ലണ്ടന്‍/കൊല്ലം: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായ യുകെ മലയാളി സുനന്ദ മണിരാജനെക്കുറിച്ചുള്ള വിവരത്തിനായി ലണ്ടനിലും കൊല്ലത്തും കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്നു. കൊല്ലം പരവൂര്‍ കോങ്ങാല്‍ സ്വദേശിനിയായ സുനന്ദ മണിരാജന്‍ (63) കഴിഞ്ഞ നാല് പതിറ്റാണ്ടായി യുകെയിലാണ് താമസം. ലണ്ടന്‍ വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഓഫിസറായി ജോലി ചെയ്യുന്ന സുനന്ദ കൈലാസ യാത്രയ്ക്കായാണ് ലണ്ടനില്‍നിന്നുള്ള സംഘത്തോടൊപ്പം നേപ്പാളിലെത്തിയത്. ലണ്ടനില്‍നിന്ന് 17 പേരടങ്ങുന്ന സംഘമാണ് യാത്ര ആരംഭിച്ചത്. സംഘത്തിലുണ്ടായിരുന്ന ചിറയിന്‍കീഴ് സ്വദേശിനി ബീനയ്ക്ക് ഡല്‍ഹിയിലെത്തിയപ്പോള്‍ കാലില്‍ നീരുണ്ടായതിനെ തുടര്‍ന്ന് യാത്ര തുടരാനായില്ല. ചികിത്സ തേടിയ ശേഷം അവര്‍ യാത്ര ഉപേക്ഷിച്ച് യുകെയിലേക്ക് മടങ്ങി. ഇതോടെ നേപ്പാളിലേക്ക് യാത്ര തുടര്‍ന്ന സംഘത്തിലെ ഏക മലയാളിയായി സുനന്ദ. സുനന്ദ ഉള്‍പ്പെടെ 16 യാത്രക്കാരും നാല് ഗൈഡുകളുമാണ് പിന്നീട് നേപ്പാളിലേക്ക് പോയത്.
ഓഗസ്റ്റ് 22ന് ലണ്ടനില്‍നിന്ന് പുറപ്പെട്ട സംഘം ടിബറ്റ്‌നേപ്പാള്‍ അതിര്‍ത്തിക്ക് സമീപമുള്ള റാസുവഗാധിയിലെത്തി. ടിബറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സംഘം കാത്തുനില്‍ക്കുന്നതിനിടെയാണ് മേഖലയില്‍ മിന്നല്‍പ്രളയമുണ്ടായത്. ദുരന്തത്തിന് പിന്നാലെ സംഘത്തിലെ അംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സുനന്ദ അവസാനമായി കുടുംബവുമായി സംസാരിച്ചത്. അതിര്‍ത്തി കടക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് അന്ന് അവര്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍, വാട്‌സാപ് ബന്ധങ്ങള്‍ പൂര്‍ണമായും നിലച്ചു. പ്രദേശത്തെ നെറ്റ്വര്‍ക്ക് തകരാറായിരിക്കാമെന്നാണ് കുടുംബം ആദ്യം കരുതിയത്. പിന്നീട് മിന്നല്‍പ്രളയത്തിന്റെ വിവരം പുറത്തുവന്നതോടെയാണ് ആശങ്ക ശക്തമായത്. കൊല്ലം ഇരവിപുരത്തെ വീട്ടിലുള്ള ഭര്‍ത്താവ് കെ. മണിരാജന്‍ ഭാര്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. നാട്ടിലുള്ള സഹോദരി ഗിരിജാ ദേവിയുമായി സുനന്ദ ഓഗസ്റ്റ് 25ന് വിഡിയോ കോളിലും സംസാരിച്ചിരുന്നു. ലണ്ടനിലുള്ള മക്കളായ ഡോ. മീര മണിരാജന്‍, ഡോ. സുമി മണിരാജന്‍ എന്നിവരും അമ്മയെക്കുറിച്ചുള്ള വിവരത്തിനായി കാത്തിരിക്കുകയാണ്.
കാണാതായവരുടെ കുടുംബങ്ങളുമായി ബ്രിട്ടിഷ് അധികൃതര്‍ ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇന്ത്യന്‍, ബ്രിട്ടിഷ് അധികൃതരുമായി കുടുംബം നിരന്തരം ബന്ധപ്പെടുന്നുണ്ട്. നേപ്പാളില്‍നിന്നുള്ള പുതിയ വിവരങ്ങള്‍ക്കായി ബന്ധുക്കള്‍ കാത്തിരിക്കുകയാണ്. സുനന്ദ ഉള്‍പ്പെടെ കാണാതായ അഞ്ച് മലയാളികളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരില്‍ നാല് പേര്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരാണെന്നും ഒരാള്‍ യുഎസ് പൗരനായ കൃഷ്ണകുമാര്‍ രാഘവനാണെന്നും വിവരം. കൈലാസ യാത്ര സുനന്ദയുടെ ദീര്‍ഘകാല ആഗ്രഹമായിരുന്നു. മാസങ്ങളോളം തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷമാണ് അവര്‍ യാത്ര തിരിച്ചത്. വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്കുള്ള എട്ട് കിലോമീറ്റര്‍ ദൂരം കഴിഞ്ഞ ആറുമാസമായി നടന്നാണ് യാത്രയ്ക്കുള്ള ശാരീരിക പരിശീലനം നടത്തിയിരുന്നത്.
നേപ്പാളിലെത്തിയ ശേഷം ടിബറ്റിലേക്കുള്ള എമിഗ്രേഷന്‍ നടപടികള്‍ക്കായി കാഠ്മണ്ഡുവില്‍നിന്ന് ഹെലികോപ്റ്ററിലാണ് സുനന്ദ അതിര്‍ത്തി മേഖലയിലേക്ക് പുറപ്പെട്ടത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പാതിവഴിയില്‍ ഹെലികോപ്റ്റര്‍ യാത്ര അവസാനിപ്പിച്ച് ടാക്‌സിയില്‍ യാത്ര തുടരേണ്ടിവന്നു. എന്നിരുന്നാലും സംഘത്തിലെ മറ്റുള്ളവരേക്കാള്‍ നേരത്തെ സുനന്ദ അതിര്‍ത്തിയിലെത്തിയതായാണ് വിവരം. സംഘത്തിലെ മറ്റുള്ളവര്‍ എത്താന്‍ വൈകിയതിനാല്‍ ഓഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന കൈലാസ യാത്ര 26ലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. സുനന്ദ സുരക്ഷിതയായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ലണ്ടനിലെ മക്കളും കൊല്ലത്തെ ഭര്‍ത്താവും ബന്ധുക്കളും.