Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2157 INR  1 EURO=110.5094 INR
ukmalayalampathram.com
Sun 30th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ കനത്ത മഴ; വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും മുന്നറിയിപ്പ്
reporter

ലണ്ടന്‍/സോമര്‍സറ്റ്: വേനല്‍ക്കാലത്തിന്റെ അവസാന ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച മഴ വെയില്‍സ്, മിഡ്ലന്‍ഡ്‌സ്, കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടെയുള്ള ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വെയില്‍സിന്റെ ചില ഭാഗങ്ങള്‍, മിഡ്ലന്‍ഡ്‌സ്, കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഒമ്പത് വരെ യെലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ 15 മുതല്‍ 25 മില്ലിമീറ്റര്‍ വരെയും രണ്ടുമുതല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 30 മില്ലിമീറ്റര്‍ വരെയും മഴ ലഭിക്കാനിടയുണ്ട്. ചിലയിടങ്ങളില്‍ ആലിപ്പഴവര്‍ഷത്തിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറാനും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. ഇതുമൂലം റോഡ് യാത്രകള്‍ വൈകുന്നതിനൊപ്പം ട്രെയിന്‍ സര്‍വീസുകളും തടസ്സപ്പെടാനിടയുണ്ട്. ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ പ്രാദേശിക വെള്ളപ്പൊക്ക സാധ്യതയും നിലനില്‍ക്കുകയാണ്. മഴയ്‌ക്കൊപ്പം തെക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. തീരപ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും കാറ്റിന്റെ ശക്തി കൂടുതലാണ്. പ്രതികൂല കാലാവസ്ഥ ക്യാംപിങ് ഉള്‍പ്പെടെയുള്ള ഔട്ട്ഡോര്‍ പരിപാടികളെയും ബാധിച്ചിട്ടുണ്ട്. റീഡിങ്, ലീഡ്‌സ്, ക്രീംഫീല്‍ഡ്‌സ് തുടങ്ങിയ പ്രധാന സംഗീതോത്സവങ്ങള്‍ നടക്കുന്ന വാരാന്ത്യമായതിനാല്‍ മഴയും കാറ്റും ഫെസ്റ്റിവല്‍ വേദികളിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. റീഡിങ് ഫെസ്റ്റിവലില്‍ വെള്ളിയാഴ്ച മുതല്‍ മഴയും ചെളിയും അനുഭവപ്പെട്ടിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചില ഔട്ട്ഡോര്‍ പരിപാടികള്‍ മാറ്റിവെക്കുന്നതായും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ചയും കാലാവസ്ഥ അസ്ഥിരമായി തുടരുമെന്നാണ് പ്രവചനം. ചില പ്രദേശങ്ങളില്‍ ഇടയ്ക്ക് തെളിഞ്ഞ കാലാവസ്ഥ ലഭിക്കുമെങ്കിലും പടിഞ്ഞാറുനിന്ന് വീണ്ടും ശക്തമായ മഴയും ഇടിമിന്നലോടെയുള്ള മഴയും എത്താനിടയുണ്ട്. ബാങ്ക് അവധിയായ തിങ്കളാഴ്ചയും വിവിധ പ്രദേശങ്ങളില്‍ ഇടവിട്ടുള്ള മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കടുത്ത ചൂടും വരള്‍ച്ചയും അനുഭവപ്പെട്ട വേനല്‍ക്കാലത്തിന് പിന്നാലെയാണ് ബ്രിട്ടനില്‍ കാലാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റമുണ്ടായിരിക്കുന്നത്. കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ യാത്ര ചെയ്യുന്നവരും ഔട്ട്ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നവരും ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

 
Other News in this category

 
 




 
Close Window