ലണ്ടന്‍: തലച്ചോറില്‍ മാരകമായ അര്‍ബുദമാണെന്നും മാസങ്ങള്‍ മാത്രമേ ആയുസ്സുണ്ടാകൂ എന്നും രോഗനിര്‍ണയം നടത്തിയതിനെ തുടര്‍ന്ന് 11 വര്‍ഷത്തോളം അനാവശ്യമായി കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയയായ ബ്രിട്ടിഷ് വനിത നിയമനടപടിയുമായി രംഗത്ത്. രണ്ടു കുട്ടികളുടെ അമ്മയായ ബെക്കി ജോണ്‍സാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കോവെന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ (UHCW) എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച 40-ല്‍ അധികം രോഗികളില്‍ ഒരാള്‍. 2012-ല്‍ 21 വയസുള്ളപ്പോഴാണ് ബെക്കിയുടെ ജീവിതം മാറ്റിമറിച്ച രോഗനിര്‍ണയം ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥയാകാനുള്ള സ്വപ്നവുമായി മുന്നോട്ടുപോകുന്നതിനിടെ കടുത്ത മൈഗ്രേന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ വൈദ്യസഹായം തേടിയത്. തുടര്‍ന്ന് ബ്രെയിന്‍ ബയോപ്‌സിക്ക് വിധേയയാക്കി. എന്നാല്‍ ബയോപ്‌സി പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പുതന്നെ തലച്ചോറിലെ അതീവ ഗുരുതരമായ അര്‍ബുദമായ ഗ്ലിയോബ്ലാസ്റ്റോമയാണെന്ന് കോവെന്‍ട്രിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പ്രഫസര്‍ ഇയാന്‍ ബ്രൗണ്‍ രോഗനിര്‍ണയം നടത്തിയെന്നാണ് ബെക്കിയുടെ നിയമസംഘത്തിന്റെ ആരോപണം.
മാസങ്ങള്‍ മാത്രമേ ജീവിക്കാനാകൂ എന്നറിയിച്ചതോടെ ബെക്കി മാനസികമായി തകര്‍ന്നു. അന്ന് തന്റെ പങ്കാളിയുമായുള്ള ബന്ധം ആരംഭിച്ചിട്ട് അധികനാളായിരുന്നില്ല. പിന്നാലെ കീമോതെറാപ്പി ചികിത്സ ആരംഭിച്ചു. ചികിത്സയുടെ പാര്‍ശ്വഫലങ്ങളെത്തുടര്‍ന്ന് കുടുംബപരിപാടികളില്‍ പോലും പങ്കെടുക്കാന്‍ കഴിയാതെ വന്നതായും കരിയര്‍ സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നതായും ബെക്കി പറയുന്നു. ജീവിതകാലം മുഴുവന്‍ ടെമോസോളോമൈഡ് എന്ന കീമോതെറാപ്പി മരുന്ന് കഴിക്കേണ്ടിവരുമെന്നാണ് ഇയാന്‍ ബ്രൗണ്‍ അറിയിച്ചതെന്നും ബെക്കി ആരോപിച്ചു. ഒന്നിലധികം സ്‌കാനുകളില്‍ മുഴ കണ്ടെത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് 'നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമല്ല' എന്ന മറുപടിയാണ് ലഭിച്ചതെന്നും അവര്‍ പറയുന്നു. ദീര്‍ഘകാലം കീമോതെറാപ്പി മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായ ഓക്കാനം, ഗുരുതരമായ ക്ഷീണം, ആരോഗ്യത്തെക്കുറിച്ചുള്ള സ്ഥിരമായ ആശങ്ക എന്നിവ നേരിട്ടതായും ബെക്കി വ്യക്തമാക്കി. തെറ്റായ രോഗനിര്‍ണയം തന്റെ ജീവിതത്തിലെ നിര്‍ണായകമായ വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്താന്‍ കാരണമായെന്നാണ് അവരുടെ ആരോപണം.
2024-ല്‍ ഇയാന്‍ ബ്രൗണ്‍ വിരമിച്ചതിനാല്‍ ചികിത്സ അവസാനിപ്പിക്കുകയാണെന്ന സന്ദേശം ലഭിച്ചതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. സന്ദേശത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബെക്കിയുടെ അഭിഭാഷകര്‍ സ്വതന്ത്ര വിദഗ്ധ പരിശോധനകള്‍ക്ക് ക്രമീകരണം ചെയ്തു. 2025 മേയില്‍ ലഭിച്ച പരിശോധനാഫലത്തില്‍ ബെക്കിക്ക് ഒരിക്കലും തലച്ചോറില്‍ അര്‍ബുദമോ മുഴയോ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതായി അഭിഭാഷകര്‍ പറയുന്നു. പകരം സ്റ്റിറോയിഡുകള്‍ ഉപയോഗിച്ച് ചികിത്സിക്കാവുന്ന തരത്തിലുള്ള മസ്തിഷ്‌ക വീക്കമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പുതിയ വിലയിരുത്തല്‍. ''എനിക്ക് ഒരിക്കലും തലച്ചോറില്‍ മുഴയുണ്ടായിരുന്നില്ല. തെറ്റായ രോഗനിര്‍ണയം കാരണം ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷങ്ങള്‍ ചികിത്സയില്‍ നഷ്ടപ്പെട്ടു. അത് എന്റെ ജീവിതത്തെ പൂര്‍ണമായും മാറ്റിമറിച്ചു,'' ബെക്കി ജോണ്‍സ് പറഞ്ഞു. ബ്രാബ്‌നേഴ്‌സ് നിയമ സ്ഥാപനത്തിലെ പങ്കാളിയായ ഫിയോണ ടിന്‍സ്ലിയുടെ നേതൃത്വത്തിലാണ് ബെക്കിയുടെ നിയമനടപടികള്‍. കേസുകളുമായി ബന്ധപ്പെട്ട് വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക അവലോകനത്തില്‍ ചില രോഗികള്‍ക്ക് ആവശ്യത്തിലധികം കാലം മരുന്നുകള്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ടെന്നും നിയമസംഘം വ്യക്തമാക്കുന്നു. ഇയാന്‍ ബ്രൗണിന്റെ ചികിത്സയുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തില്‍ UHCW എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച നിരവധി രോഗികളില്‍ ഒരാളാണ് ബെക്കി ജോണ്‍സ്.