ലണ്ടന്‍: യുകെയില്‍ പെട്രോള്‍ വില 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗസ്റ്റ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ രാജ്യത്തെ റോഡുകളില്‍ വന്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനിടെയാണ് ഇന്ധനവിലയിലും കുത്തനെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാജ്യത്തെ ശരാശരി പെട്രോള്‍ വില ലിറ്ററിന് 161.1 പെന്‍സായി ഉയര്‍ന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില ഉയരുന്നതാണ് യുകെയിലെ ഇന്ധനവില വര്‍ധനയ്ക്കും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡീസല്‍ വിലയും ഉയര്‍ന്നിട്ടുണ്ട്. ലിറ്ററിന് ശരാശരി 183.4 പെന്‍സാണ് നിലവിലെ നിരക്ക്. ജൂണിന് ശേഷം ആദ്യമായാണ് ഡീസല്‍ വില ഈ നിലവാരത്തിലെത്തുന്നത്. ബ്രിട്ടനിലെ റോഡുകളില്‍ വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ യാത്രാദിനങ്ങളിലൊന്നായ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിലാണ് ഇന്ധനവില കുതിച്ചുയര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ച വരെ രാജ്യത്താകെ ഏകദേശം 20 ദശലക്ഷം കാര്‍ യാത്രകള്‍ നടക്കുമെന്നാണ് കണക്കാക്കുന്നത്. ക്രിസ്മസിന് മുമ്പുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ അവധിവാരാന്ത്യം കൂടിയാണിത്.
2015ന് ശേഷമുള്ള ഏറ്റവും തിരക്കേറിയ ആഗസ്റ്റ് ബാങ്ക് ഹോളിഡേ വാരാന്ത്യമായി ഇത്തവണത്തേത് മാറുമെന്നാണ് റോഡ്സൈഡ് അസിസ്റ്റന്‍സ് സ്ഥാപനമായ ആര്‍എസിയുടെ വിലയിരുത്തല്‍. പ്രധാന റോഡുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാതകളിലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടാനാണ് സാധ്യത. ഇന്ധനവില വര്‍ധിച്ചതോടെ കുടുംബങ്ങളുടെ യാത്രാച്ചെലവും ഗണ്യമായി ഉയര്‍ന്നു. 55 ലിറ്റര്‍ ശേഷിയുള്ള ശരാശരി കുടുംബകാര്‍ പൂര്‍ണമായി പെട്രോള്‍ നിറയ്ക്കാന്‍ ഈ വാരാന്ത്യത്തില്‍ ഏകദേശം 89 പൗണ്ട് ചെലവാകും. കഴിഞ്ഞ വര്‍ഷത്തെ ആഗസ്റ്റ് ബാങ്ക് ഹോളിഡേ സമയത്ത് ഇതേ അളവില്‍ ഇന്ധനം നിറയ്ക്കാന്‍ ഏകദേശം 74 പൗണ്ട് മതിയായിരുന്നു. ഒരു വര്‍ഷത്തിനിടെ ഒരു ടാങ്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള ചെലവില്‍ ഏകദേശം 15 പൗണ്ടിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില കുതിച്ചുയര്‍ന്നതും റോഡുകളില്‍ റെക്കോര്‍ഡ് തിരക്ക് പ്രതീക്ഷിക്കുന്നതും ബാങ്ക് ഹോളിഡേ യാത്രയ്ക്ക് തയ്യാറെടുക്കുന്ന കുടുംബങ്ങള്‍ക്ക് ഇരട്ട തിരിച്ചടിയായിരിക്കുകയാണ്.