ലണ്ടന്‍: ബ്രിട്ടനിലെ റീട്ടെയില്‍ കടകളിലെ വിലക്കയറ്റം ഓഗസ്റ്റില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഉയര്‍ന്ന ഊര്‍ജച്ചെലവും ഉല്‍പ്പാദന ചെലവും ഭക്ഷ്യവില വര്‍ധനയ്ക്ക് പ്രധാന കാരണങ്ങളായതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിനായി ഗവേഷണ സ്ഥാപനമായ എന്‍ഐക്യു നടത്തിയ പഠനമനുസരിച്ച്, ഓഗസ്റ്റിലെ ഇന്‍-സ്റ്റോര്‍ വിലക്കയറ്റം വാര്‍ഷികാടിസ്ഥാനത്തില്‍ 1.5 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 0.9 ശതമാനമായിരുന്നു. ടിന്നിലടച്ചതും പാക്ക് ചെയ്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ 1.1 ശതമാനമായിരുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം ഓഗസ്റ്റില്‍ 2.5 ശതമാനമായി ഉയര്‍ന്നു. ചൂടും വരള്‍ച്ചയും മൂലം കാര്‍ഷിക ഉല്‍പ്പാദനം ബാധിച്ചതും ഉയര്‍ന്ന ഇന്ധന, ഊര്‍ജച്ചെലവുകളും പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ഫ്രഷ് ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണമായി. ഫ്രഷ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഓഗസ്റ്റില്‍ 3 ശതമാനമായിരുന്നു. ജൂലൈയിലെ 3.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.
ഉയര്‍ന്ന ഊര്‍ജ, ഉല്‍പ്പാദന, ചരക്ക് ചെലവുകളുടെ പ്രതിഫലനം ഇപ്പോള്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വ്യക്തമായി പ്രകടമാകാന്‍ തുടങ്ങിയതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ചീഫ് എക്‌സിക്യൂട്ടീവ് ഹെലന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു. പ്രത്യേകിച്ച് ഇറക്കുമതി ചെയ്ത് സംസ്‌കരിക്കുന്ന ഭക്ഷ്യവസ്തുക്കളിലാണ് ഇതിന്റെ ആഘാതം കൂടുതലെന്നും അവര്‍ വ്യക്തമാക്കി. എഐ മേഖലയിലെ വന്‍ ആവശ്യകതയെ തുടര്‍ന്ന് മെമ്മറി ചിപ്പുകളുടെയും ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളുടെയും വില ഉയര്‍ന്നതോടെ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിച്ചു. അതേസമയം, പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി വസ്ത്രങ്ങളുടെ വില റീട്ടെയിലര്‍മാര്‍ താഴ്ന്ന നിലയില്‍ നിലനിര്‍ത്തിയതായും ഡിക്കിന്‍സണ്‍ പറഞ്ഞു.
വരാനിരിക്കുന്ന മാസങ്ങള്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കാനിടയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഊര്‍ജ ബില്ലുകള്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഉയരുന്നത് കുടുംബ ബജറ്റിനെ കൂടുതല്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഉയര്‍ന്ന ഊര്‍ജബില്ലുകള്‍ പ്രതീക്ഷിച്ച് ഉപഭോക്താക്കള്‍ ചെലവഴിക്കല്‍ നിയന്ത്രിക്കുന്നതിനാല്‍ ശരത്കാല മാസങ്ങളില്‍ റീട്ടെയിലര്‍മാര്‍ തമ്മിലുള്ള വിലമത്സരം കൂടുതല്‍ ശക്തമാകുമെന്ന് എന്‍ഐക്യു റീട്ടെയിലര്‍ ഇന്‍സൈറ്റ് വിഭാഗം മേധാവി മൈക്ക് വാട്കിന്‍സ് പറഞ്ഞു. ചൂടും വരള്‍ച്ചയും വിളവിനെ ബാധിച്ചതിനെ തുടര്‍ന്ന് ചില ഫ്രഷ് ഭക്ഷ്യവസ്തുക്കളുടെ വില വീണ്ടും ഉയരാന്‍ തുടങ്ങിയതായി അസ്ഡ മേധാവി അലന്‍ ലൈറ്റണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗോതമ്പ്, ബാര്‍ലി ഉള്‍പ്പെടെയുള്ള ധാന്യവിളകളെയാണ് പ്രതികൂല കാലാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ചത്. രാജ്യത്തെ മൊത്തത്തിലുള്ള ഉപഭോക്തൃ വിലക്കയറ്റവും ഉയര്‍ന്ന നിലയിലാണ്. ജൂണിലെ 2.6 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ ഇത് 2.9 ശതമാനമായി വര്‍ധിച്ചു. ഗ്യാസ്, വൈദ്യുതി നിരക്കുകളിലെ വര്‍ധനയാണ് ഇതിന് പ്രധാന കാരണമായത്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജവിലയിലുണ്ടായ വര്‍ധനയും പണപ്പെരുപ്പ സമ്മര്‍ദ്ദം ശക്തമാക്കിയതായി വിലയിരുത്തപ്പെടുന്നു.