Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6849 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 19th Aug 2026
 
 
UK Special
  Add your Comment comment
വീസ പോരാട്ടത്തില്‍ തുടങ്ങിയ പരിചയം പ്രണയമായി; പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂരില്‍ താലികെട്ട്
reporter

എഡിന്‍ബറോ/ഗുരുവായൂര്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി യുകെ പാര്‍ലമെന്റിലെത്തിയ മലയാളി നിധിന്‍ ചന്ദ്. അവിടെ പരിചയപ്പെട്ട സ്‌കോട്ടിഷ് രാഷ്ട്രീയക്കാരന്‍ മാര്‍ട്ടിന്‍ ഡേ പിന്നീട് ജീവിതപങ്കാളിയായി. പത്തുവര്‍ഷത്തോളം മനസ്സില്‍ സൂക്ഷിച്ച ഗുരുവായൂരില്‍ വിവാഹം എന്ന ആഗ്രഹവും ഒടുവില്‍ സഫലമായി. പിറവം പാമ്പാക്കുട സ്വദേശിനി നിധിന്‍ ചന്ദും നിലവിലെ സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗമായ മാര്‍ട്ടിന്‍ ഡേയും ഗുരുവായൂരില്‍ ഹിന്ദു ആചാരപ്രകാരം വിവാഹച്ചടങ്ങ് നടത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

വിദ്യാര്‍ഥികളുടെ പ്രശ്‌നവുമായി പാര്‍ലമെന്റിലേക്ക്

2008ല്‍ വിദ്യാര്‍ഥി വീസയിലാണ് നിധിന്‍ യുകെയിലെത്തിയത്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് പഠനത്തിന് ശേഷം ഐടി മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് പഠിച്ചു. തുടര്‍ന്ന് പിഎച്ച്ഡി പഠനം നടത്തുന്നതിനിടെയാണ് വിദേശ വിദ്യാര്‍ഥികളെ ബാധിക്കുന്ന തരത്തില്‍ യുകെയിലെ വീസ ചട്ടങ്ങളില്‍ മാറ്റമുണ്ടായത്. വീസ സംബന്ധമായ പ്രതിസന്ധി നേരിട്ട നിധിന്‍ സ്വന്തം പ്രശ്‌നത്തില്‍ മാത്രം ഒതുങ്ങാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അധികാരികളുടെ ശ്രദ്ധയിലെത്തിക്കാന്‍ രംഗത്തിറങ്ങി. പാര്‍ലമെന്ററി കമ്മിറ്റികള്‍ക്ക് മുന്നിലും വിഷയങ്ങള്‍ അവതരിപ്പിച്ചു. ഈ ഇടപെടലുകള്‍ക്കിടയിലാണ് അന്ന് യുകെ പാര്‍ലമെന്റ് അംഗമായിരുന്ന മാര്‍ട്ടിന്‍ ഡേയുമായി നിധിന്‍ പരിചയപ്പെടുന്നത്. മാര്‍ട്ടിന്‍ 2015 മുതല്‍ 2024 വരെ ലിന്‍ലിത്ഗോ ആന്‍ഡ് ഈസ്റ്റ് ഫാല്‍കിര്‍ക്ക് മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ യുകെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പാര്‍ലമെന്റിലെ പരിചയം പ്രണയത്തിലേക്ക്

ആദ്യഘട്ടത്തില്‍ ഇരുവരുടെയും ആശയവിനിമയം കൂടുതലും ഫോണിലൂടെയായിരുന്നു. 2016 ഫെബ്രുവരിയിലാണ് നേരില്‍ കണ്ടത്. അതേ വര്‍ഷം മേയില്‍ മാര്‍ട്ടിന്‍ നിധിനോട് വിവാഹാഭ്യര്‍ഥന നടത്തി. താന്‍ വിവാഹമോചിതയാണെന്നും 12 വയസ്സുള്ള മകന്റെ അമ്മയാണെന്നും നിധിന്‍ വ്യക്തമാക്കിയെങ്കിലും അത് മാര്‍ട്ടിന്റെ തീരുമാനത്തിന് തടസ്സമായില്ല. നിധിനെയും മകനെയും തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ അദ്ദേഹം തയ്യാറായി. പിന്നീട് മാര്‍ട്ടിന്‍ നിധിനെ മാതാപിതാക്കളായ മാര്‍ഗരറ്റ് ഡേയുടെയും റോണ്‍ ഡേയുടെയും അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവരും നിധിനെ സ്വീകരിച്ചു. നിധിന്റെ മകന്‍ വേദിക് ശങ്കറും പിന്നീട് യുകെയിലെത്തി. പഠനം പൂര്‍ത്തിയാക്കിയ വേദിക് ഇപ്പോള്‍ എഡിന്‍ബറോയില്‍ സീനിയര്‍ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നു.

