Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
UK Special
  Add your Comment comment
അടിമകളുടെ ശരീരത്തില്‍ ബ്രിട്ടിഷ് കിരീടചിഹ്നം ചുട്ടുപതിപ്പിച്ചു; ഞെട്ടിക്കുന്ന രേഖകള്‍ പുറത്ത്
reporter

ലണ്ടന്‍: ബ്രിട്ടന്റെ അടിമവ്യാപാര ചരിത്രത്തിലെ ഞെട്ടിക്കുന്ന അധ്യായം വെളിച്ചത്തുകൊണ്ടുവന്ന് പുതിയ ഗവേഷണം. ആഫ്രിക്കയില്‍നിന്ന് അടിമകളാക്കി കടത്തിക്കൊണ്ടുപോയവരുടെ ശരീരത്തില്‍ തിരിച്ചറിയല്‍ അടയാളമായി ബ്രിട്ടിഷ് കിരീടത്തിന്റെ ചിഹ്നം ചുട്ടുപതിപ്പിച്ചിരുന്നതായി ചരിത്രരേഖകളില്‍നിന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. കിരീടചിഹ്നത്തിന് താഴെ ബ്രിട്ടിഷ് അടിമവ്യാപാരത്തില്‍ പ്രധാന പങ്കുവഹിച്ച സൗത്ത് സീ കമ്പനിയുടെ (South Sea Company) അടയാളവും പതിപ്പിച്ചിരുന്നതായാണ് കണ്ടെത്തല്‍. ബ്രിട്ടിഷ് അടിമവ്യാപാരത്തില്‍ പങ്കാളികളായ വ്യക്തികളെയും സ്ഥാപനങ്ങളെയും രേഖപ്പെടുത്തുന്ന 'റജിസ്റ്റര്‍ ഓഫ് ബ്രിട്ടിഷ് സ്ലേവ് ട്രേഡേഴ്‌സ്' ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. കിങ്‌സ് കോളജ് ലണ്ടനിലെ പ്രഫ. വില്യം പെറ്റിഗ്രൂ നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ 13,000-ത്തോളം വ്യക്തികളുടെയും നൂറുകണക്കിന് സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1563 മുതല്‍ ബ്രിട്ടന്‍ അടിമവ്യാപാരം നിരോധിച്ച 1807 വരെയുള്ള കാലഘട്ടമാണ് പ്രധാനമായും പഠനവിധേയമാക്കിയത്. ബ്രിട്ടിഷ് രാജവാഴ്ചയും അടിമത്തവും തമ്മിലുള്ള ചരിത്രബന്ധത്തിന്റെ 'വേദനാജനകമായ പ്രതീകമാണ്' മനുഷ്യശരീരത്തില്‍ കിരീടചിഹ്നം പതിപ്പിച്ചിരുന്നുവെന്ന കണ്ടെത്തലെന്ന് പ്രഫ. പെറ്റിഗ്രൂ അഭിപ്രായപ്പെട്ടു.

ബ്രിട്ടിഷ് ലൈബ്രറിയില്‍നിന്ന് നിര്‍ണായക രേഖ

ലാങ്കസ്റ്റര്‍ സര്‍വകലാശാലയിലെ ചരിത്രകാരനും ഗവേഷണ പദ്ധതിയുടെ സഹാന്വേഷകനുമായ ഡോ. നിക്കോളസ് റാഡ്‌ബേണ്‍ 2022ല്‍ ബ്രിട്ടിഷ് ലൈബ്രറിയിലെ സൗത്ത് സീ കമ്പനിയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് അടിമകളെ അടയാളപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ചിഹ്നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. 1711ല്‍ സ്ഥാപിതമായ സൗത്ത് സീ കമ്പനി ബ്രിട്ടനിലെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള വ്യാപാര സ്ഥാപനമായിരുന്നു. ആയിരക്കണക്കിന് ആഫ്രിക്കക്കാരെ അറ്റ്‌ലാന്റിക്കിന് കുറുകെ അടിമകളാക്കി കടത്തുന്നതില്‍ കമ്പനി പങ്കെടുത്തിരുന്നു. 'ദി രജിസ്റ്റര്‍ ഓഫ് ഇന്‍സ്ട്രുമെന്റ്‌സ്' എന്ന പേരിലുള്ള സാധാരണ ഔദ്യോഗിക വാല്യത്തിനുള്ളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയതെന്ന് റാഡ്‌ബേണ്‍ പറഞ്ഞു. തുടര്‍ന്ന് 2024ല്‍ നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍, സ്പാനിഷ് അമേരിക്കയിലെ കമ്പനിയുടെ വ്യാപാര പ്രതിനിധികള്‍ക്ക് ലണ്ടനിലെ ഡയറക്ടര്‍മാര്‍ അയച്ച കത്തുകളും കണ്ടെത്തി. അടിമവ്യാപാരം നടത്തേണ്ട രീതികളെക്കുറിച്ചുള്ള വിശദമായ നിര്‍ദേശങ്ങളാണ് കത്തുകളില്‍ ഉണ്ടായിരുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഇടത് തോളില്‍ കിരീടചിഹ്നം

