Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
Teens Corner
  Add your Comment comment
അഞ്ജനയേയും ആനിയേയും കൊലപ്പെടുത്തിയത് അനിലയോ? മലയാളി സമൂഹത്തിന് വിശ്വസിക്കാന്‍ കഴിയുന്നില്ല: കലിഫോര്‍ണിയയില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍
Text By: UK Malayalam Pathram
അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റാസില്‍ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് മലയാളി യുവതികളെ ദാരുണമായി കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും ഈരാറ്റുപേട്ട മൂന്നിലവ് തഴച്ചവയല്‍ പ്രദേശം ഇനിയും മുക്തമായിട്ടില്ല. തങ്ങളുടെ നാട്ടുകാരിയായ അനില രണ്ട് കൂട്ടുകാരികളുടെ ജീവനെടുത്തു എന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഇപ്പോഴും കഴിയുന്നില്ല. മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതിമാരുടെ മകള്‍ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി പള്ളത്തറ വീട്ടില്‍ ജേക്കബ്ബിന്റെ ഭാര്യയുമായ ആനി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മൂന്നിലവ് പഞ്ചായത്തിലെ തഴയ്ക്കവയല്‍ സ്വദേശി മാറാമറ്റം വീട്ടില്‍ അനിലയെ യു.എസ് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി കുറ്റം സമ്മതിച്ചതായാണ് പ്രാഥമിക വിവരങ്ങള്‍ ലഭിക്കുന്നത്. അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കടുത്ത വിഷാദമാണ് ഈ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് നിഗമനമെങ്കിലും യുവതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ.
വിലങ്ങന്നൂര്‍ സ്വദേശി വിജീഷ് ആണ് മരിച്ച അഞ്ജനയുടെ ഭര്‍ത്താവ്. ഏക മകള്‍ വാമിക. ഫ്ലാറ്റിന്റെ താഴേക്ക് അഞ്ജനയെ വിളിച്ചുവരുത്തിയ അനില കാറിടിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ ഭര്‍ത്താവ് വിജീഷ് തിരിച്ചറിഞ്ഞു. വിജീഷ് ഉടന്‍തന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ വിളിച്ച് വിവരം അറിയിച്ചു. ആനിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിയാതിരുന്ന ഭര്‍ത്താവ് ഫ്ലാറ്റില്‍ ചെന്നപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ ആനിനെ കണ്ടതെന്നാണ് ലഭിക്കുന്ന വിവരം.

മൂന്നുപേരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നെന്ന് അഞ്ജനയുടെ വീട്ടുകാര്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ എട്ടുവര്‍ഷമായി അഞ്ജനയും ഭര്‍ത്താവ് വിജീഷും കാലിഫോര്‍ണിയയില്‍ ജോലിചെയ്ത് വരികയാണ്.
 
Other News in this category

 
 




 
Close Window