കേംബ്രിഡ്ജ്: കേരളത്തിന്റെ സംസ്കാരവും പൈതൃകവും ബ്രിട്ടീഷ് സമൂഹത്തിന് പരിചയപ്പെടുത്താന്‍ കേംബ്രിഡ്ജില്‍ 'കേരള എക്സിബിഷന്' സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12 ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഗ്രാന്‍ഡ് ആര്‍ക്കേഡിലെ സെന്‍ട്രല്‍ ലൈബ്രറി ഹാളിലാണ് പരിപാടി. കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികവും കേംബ്രിഡ്ജിലെ മലയാളി കുടിയേറ്റത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവും പ്രമാണിച്ചാണ് പ്രദര്‍ശനം ഒരുക്കുന്നത്. സൗത്ത് കേംബ്രിഡ്ജ്ഷെയര്‍ ഡിസ്ട്രിക്ട് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ വിവിധ മലയാളി സംഘടനകള്‍ പരിപാടിക്കായി കൈകോര്‍ക്കുന്നു. ആയുര്‍വേദം, സുഗന്ധവ്യഞ്ജനങ്ങള്‍, കലയും സംസ്കാരവും, പൈതൃകം എന്നിവയാണ് പ്രദര്‍ശനത്തിന്റെ പ്രധാന വിഷയങ്ങള്‍. കേരളീയ വേഷവിധാനങ്ങള്‍, മാവേലി, തെയ്യം, മോഹിനിയാട്ടം എന്നിവയ്ക്കൊപ്പം കേരളചരിത്രത്തെക്കുറിച്ചുള്ള അവതരണങ്ങളും പ്രഭാഷണങ്ങളും വിവിധ സ്റ്റാളുകളും ഒരുക്കും. ഗ്രാന്‍ഡ് ആര്‍ക്കേഡിലും കേരളീയ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കും.
എന്‍എച്ച്എസ്, വിദ്യാഭ്യാസം, ശാസ്ത്രം, ബിസിനസ്, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ സജീവമായ മലയാളിസമൂഹത്തിന് സ്വന്തം സംസ്കാരം ബ്രിട്ടീഷ് അയല്‍ക്കാരുമായി പങ്കുവയ്ക്കാനുള്ള അവസരമാണിതെന്ന് ജിയോ സെബാസ്റ്റ്യന്‍ പറഞ്ഞു. കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്, കേംബ്രിഡ്ജ് മലയാളി അസോസിയേഷന്, കേംബ്രിഡ്ജ് ഹിന്ദു ഓര്ഗനൈസേഷന്, കൈരളി യുകെ, വിവിധ സഭാ കൂട്ടായ്മകള്‍, കലാസ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവ പ്രദര്‍ശനത്തില്‍ പങ്കാളികളാകും