വെസ്റ്റ് സസക്‌സ്: വെസ്റ്റ് സസക്‌സിലെ സ്റ്റെയ്‌നിങ്ങിന് സമീപം നടന്ന ബിഗ് ചര്‍ച്ച് ഫെസ്റ്റിവലിനിടെ സൈന്‍ബോര്‍ഡ് വീണ് പാസ്റ്റര്‍ മരിച്ചു. ഈസ്റ്റ്‌ബോണിലെ ജീസസ് ദ ലിവിങ് വാട്ടര്‍ ചര്‍ച്ചിലെ പാസ്റ്ററായ റോബര്‍ട്ട് ഗുവാങ്കോ (41) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ഫെസ്റ്റിവലുകളില്‍ ഒന്നായി സംഘാടകര്‍ വിശേഷിപ്പിക്കുന്ന ബിഗ് ചര്‍ച്ച് ഫെസ്റ്റിവല്‍ വെസ്റ്റ് സസക്‌സിലെ വിസ്റ്റണ്‍ പാര്‍ക്കിലാണ് സംഘടിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച ആരംഭിച്ച ഫെസ്റ്റിവല്‍ ഞായറാഴ്ച വരെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപകടത്തെ തുടര്‍ന്ന് ശേഷിക്കുന്ന എല്ലാ പരിപാടികളും സംഘാടകര്‍ റദ്ദാക്കി.
റോബര്‍ട്ട് ഗുവാങ്കോയുടെ മരണത്തില്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ഡെയിം സാറാ മുള്ളലി അനുശോചനം രേഖപ്പെടുത്തി. റോബര്‍ട്ടിന്റെ ജീവിതവും സേവനവും അനുസ്മരിക്കുന്നതിനായി ഞായറാഴ്ച ഈസ്റ്റ്‌ബോണിലെ സോവറിന്‍ ഹാര്‍ബര്‍ കമ്യൂണിറ്റി സെന്ററില്‍ പ്രത്യേക അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ എല്ലിയുടെ ജന്മദിനാചരണവും ഇതോടൊപ്പം നടത്തും. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി സസെക്‌സ് പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട ദൃക്‌സാക്ഷി വിവരങ്ങളോ മറ്റ് വിവരങ്ങളോ ഉള്ളവര്‍ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.