1714 ഫെബ്രുവരിയില്‍ എഴുതിയ ഒരു കത്താണ് ഗവേഷണത്തിലെ പ്രധാന തെളിവുകളിലൊന്ന്. അടിമകളാക്കിയ ആഫ്രിക്കക്കാരുടെ ഇടത് തോളില്‍ ചൂടാക്കിയ ഇരുമ്പുപകരണം ഉപയോഗിച്ച് അടയാളം പതിപ്പിക്കാന്‍ സൗത്ത് സീ കമ്പനിയുടെ ലണ്ടന്‍ ഡയറക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നതായി കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇംഗ്ലണ്ടില്‍ നിര്‍മിച്ച പ്രത്യേക ഇരുമ്പുപകരണങ്ങളാണ് ഇതിനായി വ്യാപാരകേന്ദ്രങ്ങളിലേക്ക് അയച്ചിരുന്നത്. ബ്രിട്ടിഷ് കിരീടത്തിന്റെ ചിഹ്നവും അതിന് താഴെ സൗത്ത് സീ കമ്പനിയുടെ അടയാളവും ചേര്‍ന്ന മുദ്രയാണ് മനുഷ്യരുടെ ശരീരത്തില്‍ ചുട്ടുപതിപ്പിച്ചിരുന്നത്. കമ്പനിയുടെ നിയന്ത്രണത്തിലുള്ള അടിമകളെ മറ്റുള്ളവരില്‍നിന്ന് തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ അടിമകളാക്കിയ മനുഷ്യര്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ ലണ്ടനിലെ കമ്പനി ഡയറക്ടര്‍മാര്‍ നേരിട്ടുതന്നെ ഇടപെട്ടിരുന്നതിന്റെ ശക്തമായ ചരിത്രതെളിവാണ് ഈ രേഖകളെന്ന് റാഡ്‌ബേണ്‍ വിലയിരുത്തി.

രാജവാഴ്ചയും അടിമവ്യാപാരവും തമ്മിലുള്ള ബന്ധം

ശരീരത്തില്‍ കിരീടചിഹ്നം പതിപ്പിച്ച സംഭവത്തിനപ്പുറവും ബ്രിട്ടിഷ് രാജവാഴ്ചയ്ക്കും അറ്റ്‌ലാന്റിക് അടിമവ്യാപാരത്തിനും ഇടയില്‍ വിവിധ സാമ്പത്തിക ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രഫ. പെറ്റിഗ്രൂ പറയുന്നു. ചാള്‍സ് ഒന്നാമന്റെ വധത്തിന് പിന്നാലെ രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ട കാലഘട്ടത്തില്‍ രാജകുടുംബാംഗങ്ങള്‍ അറ്റ്‌ലാന്റിക് അടിമവ്യാപാരവുമായി ബന്ധപ്പെട്ട സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരം സാമ്പത്തിക ഇടപാടുകള്‍ രാജവാഴ്ചയുടെ സാമ്പത്തിക നില ശക്തിപ്പെടുത്തിയതായും അവര്‍ വിലയിരുത്തുന്നു. അതേസമയം, രാജവാഴ്ച എന്ന സ്ഥാപനത്തെയും വിവിധ കാലഘട്ടങ്ങളില്‍ അതിനെ നയിച്ച വ്യക്തികളെയും വേര്‍തിരിച്ചുകാണണമെന്നും പെറ്റിഗ്രൂ ചൂണ്ടിക്കാട്ടി. നിയമപരവും സ്ഥാപനപരവുമായി ഇന്നത്തെ ബ്രിട്ടിഷ് രാജവാഴ്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതേ സംവിധാനത്തിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതികരണവുമായി ബക്കിങ്ഹാം പാലസ്

ചരിത്രപരമായ അടിമത്തവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനുള്ള ശ്രമങ്ങളോട് കിങ് ചാള്‍സ് വ്യക്തിപരമായ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബക്കിങ്ഹാം പാലസ് അറിയിച്ചു. അടിമത്തത്തിന്റെ ചരിത്രവും അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളും മനസ്സിലാക്കുന്നതിനായി നടക്കുന്ന ഗവേഷണങ്ങളെ രാജാവ് പിന്തുണയ്ക്കുന്നുവെന്നും പാലസ് വ്യക്തമാക്കി.ചരിത്രപരമായ വിഷയങ്ങളില്‍ അക്കാദമിക് ഗവേഷണം നടത്തുന്നവരോട് രാജാവ് നന്ദിയുള്ളവനാണെന്നും ഇത്തരം പഠനങ്ങള്‍ ചരിത്രത്തെക്കുറിച്ചുള്ള പൊതുചര്‍ച്ചകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുമെന്നും കൊട്ടാരം അറിയിച്ചു.

