ലണ്ടന്‍: ജനുവരി മുതല്‍ ബ്രിട്ടനിലെ കുടുംബങ്ങളുടെ ഗ്യാസ്, വൈദ്യുതി ചെലവുകള്‍ കുത്തനെ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. വാര്‍ഷിക ഊര്‍ജബില്ലില്‍ ഏകദേശം 443 പൗണ്ടിന്റെ വര്‍ധനയുണ്ടാകാമെന്നാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കോണ്‍വാള്‍ ഇന്‍സൈറ്റിന്റെ പ്രവചനം. നിലവിലെ നിരക്കിനെക്കാള്‍ ഏകദേശം 26 ശതമാനം ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിരക്കുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ് വിവരം. പ്രവചനം യാഥാര്‍ഥ്യമായാല്‍ ജീവിതച്ചെലവ് വര്‍ധന നേരിടുന്ന കുടുംബങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സമ്മര്‍ദമാകും. ബജറ്റില്‍ പ്രഖ്യാപിച്ച 100 പൗണ്ടിന്റെ സഹായം അര്‍ഹരായ ചില കുടുംബങ്ങള്‍ക്കു മാത്രമായിരിക്കും ലഭിക്കുക.
ഒക്ടോബറില്‍ വാര്‍ഷിക പണപ്പെരുപ്പം 3.6 ശതമാനത്തിലെത്തിയ സാഹചര്യത്തിലാണ് ഊര്‍ജവിലയിലെ വര്‍ധന സംബന്ധിച്ച ആശങ്കയും ശക്തമാകുന്നത്. ഇറാനുമായി ബന്ധപ്പെട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നത് ഊര്‍ജത്തിന്റെയും ഇന്ധനത്തിന്റെയും വില ഉയരാന്‍ കാരണമാകുന്നതായാണ് വിലയിരുത്തല്‍. ഈ മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തിയതും വായ്പയെടുത്തവരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. പണപ്പെരുപ്പ സമ്മര്‍ദം തുടര്‍ന്നാല്‍ വീണ്ടും പലിശവര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് ബാങ്ക് നല്‍കിയ സൂചന. ഇത് പുതിയ വായ്പകളുടെയും മോര്‍ട്ട്‌ഗേജ് പുതുക്കലിന്റെയും ചെലവിനെ ബാധിച്ചേക്കും. പണപ്പെരുപ്പം രണ്ടു ശതമാനത്തിലെത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. ഊര്‍ജവിലയിലെ തുടര്‍വര്‍ധന ഈ ലക്ഷ്യം കൈവരിക്കുന്നതിനും വെല്ലുവിളിയായേക്കും.