ലണ്ടന്‍: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇസ്രായേല്‍ സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ചും യുകെയിലെ ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക്ക് പോളാന്‍സ്‌കി. താന്‍ സയണിസ്റ്റ് വിരുദ്ധനാണെന്നും ഇസ്രായേല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ ജൂതവിരുദ്ധതയായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ എട്ടിന് ലണ്ടനില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദ വേദിയിലായിരുന്നു പ്രതികരണം. ഗസ്സയില്‍നിന്നുള്‍പ്പെടെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനും വംശഹത്യയ്ക്ക് ഇരയാക്കാനും സയണിസം ഉപയോഗിക്കുന്നുവെങ്കില്‍ അത് വംശീയതയാണെന്ന് പോളാന്‍സ്‌കി അഭിപ്രായപ്പെട്ടു. ഗസ്സയിലെ തുടര്‍ച്ചയായ ആക്രമണങ്ങളെയും ബിന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും വിമര്‍ശിക്കുന്നത് ജൂതവിരുദ്ധതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേല്‍ അനുകൂല സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'നിങ്ങള്‍ സയണിസ്റ്റാണോ' എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രായേല്‍ നടപടികള്‍ക്കെതിരായ വിമര്‍ശനങ്ങളെ ജൂതവിരുദ്ധതയായി ചിത്രീകരിക്കുന്ന പ്രവണത യുകെയിലെ ജൂതസമൂഹത്തിന്റെ സുരക്ഷയെപ്പോലും ബാധിക്കുമെന്ന് പോളാന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. ഫലസ്തീനികളെ പിന്തുണച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സദസ്സിലുണ്ടായിരുന്ന ഇസ്രായേല്‍ അനുകൂലികളില്‍നിന്ന് കൂക്കിവിളി ഉയര്‍ന്നു. പോളാന്‍സ്‌കിയുടെ പ്രസ്താവനകള്‍ ജൂതവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇതിന് മറുപടിയായി, ഇസ്രായേലില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് ജൂതന്മാരെ ഒന്നടങ്കം ഉത്തരവാദികളാക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ സര്‍ക്കാരിന്റെ നടപടികളെയും ജൂതസമൂഹത്തെയും കൂട്ടിക്കുഴയ്ക്കുന്നതാണ് അപകടകരമെന്നും കൂട്ടിച്ചേര്‍ത്തു. ജൂതവംശജനായ പോളാന്‍സ്‌കി നോര്‍ത്ത് മാഞ്ചസ്റ്ററിലാണ് ജനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സയണിസത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലണ്ടനിലെ രാഷ്ട്രീയ നേതാക്കള്‍ വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ റിച്ചാര്‍ഡ് ഓസ്ലി അഭിപ്രായപ്പെട്ടു. ഇതിനിടെയാണ് പോളാന്‍സ്‌കിയുടെ പ്രതികരണം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.