അടിമവ്യാപാരത്തില്‍ നിക്ഷേപിച്ചത് സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍

ബ്രിട്ടിഷ് അടിമവ്യാപാരത്തിന്റെ സാമ്പത്തിക ശൃംഖല രാജാക്കന്മാരിലും രാഷ്ട്രീയക്കാരിലും മാത്രം ഒതുങ്ങിയിരുന്നില്ലെന്നാണ് പുതിയ റജിസ്റ്ററിന്റെ കണ്ടെത്തല്‍. പുരോഹിതര്‍, വ്യാപാരികള്‍, കരകൗശല തൊഴിലാളികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അടിമവ്യാപാര കമ്പനികളില്‍ പണം നിക്ഷേപിച്ചിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. അടിമവ്യാപാരത്തിലൂടെ രൂപപ്പെട്ട സാമ്പത്തിക സംവിധാനങ്ങള്‍ യുദ്ധങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനും വ്യവസായ വളര്‍ച്ചയ്ക്കും തുറമുഖങ്ങള്‍, കനാലുകള്‍, നഗരങ്ങള്‍ എന്നിവയുടെ വികസനത്തിനും പരോക്ഷമായും നേരിട്ടും സംഭാവന ചെയ്തിട്ടുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. അടിമവ്യാപാരത്തിലോ അതുമായി ബന്ധപ്പെട്ട കമ്പനികളിലോ സാമ്പത്തികമായി പങ്കാളികളായ പരമാവധി ആളുകളെയും സ്ഥാപനങ്ങളെയും കണ്ടെത്തി രേഖപ്പെടുത്തുകയാണ് റജിസ്റ്ററിന്റെ ലക്ഷ്യം.

അടിമകളാക്കപ്പെട്ടത് ഏകദേശം 30 ലക്ഷം പേര്‍

അഞ്ചുവര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് റജിസ്റ്റര്‍ തയ്യാറാക്കിയത്. ഇംഗ്ലണ്ടിന്റെയും പിന്നീട് ബ്രിട്ടന്റെയും അറ്റ്‌ലാന്റിക് അടിമവ്യാപാരത്തിന് സാമ്പത്തിക പിന്തുണ നല്‍കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ഇതില്‍ ശേഖരിച്ചിരിക്കുന്നത്. ഗവേഷകരുടെ കണക്കനുസരിച്ച് ബ്രിട്ടിഷ് പങ്കാളിത്തമുള്ള അടിമവ്യാപാരത്തിലൂടെ ഏകദേശം 30 ലക്ഷം ആഫ്രിക്കന്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടിമകളാക്കപ്പെട്ടു. അറ്റ്‌ലാന്റിക് കടന്നുള്ള നിര്‍ബന്ധിത യാത്രയിലും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലും ഏകദേശം അഞ്ചുലക്ഷം പേര്‍ മരിച്ചതായും കിങ്‌സ് കോളജ് ലണ്ടനിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

നഷ്ടപരിഹാര ആവശ്യം വീണ്ടും ചര്‍ച്ചയില്‍

പുതിയ കണ്ടെത്തലുകള്‍ പുറത്തുവരുന്നതിനിടെ അറ്റ്‌ലാന്റിക് അടിമവ്യാപാരത്തില്‍നിന്ന് നേട്ടമുണ്ടാക്കിയ രാജ്യങ്ങള്‍ ഔദ്യോഗികമായി മാപ്പുപറയണമെന്നും ചരിത്രപരമായ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ആഫ്രിക്കന്‍, കരീബിയന്‍ രാജ്യങ്ങളില്‍നിന്നുള്ള സമ്മര്‍ദവും തുടരുകയാണ്. അടിമത്തവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിഷയത്തില്‍ കിങ് ചാള്‍സിന് അപേക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ജമൈക്ക സര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആഫ്രിക്കക്കാരെ ജമൈക്കയില്‍ അടിമകളാക്കിയതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ പ്രിവി കൗണ്‍സിലിന്റെ ജുഡീഷ്യല്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നാവശ്യപ്പെടാനാണ് നീക്കമെന്ന് ജമൈക്കന്‍ സാംസ്‌കാരിക മന്ത്രി ഒലിവിയ ഗ്രേഞ്ച് അറിയിച്ചു. ആഫ്രിക്കന്‍ പൂര്‍വികര്‍ നൂറ്റാണ്ടുകളോളം അനുഭവിച്ച ക്രൂരതകള്‍ക്ക് പരിഹാരം തേടുന്ന ദീര്‍ഘകാല ശ്രമങ്ങള്‍ക്ക് ഇത് വഴിതെളിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, അറ്റ്‌ലാന്റിക് അടിമവ്യാപാരം 'അപലപനീയമായിരുന്നു' എന്നാണ് ഡൗണിങ് സ്ട്രീറ്റിന്റെ നിലപാട്. എന്നാല്‍ ചരിത്രപരമായ അടിമവ്യാപാരവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കാന്‍ നിലവില്‍ യുകെ സര്‍ക്കാര്‍ പദ്ധതിയിടുന്നില്ലെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window