ലണ്ടന്‍: പരീക്ഷകളിലും മൂല്യനിര്‍ണയത്തിനുള്ള അസൈന്‍മെന്റുകളിലും എഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് പരീക്ഷാ നിയന്ത്രണ സ്ഥാപനമായ ഓഫ്ക്വല്. ക്രമക്കേട് തെളിഞ്ഞാല്‍ ജിസിഎസ്ഇ, എ ലെവല്‍ ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അസൈന്‍മെന്റുകളിലും ദീര്‍ഘമായ ഉപന്യാസങ്ങളിലും എഐ ഉപയോഗിച്ച വിവരം മറച്ചുവയ്ക്കുന്നത് പരീക്ഷാ ക്രമക്കേടായി കണക്കാക്കുമെന്ന് ഓഫ്ക്വല് മേധാവി ഇയാന്‍ ബൗക്കം വ്യക്തമാക്കി. ഇത്തരം നടപടികള്‍ വിദ്യാര്‍ഥിയുടെ മുഴുവന്‍ യോഗ്യതയും നഷ്ടപ്പെടുന്നതിലേക്കു നയിച്ചേക്കാമെന്നും ഭാവിയെ ദീര്‍ഘകാലത്തേക്ക് ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അസൈന്മെന്റുകള് സമര്‍പ്പിക്കാനുള്ള സമയപരിധി അടുത്തുവരുന്നതിനിടെ എഐ ദുരുപയോഗത്തിനെതിരെ വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ ക്യാംപെയ്ന് ആരംഭിക്കാനാണ് ഓഫ്ക്വലിന്റെ നീക്കം. മൂല്യനിര്‍ണയത്തിനായി സമര്‍പ്പിക്കുന്ന പഠനപ്രവര്‍ത്തനങ്ങളില്‍ എഐ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് വെളിപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അടുത്ത വര്‍ഷത്തെ വേനല്‍ക്കാല പരീക്ഷകള്‍ക്ക് മുന്നോടിയായി ഇന്‍വിജിലേറ്റര്‍മാര്‍ക്കും പരീക്ഷാ മേല്‍നോട്ട ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും പരീക്ഷാ ബോര്‍ഡുകളോട് ആവശ്യപ്പെടുന്നുണ്ട്. എഐ സൗകര്യമുള്ള സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള ധരിക്കാവുന്ന ഉപകരണങ്ങള്‍ കോപ്പിയടിക്കായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.