ലണ്ടന്‍: ബ്രിട്ടനില്‍ ഡീസലിന്റെ ശരാശരി വില ആദ്യമായി ലിറ്ററിന് രണ്ട് പൗണ്ട് പിന്നിട്ടു. പെട്രോള്‍ വിലയും ഉയര്‍ന്ന് ലിറ്ററിന് 174.71 പെന്‍സിലെത്തി. ആഗോള ഇന്ധനവിപണിയിലെ പ്രതിസന്ധിയും വിതരണത്തിലെ സമ്മര്‍ദവും രൂക്ഷമാകുന്നതിനിടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ജി-7 രാജ്യങ്ങള്‍ അടിയന്തര യോഗം ചേരുന്നു. വാഹനസേവന സംഘടനയായ ആര്‍എസി പുറത്തുവിട്ട കണക്കനുസരിച്ച് ഡീസലിന്റെ ശരാശരി വില ലിറ്ററിന് 200.01 പെന്‍സാണ്. ഇതോടെ 55 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് നിറയ്ക്കാന്‍ ഏകദേശം 110 പൗണ്ട് ചെലവാകും. ഇതേ അളവില്‍ പെട്രോള്‍ നിറയ്ക്കാന്‍ 96.09 പൗണ്ട് വേണം. ഫെബ്രുവരി 28ന് ഇറാന് സംഘര്‍ഷം ആരംഭിച്ച സമയത്തെ അപേക്ഷിച്ച് ഡീസലിന് ലിറ്ററിന് 57.6 പെന്‍സും പെട്രോളിന് 41.9 പെന്‍സുമാണ് വര്‍ധിച്ചത്. ഡീസല്‍ വിലയില്‍ 40.5 ശതമാനവും പെട്രോള്‍ വിലയില്‍ 31.5 ശതമാനവും വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ നേതൃത്വത്തില്‍ നടക്കുന്ന ജി-7 വിഡിയോ യോഗത്തില്‍ ക്രൂഡ് ഓയിലിന്റെയും ശുദ്ധീകരിച്ച ഇന്ധനങ്ങളുടെയും ലഭ്യത, കയറ്റുമതി നിയന്ത്രണങ്ങള്‍, അടിയന്തര ഇന്ധനശേഖരത്തിന്റെ വിനിയോഗം എന്നിവ ചര്‍ച്ചയാകും. പ്രധാനമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബ്രിട്ടനെ എഡ് മിലിബാന്‍ഡ് പ്രതിനിധീകരിക്കും. വിതരണ പ്രതിസന്ധി ലഘൂകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അധിക ഡീസല്‍ ശേഖരം വിപണിയിലെത്തിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സമാന ആവശ്യം ഉന്നയിച്ചു. അതേസമയം, സ്വന്തം രാജ്യത്തുനിന്നുള്ള ഡീസല്‍ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അമേരിക്ക പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആഗോള വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
ബ്രിട്ടനില്‍ നിലവില്‍ ഡീസല്‍ തീര്‍ന്നുപോകുന്ന സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന് വൈവിധ്യമാര്‍ന്നതും പ്രതിസന്ധികളെ നേരിടാന്‍ ശേഷിയുള്ളതുമായ ഇന്ധനവിതരണ ശൃംഖലയുണ്ടെന്നും അന്താരാഷ്ട്ര പങ്കാളികളുമായും ഇന്ധനമേഖലയുമായും നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഡീസല്‍ ആവശ്യത്തിന്റെ വലിയൊരു ഭാഗത്തിന് ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ ആഗോള വിതരണത്തിലെ തടസ്സങ്ങള്‍ രാജ്യത്തെ വിലയെ നേരിട്ട് ബാധിക്കുന്നുണ്ട്. ഇന്ധനവിലക്കയറ്റം ചരക്കുഗതാഗതം, കൃഷി, നിര്‍മാണം, ഡെലിവറി തുടങ്ങിയ മേഖലകളിലെ ചെലവും ഉയര്‍ത്തും. ഇതിന്റെ പ്രതിഫലനം സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിലുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. ആര്‍എസിയുടെ കണക്കനുസരിച്ച് ശരാശരി ഡീസല്‍ കാര്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഇന്ധനച്ചെലവ് മൈലിന് ഏകദേശം 20 പെന്‍സായി ഉയര്‍ന്നിട്ടുണ്ട്. വര്‍ഷം 10,000 മൈല്‍ സഞ്ചരിക്കുന്നവര്‍ക്ക് ഏകദേശം 2,020 പൗണ്ട് ഇന്ധനത്തിനായി ചെലവഴിക്കേണ്ടിവരും. അടിയന്തര ശേഖരം വിപണിയിലെത്തിക്കുന്നതിലും വിതരണ തടസ്സങ്ങള്‍ നീക്കുന്നതിലും ജി-7 യോഗം കൈക്കൊള്ളുന്ന തീരുമാനങ്ങളിലേക്കാണ് ശ്രദ്ധ നീളുന്നത്. അമേരിക്കയുടെ ഡീസല്‍ കയറ്റുമതി നയവും വരും ദിവസങ്ങളിലെ ആഗോള വിതരണസ്ഥിതിയും ഇന്ധനവിലയുടെ ഗതി നിര്‍ണയിക്കും.