Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8445 INR  1 EURO=109.878 INR
ukmalayalampathram.com
Fri 04th Sep 2026
 
 
UK Special
  Add your Comment comment
സൗത്താംപ്ടണില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
reporter

സൗത്താംപ്ടണ്‍: യുകെയിലെ സൗത്താംപ്ടണിലെ പോര്‍ട്‌സ്വുഡില്‍ മലയാളി യുവാവിന് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ 36 വയസ്സുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികളെ ഹാംപ്ഷയര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പോര്‍ട്‌സ്വുഡിലെ ബ്രൂക്ക്വെയില്‍ റോഡിലെ ഒരു ഫ്‌ലാറ്റില്‍ ഒരാള്‍ക്ക് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം വയറിന് കുത്തേറ്റ നിലയില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പാരാമെഡിക്കുകള്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. യുവാവ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 38 വയസ്സുകാരനായ പുരുഷനെ കൊലപാതകശ്രമം നടത്തിയെന്ന സംശയത്തിലും 29 വയസ്സുകാരിയായ സ്ത്രീയെ കുറ്റകൃത്യത്തിന് സഹായം നല്‍കിയെന്ന സംശയത്തിലും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സൗത്താംപ്ടണില്‍ താമസിക്കുന്നവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന സൂചനകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. അറസ്റ്റിലായവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്തുനിന്ന് ഒരു കത്തി പൊലീസ് കണ്ടെടുത്തു. ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് ഫ്‌ലാറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു. കുത്തേറ്റ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ കൈവശമുള്ളവര്‍ പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും ഹാംപ്ഷയര്‍ പൊലീസ് അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window