ബാംഗോര്‍: നോര്‍ത്ത് വെയില്‍സിലെ ബാംഗോര്‍ തീരത്ത് കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം പെണ്‍കുഞ്ഞിന്റേതാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചു. മൃതദേഹം ഏതാനും ആഴ്ചകളോളം വെള്ളത്തില്‍ കിടന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനകള്‍ തുടരുകയാണ്. സെപ്റ്റംബര്‍ 27 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഗ്വിനെഡിലെ ബാംഗോറില്‍ സിലിവെന് റോഡിന് സമീപത്തെ തീരത്താണ് പൊതുജനങ്ങളില്‍ ഒരാള്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുഞ്ഞിന്റെ അമ്മയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അമ്മയുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് നോര്‍ത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. അവര്‍ ഭയമോ ആശങ്കയോ അനുഭവിക്കുന്നുണ്ടാകാമെന്നും ഭയപ്പെടാതെ പൊലീസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഗര്ഭിണിയായിരുന്നിരിക്കാമെന്ന് കരുതുന്ന സ്ത്രീയെക്കുറിച്ചോ പെരുമാറ്റത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സ്ത്രീയെക്കുറിച്ചോ വിവരമുള്ളവര്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ലഭിക്കുന്ന വിവരങ്ങള്‍ പരമാവധി രഹസ്യമായി കൈകാര്യം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞ് എവിടെനിന്നാണ് വെള്ളത്തില്‍ എത്തിയതെന്ന കാര്യത്തില്‍ അന്വേഷണസംഘം ഇതുവരെ നിഗമനത്തിലെത്തിയിട്ടില്ല. കടല്പ്രവാഹങ്ങളെക്കുറിച്ച് വിദഗ്ധരുടെ സഹായം തേടുന്നതിനൊപ്പം തീരപ്രദേശത്ത് വീടുതോറുമുള്ള അന്വേഷണവും തുടരുകയാണ്.
ബെറ്റ്സി കാഡ്വാലഡര്‍ യൂണിവേഴ്സിറ്റി ഹെല്‍ത്ത് ബോര്‍ഡും കുഞ്ഞിന്റെ അമ്മയോട് ബന്ധപ്പെടാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങള്‍ പൂര്‍ണമായി വ്യക്തമായിട്ടില്ലെന്നും അമ്മയെ കണ്ടെത്തി ആവശ്യമായ വൈദ്യസഹായവും പിന്തുണയും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ആരോഗ്യ അധികൃതര്‍ അറിയിച്ചു. 'ഓപ്പറേഷന് മെലെക്സ്' എന്ന പേരിലാണ് അന്വേഷണം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിവരമുള്ളവര്‍ നോര്‍ത്ത് വെയില്‍സ് പൊലീസിന്റെ 101 നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.