ലണ്ടന്‍: ബ്രിട്ടനില്‍ ഇറക്കുമതി ചെയ്യുന്ന പെട്രോളിനും ഡീസലിനും പുതിയ പരിസ്ഥിതി നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. നിര്‍ദേശം നടപ്പായാല്‍ വാഹന ഉടമകളുടെ ഇന്ധനച്ചെലവ് ഉയരുമെന്ന ആശങ്കയും ശക്തമാകുന്നു. ബ്രിട്ടനിലെ റിഫൈനറികള്‍ കാര്‍ബണ്‍ പുറന്തള്ളലുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങള്‍ക്ക് സമാന ബാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ആഭ്യന്തര ഉല്പാദകരും വിദേശ വിതരണക്കാരും തമ്മിലുള്ള ഈ വ്യത്യാസം പരിഹരിക്കാന്‍ 'കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്മെന്റ് മെക്കാനിസം' അഥവാ സിബിഎഎം മാതൃകയിലുള്ള നികുതി പരിഗണിക്കുന്നതായാണ് വിവരം.
എന്നാല്‍ ഇറക്കുമതിച്ചെലവ് വര്‍ധിച്ചാല്‍ അതിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറപ്പെടുമെന്ന ആശങ്കയുണ്ട്. പെട്രോള്‍, ഡീസല്‍ വില ഉയരുന്നത് ദൈനംദിന യാത്രയ്ക്കായി വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ ചെലവ് കൂട്ടിയേക്കും. നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. നിര്‍ദേശത്തിന്റെ അന്തിമരൂപവും നടപ്പാക്കുന്ന സമയവും ഇന്ധനവിലയില്‍ ഉണ്ടാകാവുന്ന സ്വാധീനവും പ്രഖ്യാപനത്തിനുശേഷമേ വ്യക്തമാകൂ.