ലണ്ടന്‍: ഉയര്‍ന്ന ശമ്പളം മാത്രമാണോ ഒരു മികച്ച ജീവിതത്തിന്റെ മാനദണ്ഡം? ഡല്‍ഹിയില്‍ 50 ലക്ഷം രൂപയും ലണ്ടനില്‍ 1.2 കോടി രൂപയും വാര്‍ഷിക ശമ്പളം വാഗ്ദാനം ലഭിച്ചപ്പോള്‍ ലണ്ടന്‍ തിരഞ്ഞെടുത്ത ജസ്ലീന്‍ കൗര്‍ എന്ന യുവതിയുടെ വിശദീകരണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കൂടുതല്‍ ശമ്പളം മാത്രമല്ല, ശുദ്ധവായു, സുരക്ഷിതത്വം, ആരോഗ്യം, ജോലി-ജീവിത സന്തുലിതാവസ്ഥ എന്നിവയും തന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് ജസ്ലീന്‍ പറയുന്നത്. ഇന്ത്യയില്‍ കുടുംബത്തിനൊപ്പമായിരുന്നു ജസ്ലീന്റെ താമസം. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ സ്വന്തമായി കാര്‍, വീട്ടുജോലിക്കാര്‍, ബ്ലിങ്കിറ്റ് പോലുള്ള ദ്രുത ഡെലിവറി സേവനങ്ങള്‍ തുടങ്ങി സൗകര്യങ്ങള്‍ ഏറെയുണ്ടായിരുന്നു. പൊതുഗതാഗതത്തെ ആശ്രയിക്കേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നില്ലെന്നും ആവശ്യമായ പല കാര്യങ്ങളും എളുപ്പത്തില്‍ ലഭ്യമായിരുന്നുവെന്നും അവര്‍ പറയുന്നു.
എന്നാല്‍ പണംകൊണ്ട് വാങ്ങാനാകാത്ത രണ്ട് കാര്യങ്ങള്‍ ലണ്ടനില്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നാണ് ജസ്ലീന്റെ അഭിപ്രായം. ശുദ്ധവായുവും കൂടുതല്‍ സുരക്ഷിതത്വബോധവുമാണ് അവ. ഇതിനൊപ്പം മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥയും ലണ്ടനിലെ ജീവിതത്തിന്റെ നേട്ടമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് സമയത്തും വലിയ ഭയമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നതിലൂടെ തന്റെ ആരോഗ്യവും മെച്ചപ്പെട്ടതായി ജസ്ലീന്‍ പറയുന്നു. ലണ്ടനിലെ ജീവിതച്ചെലവ് കൂടുതലാണെങ്കിലും സുരക്ഷ, ശുദ്ധവായു, ആരോഗ്യം, വ്യക്തിസ്വാതന്ത്ര്യം, ജോലി-ജീവിത സന്തുലിതാവസ്ഥ എന്നിവ വരുമാനത്തോളം തന്നെ പ്രധാനമാണെന്നാണ് അവരുടെ നിലപാട്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഡല്‍ഹിയിലും ലണ്ടനിലും ലഭിച്ച ജോലി വാഗ്ദാനങ്ങളെക്കുറിച്ചും ലണ്ടന്‍ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളെക്കുറിച്ചും ജസ്ലീന്‍ വിശദീകരിച്ചത്. വിഡിയോ പുറത്തുവന്നതോടെ മികച്ച ജീവിതത്തെ എങ്ങനെ വിലയിരുത്തണം എന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയും സജീവമായി. ശമ്പളം പ്രധാന ഘടകമാണെങ്കിലും അതുമാത്രമല്ല ജീവിതത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നതെന്നാണ് ജസ്ലീനെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം. ''ഡല്‍ഹി ആശ്വാസം നല്‍കുന്നു, ലണ്ടന്‍ സ്വാതന്ത്ര്യം നല്‍കുന്നു'' എന്നായിരുന്നു ഒരു സമൂഹമാധ്യമ ഉപയോക്താവിന്റെ പ്രതികരണം. ലണ്ടനില്‍ താന്‍ കെട്ടിപ്പടുത്ത പുതിയ ജീവിതം ഏറെ ഇഷ്ടപ്പെടുന്നുവെന്നും ജസ്ലീന്‍ പറയുന്നു. എവിടെ താമസിക്കണമെന്ന് തീരുമാനിക്കുമ്പോള്‍ ഏത് നഗരം കൂടുതല്‍ പണം നല്‍കുന്നു എന്നത് മാത്രമല്ല പരിഗണിക്കേണ്ടത്. ദൈനംദിന ജീവിതം എവിടെയാണ് കൂടുതല്‍ മെച്ചപ്പെട്ടതാകുന്നത് എന്നതും പ്രധാനമാണെന്നാണ് അവരുടെ അഭിപ്രായം.