതേ ടൂര്‍ണമെന്റില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ക്-ആന്‍ഡ്രിയ മൗറിസിയെ പരാജയപ്പെടുത്തി, 2600ലേറെ റേറ്റിങ്ങുള്ള താരത്തെ ക്ലാസിക്കല്‍ ചെസില്‍ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. സമര്‍ഖണ്ഡിലെ പ്രകടനത്തോടെ രണ്ടാമത്തെ ഐഎം നോര്‍മും ബോധനയ്ക്ക് ലഭിച്ചു. സാധാരണയായി മൂന്ന് നോര്‍മുകളും കുറഞ്ഞത് 2400 റേറ്റിങ്ങുമാണ് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്ക് ആവശ്യമായത്. വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ നേട്ടത്തിനു പിന്നാലെ ഈ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിലാണ് ബോധന. നേട്ടത്തില്‍ സന്തോഷമുണ്ടെങ്കിലും ഇനിയും മുന്നേറാനാണ് ആഗ്രഹമെന്ന് ബോധന ഫിഡെയോട് പ്രതികരിച്ചു. മുഴുവന്‍ സമയ സ്‌കൂള്‍ പഠനത്തിനൊപ്പം രാജ്യാന്തര മത്സരങ്ങളിലും സജീവമായ പതിനൊന്നുകാരിയുടെ അടുത്ത നേട്ടങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ചെസ് ലോകം.