ലണ്ടന്‍: മിസ് സൗത്ത് ഇന്ത്യ യുകെ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി കോഴിക്കോട് സ്വദേശിനി വൈഷ്ണവി. ലണ്ടനിലെ ടവര്‍ ഹോട്ടലില്‍ നടന്ന ഫൈനലിലാണ് നേട്ടം. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറോളം അപേക്ഷകരില്‍നിന്ന് വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരാണ് ഫൈനലില്‍ മത്സരിച്ചത്. വോളിബോള്‍ താരമായിരുന്ന വൈഷ്ണവി സര്‍വകലാശാലാ, ദേശീയതല മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. വ്യോമസേനയില്‍ പ്രവേശിക്കാനുള്ള ശ്രമം വിജയിക്കാതിരുന്നതിനെത്തുടര്ന്നാണ് വിദേശപഠനം തിരഞ്ഞെടുത്തത്. ഫ്രാന്‍സില്‍ എംബിഎ പൂര്‍ത്തിയാക്കിയ ശേഷം 2025ല്‍ ഇന്റേണ്‍ഷിപ്പിനായി ലണ്ടനിലെത്തി.
സ്വന്തം ചെലവുകള്‍ കണ്ടെത്താന്‍ വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നതിനിടയിലും മോഡലിങ് രംഗത്ത് അവസരങ്ങള്‍ തേടി. സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തിയ അവസരങ്ങള്‍ ലണ്ടന്‍ ഫാഷന്‍ വീക്ക്, ആഫ്രിക്കന്‍ ഫാഷന്‍ വീക്ക് തുടങ്ങിയ വേദികളിലേക്കെത്തിച്ചു. പ്രഫഷനല്‍ പരിശീലനത്തെ ആശ്രയിക്കാതെ മുന്‍കാല സൗന്ദര്യമത്സരങ്ങളുടെ ചോദ്യോത്തരങ്ങള്‍ പഠിച്ചാണ് വൈഷ്ണവി തയ്യാറെടുത്തത്. ഫൈനലില്‍ വിമര്‍ശനങ്ങളെ എങ്ങനെ സമീപിക്കുമെന്ന ചോദ്യത്തിന്, വ്യക്തിപരമായി കാണാതെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാര്യങ്ങള്‍ സ്വീകരിക്കുമെന്ന നിലപാടാണ് അവതരിപ്പിച്ചത്. ഗാര്ഹികപീഡനത്തിനെതിരായ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട 'പ്രോജക്ട് പിങ്ക് പോട്ട്' സന്ദേശവും മത്സരത്തിന്റെ ഭാഗമായിരുന്നു. മോഡലിങ്ങിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്ന് വൈഷ്ണവി പറയുന്നു. യാത്രയിലുടനീളം അമ്മയുടെ പിന്തുണ കരുത്തായി. ഇന്ത്യയില്‍ തിരിച്ചെത്തി കൂടുതല്‍ പരിശീലനം നേടാനും 2028ലെ മിസ് യൂണിവേഴ്സ് മത്സരവേദിയിലെത്താനുള്ള ശ്രമങ്ങള്‍ തുടരാനുമാണ് വൈഷ്ണവിയുടെ ലക്ഷ്യം.