ലണ്ടന്‍: 2028ലെ ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പോരാട്ടത്തിന് ചൂടേറുന്നു. കണ്‍സര്‍വേറ്റീവ് എംപി ജെയിംസ് ക്ലെവര്‍ലി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് തിരഞ്ഞെടുപ്പ് രംഗം സജീവമായത്. നിലവിലെ മേയര്‍ ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ വീണ്ടും മത്സരിക്കുമോ എന്നത് വ്യക്തമല്ലെങ്കിലും റിഫോം യുകെ ഇതിനകം ലൈല കന്നിങ്ഹാമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലണ്ടന്‍ മേയര്‍ സ്ഥാനാര്‍ഥിയാകാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ക്ലെവര്‍ലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഷാഡോ കാബിനറ്റിലെ ഹൗസിങ് സെക്രട്ടറി സ്ഥാനം അദ്ദേഹം രാജിവച്ചു. ലണ്ടന്റെ ഭാവിയെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനും നഗരത്തിന്റെ പ്രധാന പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും രാജി സഹായിക്കുമെന്ന് ക്ലെവര്‍ലി പറഞ്ഞു. ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും ബിസിനസ് വളര്‍ത്താനും ഏറ്റവും മികച്ച നഗരമായി ലണ്ടനെ വീണ്ടും മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍ നിവാസികള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ വീടുകള്‍ വാങ്ങാനും വാടകയ്ക്ക് എടുക്കാനും കഴിയണം. സംരംഭകര്‍ക്ക് ബിസിനസ് ആരംഭിക്കാനും വളര്‍ത്താനും കൂടുതല്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും ക്ലെവര്‍ലി അഭിപ്രായപ്പെട്ടു. അതേസമയം, 2028ലെ തിരഞ്ഞെടുപ്പിനായി റിഫോം യുകെ നേരത്തെ തന്നെ ലൈല കന്നിങ്ഹാമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ക്ലെവര്‍ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ റിഫോം യുകെ നേതാവ് നൈജല്‍ ഫറാജ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ലണ്ടനില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വിജയസാധ്യതയില്ലെന്നാണ് ഫറാജിന്റെ പ്രതികരണം. നിലവിലെ മേയര്‍ സാദിഖ് ഖാന്‍ 2028ല്‍ നാലാം തവണയും മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 2016 മുതല്‍ ലണ്ടന്‍ മേയറായ ഖാന്‍ 2024ലെ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി സൂസന്‍ ഹാളിനെ 2.75 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി മൂന്നാം തവണയും അധികാരത്തിലെത്തിയിരുന്നു. 2028 മേയിലാണ് അടുത്ത ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുക. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജെയിംസ് ക്ലെവര്‍ലിയെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനത്തോടെ പാര്‍ട്ടിക്കുള്ളിലെ സ്ഥാനാര്‍ഥി പോരാട്ടത്തിനും ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കും ഔദ്യോഗിക തുടക്കമായിരിക്കുകയാണ്.