ലണ്ടന്‍/ഡെര്‍ബി: സൈക്കിളില്‍ ലോകം ചുറ്റി പുതിയ റെക്കോര്‍ഡ് നേട്ടവുമായി ബ്രിട്ടിഷ് ദമ്പതികള്‍. ഡെര്‍ബിയിലെ മിക്കിള്‍ഓവറില്‍ നിന്നുള്ള ആമി ഹഡ്സണും ഭര്‍ത്താവ് കെയ്ല്‍ ഹഡ്സണുമാണ് 123 ദിവസംകൊണ്ട് 18,000 മൈലിലേറെ (ഏകദേശം 29,000 കിലോമീറ്റര്‍) സഞ്ചരിച്ച് ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഇരുവരും. 30 വയസ്സുള്ള ആമിയും കെയ്ലും മലേഷ്യ, ന്യൂസിലന്‍ഡ്, കാനഡ, യുഎസ്, സ്‌പെയിന്‍ എന്നിവ ഉള്‍പ്പെടെ 20 രാജ്യങ്ങളിലൂടെയാണ് സൈക്കിളില്‍ സഞ്ചരിച്ചത്. പ്രതിദിനം ശരാശരി 146 മൈല്‍ (234 കിലോമീറ്റര്‍) വീതം യാത്ര ചെയ്ത ദമ്പതികള്‍ 470,435 അടി (143,388 മീറ്റര്‍) ഉയരത്തിന് തുല്യമായ കയറ്റങ്ങളും യാത്രയ്ക്കിടെ പിന്നിട്ടു. മേയ് ഒന്നിന് ആരംഭിച്ച യാത്ര പൂര്‍ണമായും സ്വയംപര്യാപ്തമായ രീതിയിലായിരുന്നു. യാത്രയ്ക്കാവശ്യമായ ഉപകരണങ്ങളും മറ്റ് സാധനങ്ങളും സൈക്കിളില്‍ തന്നെ കരുതിയായിരുന്നു സഞ്ചാരം. എന്നാല്‍ യാത്ര പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ കാനഡയില്‍ കാറുമായി കൂട്ടിയിടിച്ച് കെയ്ലിന്റെ തോളിന് പരുക്കേറ്റു. കോളര്‍ബോണ്‍ പൊട്ടിയിട്ടുണ്ടാകാമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും യാത്ര അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
സെപ്റ്റംബര്‍ രണ്ടിന് ഡെര്‍ബിഷെയറിലെ സഡ്ബറി സ്റ്റേബിള്‍സില്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇവരുടെ വളര്‍ത്തുനായ ചെസ്റ്ററും ചേര്‍ന്ന് ദമ്പതികളെ സ്വീകരിച്ചു. ''ഇത് അത്ഭുതകരമായ അനുഭവമായിരുന്നു. ഇവിടെ വരെ എത്തുമെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. നിശ്ചയിച്ചതിലും മുന്നിലാണ് ഞങ്ങള്‍,'' ആമി പറഞ്ഞു. യാത്രയ്ക്കിടെ എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് എഴുന്നേറ്റ് സൈക്കിള്‍ യാത്ര ആരംഭിക്കേണ്ടി വന്നിരുന്നുവെന്നും ആ ദിനചര്യ അവസാനിച്ചതില്‍ ആശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2023ല്‍ ഡേവിഡ് ഫെര്‍ഗ്യൂസണും കരോളിന്‍ സൗബെയ്‌റൂക്‌സും 205 ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയ യാത്രയായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. ഹഡ്സണ്‍ ദമ്പതികളുടെ യാത്രയിലുടനീളം സഞ്ചാരം ജിപിഎസ് വഴി രേഖപ്പെടുത്തിയിരുന്നു. മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിനുമാണ് ദമ്പതികള്‍ ഈ സാഹസിക യാത്ര നടത്തിയത്. ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍ സമ്മാനിച്ച സൈക്ലിങ്ങിനോടുള്ള ആദരം കൂടിയായിരുന്നു യാത്ര.
ആമിക്ക് നേരത്തെ ഭക്ഷണ ക്രമക്കേടുകളും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിരുന്നു. കെയ്ല്‍ ബാല്യകാലത്ത് കടുത്ത ജീവിതസാഹചര്യങ്ങളിലൂടെയും ചില ഘട്ടങ്ങളില്‍ ഭവനരഹിതാവസ്ഥയിലൂടെയും കടന്നുപോയിരുന്നു. പിന്നീട് സൈക്ലിങ്ങിലൂടെയാണ് ജീവിതത്തില്‍ പുതിയ ദിശ കണ്ടെത്തിയതെന്ന് കെയ്ല്‍ പറയുന്നു. ആമിയുടെ തിരിച്ചുവരവിലും കെയ്ല്‍ വലിയ പിന്തുണ നല്‍കിയിരുന്നു. ന്യൂസിലന്‍ഡിലെ പ്രകൃതിദൃശ്യങ്ങളും അലാസ്‌കയിലെ ഗ്രിസ്ലി കരടികളെയും കണ്ടത് യാത്രയിലെ മറക്കാനാകാത്ത അനുഭവങ്ങളായിരുന്നെന്ന് ദമ്പതികള്‍ പറഞ്ഞു. മലേഷ്യയില്‍ 43 ഡിഗ്രി സെല്‍ഷ്യസ് ചൂടും 95 ശതമാനം ഈര്‍പ്പവും നേരിട്ടാണ് ഇവര്‍ സൈക്കിള്‍ ചവിട്ടിയത്. കാനഡയിലെ ലേക്ക് മണ്‍ചോയ്ക്ക് സമീപം സഞ്ചരിക്കുമ്പോള്‍ കാട്ടുപോത്തുകളുടെ കൂട്ടം പിന്തുടര്‍ന്നതും യാത്രയിലെ ഭീതിജനകമായ അനുഭവങ്ങളിലൊന്നായിരുന്നു.
യാത്രയിലൂടെ മാനസികാരോഗ്യ ചാരിറ്റി സംഘടനകളായ 'ഷൗട്ട്', 'ദ മിക്‌സ്' എന്നിവയ്ക്കായി 55,000 പൗണ്ടിലേറെ സമാഹരിക്കാനും ദമ്പതികള്‍ക്ക് കഴിഞ്ഞു. ''ഈ യാത്ര ജീവിതത്തെ കൂടുതല്‍ വിലമതിക്കാന്‍ എന്നെ പഠിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ കൂടുതല്‍ സന്തോഷവതിയാണ്,'' വീട്ടിലെത്തിയ ശേഷം ആമി പറഞ്ഞു. യാത്രയുടെ ശാരീരിക ക്ഷീണത്തില്‍ നിന്ന് മുക്തരാകാന്‍ സ്പാ സന്ദര്‍ശിക്കാനാണ് ഇരുവരുടെയും അടുത്ത പദ്ധതി. എന്നാല്‍ അതിന് മുമ്പ് കെയ്ലിന്റെ തോളിലെ പരുക്ക് പരിശോധിക്കാന്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെത്തുകയായിരുന്നു ആദ്യ ദൗത്യം. ''ശരീരം മുഴുവന്‍ വേദനിക്കുന്നുണ്ട്. കൈകള്‍ സാധാരണയേക്കാള്‍ വീര്‍ത്തിട്ടുണ്ട്. എങ്കിലും കോളര്‍ബോണ്‍ ഒഴികെ വലിയ പ്രശ്‌നങ്ങളില്ലാതെ യാത്ര പൂര്‍ത്തിയാക്കാനായി,'' കെയ്ല്‍ പറഞ്ഞു.