ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഇംഗ്ലണ്ടിലും വെയില്‍സിലും നടപ്പാക്കിയ നേരത്തേയുള്ള മോചന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏകദേശം 700 തടവുകാര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ മുതല്‍ 2027 ജൂണ്‍ വരെ പത്ത് ഘട്ടങ്ങളിലായി ആകെ 4,500ഓളം തടവുകാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജയിലുകള്‍ നിറഞ്ഞുകവിഞ്ഞതോടെ പുതുതായി തടവിലാക്കപ്പെടുന്നവര്ക്കു സ്ഥലമില്ലാത്ത സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ നടപടി. ആദ്യഘട്ടത്തില്‍ താരതമ്യേന കുറഞ്ഞ കാലയളവിലെ ശിക്ഷ അനുഭവിക്കുന്നവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ദൈര്‍ഘ്യമുള്ള ശിക്ഷ അനുഭവിക്കുന്ന യോഗ്യരായ തടവുകാരെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ മോചിപ്പിക്കും.
മോചിതരാകുന്നവര്‍ക്ക് ഇലക്ട്രോണിക് ടാഗിങ്, കര്‍ശനമായ മോചന വ്യവസ്ഥകള്‍, നിശ്ചിത പ്രദേശങ്ങളിലേക്കുള്ള പ്രവേശനവിലക്ക് തുടങ്ങിയ നിയന്ത്രണങ്ങള്‍ ബാധകമാകും. ചിലര്‍ക്ക് പബ്ബുകള്‍, ക്ലബ്ബുകള്‍, ഫുട്ബോള്‍ മത്സരങ്ങള്‍, പൊതുപരിപാടികള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാം. അതേസമയം, പദ്ധതിക്കെതിരെ ഇരകളുടെ സംഘടനകളും ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവരും ആശങ്ക പ്രകടിപ്പിച്ചു. ഗാര്‍ഹിക പീഡനം, നിയന്ത്രണാത്മക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരും മോചിതരാകുന്നവരില്‍ ഉള്‍പ്പെടുന്നതിനാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് വിമന്‍സ് എയ്ഡ് ആവശ്യപ്പെട്ടു.
ഇത്രയധികം പേരെ ഫലപ്രദമായി നിരീക്ഷിക്കാന്‍ പ്രൊബേഷന്‍ സര്‍വീസിന് ആവശ്യമായ ജീവനക്കാരും വിഭവങ്ങളും ഉണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇലക്ട്രോണിക് നിരീക്ഷണത്തിന്റെ കാര്യക്ഷമതയെക്കുറിച്ചും പ്രൊബേഷന്‍ സംവിധാനത്തിനുമേലുള്ള അധിക സമ്മര്‍ദത്തെക്കുറിച്ചും ജസ്റ്റിസ് കമ്മിറ്റി ആശങ്ക ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ജയിലുകളിലെ സ്ഥലപരിമിതി രൂക്ഷമായ സാഹചര്യത്തില്‍ പദ്ധതി അനിവാര്യമായിരുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മോചിതരാകുന്നവര്‍ക്ക് മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുജനങ്ങളുടെയും ഇരകളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ ഈ സംവിധാനങ്ങള്‍ എത്രത്തോളം ഫലപ്രദമാകുമെന്നതാണ് പദ്ധതി നടപ്പാകുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.