Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8445 INR  1 EURO=109.878 INR
ukmalayalampathram.com
Fri 04th Sep 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ 'ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍' മൂന്നിരട്ടിയായി
reporter

ലണ്ടന്‍: അച്ചടക്ക നടപടിയുടെ ഭാഗമായി വിദ്യാര്‍ഥികളെ സാധാരണ ക്ലാസ് മുറികളില്‍ നിന്ന് മാറ്റി സ്‌കൂളിനുള്ളിലെ പ്രത്യേക മുറികളില്‍ ഇരുത്തുന്ന 'ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍' നടപടി ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചതായി പുതിയ കണക്കുകള്‍. 2022-23 അധ്യയന വര്‍ഷത്തില്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ അഞ്ച് ശതമാനം പേരെയാണ് കുറഞ്ഞത് ഒരിക്കല്‍ എങ്കിലും സാധാരണ ക്ലാസില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. 2025-26ല്‍ ഇത് 13 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടെ 160 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികളെയാണ് നടപടി കൂടുതലായി ബാധിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2025-26ല്‍ ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ 22 ശതമാനം പേരെ കുറഞ്ഞത് ഒരിക്കല്‍ എങ്കിലും ക്ലാസില്‍ നിന്ന് മാറ്റിനിര്‍ത്തി. 2022-23ല്‍ ഇത് എട്ട് ശതമാനം മാത്രമായിരുന്നു. ഇതോടെ വര്‍ധന 175 ശതമാനമായി.

അതേസമയം, സാമ്പത്തികമായി പിന്നാക്ക വിഭാഗത്തില്‍പ്പെടാത്ത വിദ്യാര്‍ഥികളില്‍ ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍ നേരിട്ടവരുടെ നിരക്ക് 10 ശതമാനമാണ്. പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളോ വൈകല്യങ്ങളോ ഉള്ള വിദ്യാര്‍ഥികളിലും നടപടി കൂടുതലായി ഉപയോഗിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ, പരിചരണ പദ്ധതി (Education, Health and Care Plan) ഉള്ള വിദ്യാര്‍ഥികളില്‍ 18 ശതമാനം പേരെയും 2025-26 അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് ഒരിക്കല്‍ എങ്കിലും ക്ലാസില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഓരോ സ്‌കൂളിലും വ്യത്യസ്ത രീതിയിലാണ് 'ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍' നടപ്പാക്കുന്നത്. ചില സ്‌കൂളുകളില്‍ ഇതിനായി പ്രത്യേക 'ഐസലേഷന്‍ റൂമുകള്‍' ഒരുക്കിയിട്ടുണ്ട്. അച്ചടക്കലംഘനം നടത്തിയ വിദ്യാര്‍ഥികളെ നിശ്ചിത സമയത്തേക്ക് സാധാരണ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് രീതി.

എന്നാല്‍ ഈ നടപടിക്കെതിരെ വിദ്യാഭ്യാസ മേഖലയിലെ ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കാനും സാധാരണ പഠനസമയം നഷ്ടപ്പെടാനും ഇടയാക്കുമെന്നാണ് വിമര്‍ശകരുടെ വാദം. അതേസമയം, വിദ്യാര്‍ഥികളുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിനും ക്ലാസ് മുറികളിലെ അച്ചടക്കം ഉറപ്പാക്കുന്നതിനും ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍ ഫലപ്രദമാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. ഇംഗ്ലണ്ടിലെ ഏകദേശം 13,000 സ്‌കൂളുകള്‍ ഉപയോഗിക്കുന്ന മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സംവിധാനമായ 'അര്‍ബര്‍' ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ തയ്യാറാക്കിയത്. പ്രൈമറി സ്‌കൂളുകളില്‍ ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍ താരതമ്യേന കുറവാണ്. ഒരു അധ്യയന വര്‍ഷത്തില്‍ ഒരു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികളെയാണ് ഇത്തരം നടപടിക്ക് വിധേയരാക്കുന്നത്. 2025-26ല്‍ 11 വയസ്സിന് താഴെയുള്ള ഏകദേശം 5,000 കുട്ടികളെ സാധാരണ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നാണ് കണക്ക്. എന്നാല്‍ ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ അര്‍ബറിന് ലഭ്യമല്ലാത്തതിനാല്‍ ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍ നേരിട്ട വിദ്യാര്‍ഥികളുടെ യഥാര്‍ഥ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window