ലണ്ടന്‍: ബക്കിങ്ങാം കൊട്ടാരത്തിന്റെ ഉദ്യാനത്തോടു ചേര്‍ന്ന മതിലിനരികില്‍ ചില റിക്ഷാ ഡ്രൈവര്‍മാര്‍ മൂത്രമൊഴിക്കുന്നതായി റിപ്പോര്‍ട്ട്. രാത്രിയില്‍ കൊട്ടാരത്തിനു സമീപം വാഹനങ്ങള്‍ നിര്‍ത്തിയിട്ട് അവയില്‍ത്തന്നെ ഉറങ്ങുന്നവരാണ് പരിസരം വൃത്തിഹീനമാക്കുന്നതെന്നാണ് ആരോപണം.
രാവിലെ ഇതുവഴി സഞ്ചരിക്കുന്നവര്‍ ഇത്തരം സംഭവങ്ങള്‍ പതിവായി കാണുന്നതായി പരാതിപ്പെടുന്നു. പ്രശ്‌നം തുടരുമ്പോഴും തടയാന്‍ നടപടിയുണ്ടാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ലാത്ത സ്ഥലത്താണ് റിക്ഷകള്‍ രാത്രിയില്‍ നിര്‍ത്തിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെഡികാബുകള്‍ എന്നറിയപ്പെടുന്ന റിക്ഷകള്‍ ലണ്ടനിലെ വിനോദസഞ്ചാര മേഖലകളിലെ പരിചിത കാഴ്ചയാണ്. എന്നാല്‍ ഇവയുടെ നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനവും ചില ഡ്രൈവര്‍മാര്‍ യാത്രക്കാരില്‍നിന്ന് അമിത നിരക്ക് ഈടാക്കുന്നതും പരാതികള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ബ്രിട്ടിഷ് രാജവാഴ്ചയുടെ പ്രധാന പ്രതീകവും ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രവുമായ ബക്കിങ്ങാം കൊട്ടാരത്തിനു സമീപത്തെ ശുചിത്വവും അനധികൃത പാര്‍ക്കിങ്ങുമാണ് പുതിയ പരാതികളിലൂടെ ചര്‍ച്ചയാകുന്നത്.