Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 01st Oct 2026
 
 
UK Special
  Add your Comment comment
ജയിലിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാരെ വിട്ടയക്കുന്നു; താമസസൗകര്യവും നിരീക്ഷണവും വെല്ലുവിളി
reporter

ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ ആയിരക്കണക്കിന് തടവുകാരെ നേരത്തേ മോചിപ്പിക്കാനുള്ള നീക്കത്തിനിടെ, ഇവരുടെ താമസസൗകര്യവും നിരീക്ഷണവും സംബന്ധിച്ച് ആശങ്ക ഉയരുന്നു. മോചിതരാകുന്ന പലര്‍ക്കും താമസിക്കാന്‍ ഇടമില്ലാത്തതും പ്രൊബേഷന്‍ സംവിധാനത്തിലെ പ്രതിസന്ധിയുമാണ് പ്രധാന വെല്ലുവിളികള്‍. ഗാര്‍ഹിക പീഡനക്കേസുകളിലും അക്രമക്കേസുകളിലും ശിക്ഷിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഏകദേശം 2,000 പേരെയാണ് അടുത്ത ഒരു മാസത്തിനുള്ളില്‍ വിട്ടയക്കുന്നത്. തുടര്‍ന്നുള്ള ഒരു വര്‍ഷത്തിനിടെ ഘട്ടംഘട്ടമായി 3,000 പേരെക്കൂടി മോചിപ്പിക്കും.

ആദ്യം 6,000 തടവുകാരെ മോചിപ്പിക്കാനായിരുന്നു പദ്ധതി. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് എണ്ണം കുറച്ചത്. കുട്ടികളെ ദുരുപയോഗം ചെയ്തവര്‍, ഗ്രൂമിങ് സംഘങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും ലൈംഗികാതിക്രമക്കേസുകളിലും ശിക്ഷിക്കപ്പെട്ടവര്‍ എന്നിവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നരഹത്യക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കില്ല. 2019ല്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ആന്‍ഡ്രൂ ഹാര്‍പ്പറിന്റെ കൊലയാളികള്‍ക്കും നേരത്തെയുള്ള മോചനത്തിന് അര്‍ഹതയുണ്ടാകില്ല. മോചിതരാകുന്നവര്‍ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങുന്നതിനുമുമ്പ് അനുയോജ്യമായ താമസസൗകര്യം ഉറപ്പാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പല നഗരങ്ങളിലും മുന്‍ തടവുകാര്‍ക്കായുള്ള ഹോസ്റ്റലുകളില്‍ ഒഴിവില്ല. ഇതോടെ ചിലര്‍ക്ക് തെരുവില്‍ കഴിയേണ്ട സാഹചര്യമുണ്ടാകുമെന്ന് പ്രൊബേഷന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

താമസിക്കാന്‍ ഇടമില്ലാതെ പുറത്തിറങ്ങുന്നവര്‍ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തിരിയാനുള്ള സാധ്യതയുണ്ടെന്ന് സാമൂഹികനീതി സംഘടനയായ നാക്രോയുടെ മേധാവി എന്‍വര്‍ സോളമന്‍ മുന്നറിയിപ്പ് നല്‍കി. ജയിലുകള്‍, പ്രൊബേഷന്‍ വിഭാഗം, പ്രാദേശിക കൗണ്‍സിലുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രൊബേഷന്‍ ഉദ്യോഗസ്ഥരുടെ യൂണിയനായ നാപോയും താമസസൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഒക്ടോബര്‍ 13ന് രണ്ടാംഘട്ട മോചനം ആരംഭിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് യൂണിയന്റെ മുന്നറിയിപ്പ്. ജീവനക്കാരുടെ കുറവ്, അമിത ജോലിഭാരം, ഇലക്ട്രോണിക് നിരീക്ഷണ സംവിധാനത്തിലെ വീഴ്ചകള്‍ എന്നിവ പ്രൊബേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി നാപോ ദേശീയ അധ്യക്ഷന്‍ ബെന്‍ കോക്ക്ബേണ്‍ ആരോപിച്ചു. മോചിതരാകുന്നവരുടെ പുനരധിവാസവും ഫലപ്രദമായ നിരീക്ഷണവും ഉറപ്പാക്കണമെന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്.

 
Other News in this category

 
 




 
Close Window