ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലുകളിലെ രൂക്ഷമായ സ്ഥലപരിമിതി പരിഹരിക്കാന്‍ ആയിരക്കണക്കിന് തടവുകാരെ നേരത്തെ മോചിപ്പിക്കുന്ന പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ബ്രിട്ടീഷ് വനിതാ-സമത്വ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്പ്സണ്‍. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരെ പോലും പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ജയിലുകളുടെ ശേഷിക്കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മോചന പദ്ധതിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഗാര്‍ഹിക പീഡനത്തിനെതിരായ സംഘടനകള്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍, പ്രൊബേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പദ്ധതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വളരെ ബുദ്ധിമുട്ടേറിയതും അംഗീകരിക്കാന്‍ പ്രയാസമുള്ളതുമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുക്കേണ്ടിവരുന്നതെന്ന് ഫിലിപ്പ്സണ്‍ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ ഈ ആഴ്ച പുറത്തുവിടുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ നേരത്തെ മോചിപ്പിക്കില്ലെന്നും അവര്‍ ഉറപ്പുനല്‍കി. പദ്ധതി നടപ്പാക്കാതിരുന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ ഒരാളെ അറസ്റ്റ് ചെയ്ത ശേഷം, ജയിലില്‍ പാര്‍പ്പിക്കാന്‍ ഇടമില്ലാത്ത സാഹചര്യം ഉണ്ടാകുന്നത് നീതിന്യായ സംവിധാനത്തിന് വലിയ പ്രതിസന്ധിയാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, തടവുകാരുടെ ശിക്ഷ പൂര്‍ണമായും വെട്ടിക്കുറയ്ക്കുന്നതല്ല പുതിയ പദ്ധതിയുടെ ലക്ഷ്യമെന്നും ഫിലിപ്പ്സണ്‍ വ്യക്തമാക്കി. ജയിലില്‍ കഴിയേണ്ട കാലയളവ് കുറച്ച ശേഷം ശേഷിക്കുന്ന ശിക്ഷ സമൂഹത്തില്‍ കഴിയുന്നതിനിടെ പൂര്‍ത്തിയാക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നവരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ആവശ്യമായ ഇടം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.