ലണ്ടന്‍: യുകെയില്‍ താപനില രേഖപ്പെടുത്തിത്തുടങ്ങിയ 1884ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായി 2026. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശരാശരി താപനില 16.5 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്ന് മെറ്റ് ഓഫിസിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2025ല്‍ രേഖപ്പെടുത്തിയ 16.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന വേനല്‍ക്കാല ശരാശരി. ഇതിനെക്കാള്‍ 0.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2026ലെ വേനല്‍ക്കാലത്ത് 40 ദിവസങ്ങളില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ എത്തി. 1995ല്‍ രേഖപ്പെടുത്തിയ 34 ദിവസമെന്ന മുന്‍ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. 35 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ താപനില 10 ദിവസങ്ങളിലും 37 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ മൂന്ന് ദിവസങ്ങളിലും രേഖപ്പെടുത്തി. ഓഗസ്റ്റ് 13ന് ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സില്‍ രേഖപ്പെടുത്തിയ 38.1 ഡിഗ്രി സെല്‍ഷ്യസാണ് ഈ വര്‍ഷം യുകെയില്‍ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില. അതേസമയം, യുകെയിലെ എക്കാലത്തെയും ഉയര്‍ന്ന താപനിലയായ 40.3 ഡിഗ്രി സെല്‍ഷ്യസ് 2022ല്‍ ലിങ്കണ്‍ഷയറിലെ കോണ്‍ിങ്‌സ്ബിയിലാണ് രേഖപ്പെടുത്തിയത്.
ജൂണ്‍ 26ന് നോര്‍ഫോക്കിലെ ലിംഗ്വുഡില്‍ 38 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തുടര്‍ച്ചയായി 35 ഡിഗ്രിക്ക് മുകളിലുള്ള താപനില രേഖപ്പെടുത്തിയതും ഇത്തവണത്തെ പ്രത്യേകതയായി. വേനല്‍ക്കാലത്തിന്റെ ഭൂരിഭാഗവും വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. അഞ്ച് വ്യാപകമായ ഉഷ്ണതരംഗങ്ങള്‍ക്കു പിന്നാലെ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെയില്‍സിലുടനീളവും വരള്‍ച്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റിന്റെ രണ്ടാം പകുതിയില്‍ മഴ ശക്തമായതോടെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും വേനല്‍ക്കാല ശരാശരി താപനില പുതിയ റെക്കോര്‍ഡിലെത്തി. സ്‌കോട്ട്‌ലന്‍ഡില്‍ രേഖപ്പെടുത്തിയതാകട്ടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ആറാമത്തെ വേനല്‍ക്കാലത്തിന് സമാനമായ താപനിലയാണ്. മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി 2026ലെ വേനല്‍ക്കാലത്ത് അനുഭവപ്പെട്ട തരത്തിലുള്ള ഉയര്‍ന്ന ശരാശരി താപനിലയ്ക്കുള്ള സാധ്യത ഏകദേശം 130 മടങ്ങ് വര്‍ധിച്ചതായും മെറ്റ് ഓഫിസിന്റെ പഠനം വ്യക്തമാക്കുന്നു. ഇതോടെ യുകെയുടെ കാലാവസ്ഥാ ചരിത്രത്തില്‍ 2026ലെ വേനല്‍ക്കാലം പുതിയ താപനില റെക്കോര്‍ഡായി മാറി.