ലണ്ടന്‍: ഗുരുതര രോഗങ്ങളോ വൈകല്യങ്ങളോ ഉള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 12 ആഴ്ച ശമ്പളത്തോടെയുള്ള അവധി നിയമപരമായി ഉറപ്പാക്കണമെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മിഷണര്‍ ഡെയിം റേച്ചല്‍ ഡി സൂസ ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദവും വരുമാനനഷ്ടവും കുറയ്ക്കുകയാണ് നിര്‍ദേശത്തിന്റെ ലക്ഷ്യം. അവധിക്കാലത്ത് മാതാപിതാക്കള്‍ക്ക് സാധാരണ ശമ്പളത്തിന്റെ 90 ശതമാനം ലഭിക്കണമെന്നും കമ്മിഷണര്‍ ആവശ്യപ്പെട്ടു. ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ ആശുപത്രി കിടക്കയ്ക്കരികില്‍ നില്‍ക്കണോ അതോ ജോലി സംരക്ഷിക്കണോ എന്ന അസാധ്യമായ തിരഞ്ഞെടുപ്പിലേക്ക് മാതാപിതാക്കളെ തള്ളിവിടരുതെന്നും അവര്‍ വ്യക്തമാക്കി. ഗുരുതര രോഗമോ വൈകല്യമോ ഉള്ള കുട്ടികളെ പരിചരിക്കുന്നതിനൊപ്പം ജോലി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന നിരവധി മാതാപിതാക്കള്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്ന് റേച്ചല്‍ ഡി സൂസ പറഞ്ഞു. കുട്ടിയുടെ പരിചരണത്തിനും ജോലിക്കും ഇടയില്‍ സമയം കണ്ടെത്തേണ്ട സാഹചര്യം കുടുംബങ്ങളില്‍ കടുത്ത മാനസികവും സാമ്പത്തികവുമായ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ദീര്‍ഘകാല അവധിക്കുശേഷം മാതാപിതാക്കള്‍ക്ക് പഴയ ജോലിയിലേക്ക് തിരിച്ചെത്താനുള്ള അവകാശവും നിയമപരമായി ഉറപ്പാക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. കുട്ടിയുടെ ആരോഗ്യനിലയില്‍ ഇടയ്ക്കിടെ മാറ്റമുണ്ടാകുകയോ തുടര്‍ച്ചയായ പ്രത്യേക പരിചരണം ആവശ്യമായി വരികയോ ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ജോലി ഉപേക്ഷിക്കാതെ കുട്ടിയെ പരിചരിക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് കമ്മിഷണര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള ശമ്പളമില്ലാത്ത കെയറര്‍ അവധി വര്‍ഷത്തില്‍ അഞ്ച് ദിവസത്തില്‍നിന്ന് 10 ദിവസമായി ഉയര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഇതിനൊപ്പം മാതാപിതാക്കള്‍ക്കും മറ്റ് കെയര്‍മാര്‍ക്കും ഉപയോഗിക്കാവുന്ന ശമ്പളത്തോടെയുള്ള പ്രത്യേക കെയറര്‍ അവധിയും ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. 2021ല്‍ ആറാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച ഹ്യൂ മേനായി-ഡേവിസിന്റെ മാതാപിതാക്കളായ ഫ്രാന്‍സസും സെറി മേനായി-ഡേവിസും നടത്തിയ പ്രചാരണവും പുതിയ ആവശ്യങ്ങള്‍ക്ക് പിന്നിലുണ്ട്. ഗുരുതരമായ ശാരീരികമോ മാനസികമോ ആയ രോഗം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം ഉറപ്പാക്കുന്ന തരത്തില്‍ തൊഴില്‍നിയമത്തില്‍ മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യം.
കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ അവന്റെ കിടക്കയ്ക്കരികില്‍ തുടരാന്‍ മാതാപിതാക്കള്‍ക്ക് നിലവില്‍ പ്രത്യേക നിയമാവകാശമില്ലെന്ന് സെറി മേനായി-ഡേവിസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതര രോഗബാധിതനായ കുട്ടിയുടെ അരികില്‍ മാതാപിതാക്കള്‍ ഇല്ലെങ്കില്‍ മറ്റെവിടെയായിരിക്കുമെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തിയിരുന്നു. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ രോഗബാധിതരായ കുട്ടികളെ പരിചരിക്കുന്ന കുടുംബങ്ങള്‍ക്കും പ്രതിഫലമില്ലാതെ പരിചരണം നല്‍കുന്ന കെയര്‍മാര്‍ക്കും നല്‍കേണ്ട സാമ്പത്തിക പിന്തുണ സംബന്ധിച്ച് സര്‍ക്കാര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിവരികയാണ്. കണ്‍സള്‍ട്ടേഷന്‍ ഇന്ന് അവസാനിക്കും. ഗുരുതര ബാല്യകാല രോഗം കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ സാഹചര്യമാണെന്ന് ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക് മന്ത്രി കേറ്റ് ഡിയാര്‍ഡന്‍ പ്രതികരിച്ചു. മാതാപിതാക്കള്‍ പങ്കുവച്ച അനുഭവങ്ങള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നെന്നും ഗുരുതര രോഗമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ സാമ്പത്തിക പിന്തുണയും തൊഴില്‍ അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.