ലണ്ടന്‍/എസെക്‌സ്: കോവിഡ് കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ 'ബൗണ്‍സ് ബാക്ക്' വായ്പയുടെ തിരിച്ചടവ് ഒഴിവാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി എംപി ബയോ അലാബയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സൗത്ത്എന്‍ഡ് ഈസ്റ്റ് ആന്‍ഡ് റോച്ച്‌ഫോര്‍ഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അലാബയുടെ പാര്‍ലമെന്ററി വിപ്പും പിന്‍വലിച്ചിട്ടുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട് അലാബ തന്നെയാണ് വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ഇതിന് പിന്നാലെ ആഭ്യന്തര അന്വേഷണം ആരംഭിച്ചതാണെന്നും ലേബര്‍ പാര്‍ട്ടി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹം സ്വതന്ത്ര എംപിയായിട്ടായിരിക്കും പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുക. അതേസമയം, അന്വേഷണം ആരംഭിച്ചതുകൊണ്ട് മാത്രം അലാബ തെറ്റു ചെയ്തതായി കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
''പാര്‍ട്ടി ചട്ടങ്ങള്‍ അനുസരിച്ച് വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബയോ അലാബ എംപി തന്നെയാണ് ലേബര്‍ പാര്‍ട്ടിയെ സമീപിച്ചത്. എംപിമാരില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പെരുമാറ്റമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഇത് ഉറപ്പാക്കാന്‍ ശക്തമായ നടപടിക്രമങ്ങള്‍ നിലവിലുണ്ട്,'' ലേബര്‍ പാര്‍ട്ടി വക്താവ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് തുടക്കമിട്ടത്. അലാബ എടുത്ത രണ്ട് 'ബൗണ്‍സ് ബാക്ക്' വായ്പകളില്‍ ഒന്നിന്റെ തിരിച്ചടവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്റെ ഉടമസ്ഥതയിലുള്ള കമ്പനി അടച്ചുപൂട്ടാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ ബൗണ്‍സ് ബാക്ക് ലോണ്‍ പദ്ധതി നടപ്പാക്കിയത്. നികുതിപ്പണത്തില്‍ നിന്നുള്ള പദ്ധതിയിലൂടെ 2,000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭിച്ചിരുന്നു. താന്‍ രണ്ട് ബൗണ്‍സ് ബാക്ക് വായ്പകള്‍ എടുത്തിട്ടുണ്ടെന്ന് അലാബ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും വായ്പകള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണമായും തിരിച്ചടയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'അലാബ പ്രോപ്പര്‍ട്ടീസ്' എന്ന കമ്പനിയുടെ രജിസ്റ്റര്‍ ചെയ്ത സഹ ഉടമയാണ് ബയോ അലാബ. കമ്പനീസ് ഹൗസ് രേഖകള്‍ പ്രകാരം 2022 മാര്‍ച്ചില്‍ കമ്പനി അടച്ചുപൂട്ടുന്നതിനുള്ള നടപടി ആരംഭിച്ചിരുന്നെങ്കിലും വ്യക്തമാക്കാത്ത കാരണങ്ങളാല്‍ അത് തടയപ്പെട്ടു. തുടര്‍ന്ന് 2022 ഓഗസ്റ്റില്‍ വീണ്ടും കമ്പനി പിരിച്ചുവിടാനുള്ള ശ്രമം നടന്നെങ്കിലും അതും പൂര്‍ത്തിയായില്ല. ''മറ്റ് നിരവധി ബിസിനസുകാരെയും സംരംഭകരെയും പോലെ കോവിഡ് മഹാമാരിക്കാലത്ത് ലഭ്യമായ സാമ്പത്തിക സഹായം ഞാനും ഉപയോഗപ്പെടുത്തി. ചെറുകിട ബിസിനസ് ഉടമ എന്ന നിലയിലെ എന്റെ പശ്ചാത്തലത്തിലും രാഷ്ട്രീയത്തിലെത്തിയ ശേഷം ബിസിനസ് സമൂഹത്തെ പിന്തുണയ്ക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു,'' അലാബ പറഞ്ഞു. സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാന്‍ താന്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും മുഴുവന്‍ തുകയും തിരിച്ചടയ്ക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അന്വേഷണത്തിന് സ്വമേധയാ വിധേയനായതാണെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അലാബ കൂട്ടിച്ചേര്‍ത്തു.