പാമ്പാക്കുടയുടെ മകള്‍ 49 വയസ്സുകാരിയായ നിധിന്‍ പാമ്പാക്കുട സ്വദേശികളായ കെ.എന്‍. ചന്ദ്രന്റെയും രാജമ്മയുടെയും ഏക മകളാണ്. കെ.എന്‍. ചന്ദ്രന്‍ വെറ്ററിനറി ഫീല്‍ഡ് ഓഫിസറായി വിരമിച്ചയാളാണ്. രാജമ്മ പാമ്പാക്കുട ഗ്രാമപഞ്ചായത്ത് മുന്‍ അംഗമാണ്.

വിവാഹത്തിന് ഒരേയൊരു ആഗ്രഹം-ഗുരുവായൂര്‍

2016ല്‍ മാര്‍ട്ടിന്‍ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോള്‍ നിധിന്‍ മുന്നോട്ടുവച്ച പ്രധാന ആഗ്രഹം ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വിവാഹച്ചടങ്ങ് നടത്തണമെന്നതായിരുന്നു. എന്നാല്‍ യുകെയിലെ സ്ഥിരതാമസം, കുടുംബവീസ തുടങ്ങിയ നടപടികളും പിന്നീട് ഉണ്ടായ വിവിധ സാഹചര്യങ്ങളും കാരണം ആ ആഗ്രഹം നീണ്ടുപോയി. 2018, 2019, 2023 വര്‍ഷങ്ങളില്‍ മാര്‍ട്ടിന്‍ കേരളത്തിലെത്തിയിരുന്നെങ്കിലും പ്രളയം, കോവിഡ് മഹാമാരി, കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഗുരുവായൂരിലെ ചടങ്ങ് നടത്താന്‍ കഴിഞ്ഞില്ല. നാലാമത്തെ കേരള സന്ദര്‍ശനത്തിലാണ് ദീര്‍ഘകാലത്തെ ആഗ്രഹം സഫലമായത്.

ഒടുവില്‍ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ താലികെട്ട്

പത്തുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂരില്‍ ഇരുവരും പരമ്പരാഗത രീതിയില്‍ വിവാഹച്ചടങ്ങ് നടത്തി. തുടര്‍ന്ന് ക്ഷേത്രനഗരിയിലെ ഓഡിറ്റോറിയത്തില്‍ മറ്റ് ചടങ്ങുകള്‍ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് നിധിന്റെ ഏറെക്കാലമായുള്ള സ്വപ്നസാക്ഷാത്കാരമായി. ദമ്പതികള്‍ നേരത്തെ യുകെയില്‍ വിവാഹിതരായിരുന്നുവെന്നും ഗുരുവായൂരില്‍ ചടങ്ങ് നടത്തണമെന്ന നിധിന്റെ ദീര്‍ഘകാല ആഗ്രഹമാണ് ഇപ്പോള്‍ സഫലമായതെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഒന്‍പത് വര്‍ഷം യുകെ പാര്‍ലമെന്റില്‍; ഇപ്പോള്‍ സ്‌കോട്ടിഷ് എംഎസ്പി

55 വയസ്സുകാരനായ മാര്‍ട്ടിന്‍ ഡേ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (SNP) നേതാവാണ്. 2015 മുതല്‍ 2024 വരെ മൂന്ന് തവണയായി ഒന്‍പത് വര്‍ഷത്തോളം യുകെ ഹൗസ് ഓഫ് കോമണ്‍സില്‍ അംഗമായിരുന്നു. 2026 മേയ് ഏഴുമുതല്‍ ഫാല്‍കിര്‍ക്ക് ഈസ്റ്റ് ആന്‍ഡ് ലിന്‍ലിത്ഗോ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗമാണ്. ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റിലെ 'ക്രോസ് പാര്‍ട്ടി ഗ്രൂപ്പ് ഓണ്‍ ഇന്ത്യ'യുടെ കണ്‍വീനറുമാണ് മാര്‍ട്ടിന്‍ ഡേ. യുകെ പാര്‍ലമെന്റില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ ഒരു മലയാളിയുടെ പോരാട്ടത്തിനിടെ തുടങ്ങിയ പരിചയം പത്തുവര്‍ഷത്തെ ജീവിതയാത്രയ്ക്കുശേഷം ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഏറെ നാളായി കാത്തിരുന്ന വിവാഹച്ചടങ്ങിലെത്തിയിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window