Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
UK Special
  Add your Comment comment
യുകെയില്‍ സ്ഥിരതാമസം; ഹാരിയുടെയും മേഗന്റെയും പൊലീസ് സുരക്ഷ പുനഃപരിശോധിക്കും
reporter

ലണ്ടന്‍: യുകെയില്‍ സ്ഥിരതാമസമാക്കിയ സസെക്‌സിലെ ഡ്യൂക്ക് ഹാരി രാജകുമാരന്റെയും ഡച്ചസ് മേഗന്റെയും പൊതുധനത്തില്‍ ഒരുക്കുന്ന പൊലീസ് സുരക്ഷ പുനഃപരിശോധിക്കാന്‍ തീരുമാനം. ഹാരി, മേഗന്‍, മക്കളായ ആര്‍ച്ചി, ലിലിബെറ്റ് എന്നിവര്‍ യുകെയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തിലാണ് രാജകുടുംബാംഗങ്ങളുടെയും പ്രമുഖരുടെയും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന റാവെക് (Ravec) കമ്മിറ്റി നിലവിലെ ക്രമീകരണങ്ങള്‍ വീണ്ടും വിലയിരുത്തുന്നത്. കുടുംബത്തിന്റെ പുതിയ വസതിയിലെ സുരക്ഷ, പതിവായി സഞ്ചരിക്കുന്ന വഴികള്‍, കുട്ടികളുടെ സ്‌കൂളിലേക്കുള്ള യാത്ര തുടങ്ങിയവയും പരിശോധനയുടെ ഭാഗമാകും. ഹോം ഓഫിസ്, പൊലീസ്, രാജകുടുംബം എന്നിവയുടെ പ്രതിനിധികളാണ് റാവെക് കമ്മിറ്റിയിലുള്ളത്. ഇതിനിടെ സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് ആര്‍ച്ചിയുടെയും ലിലിബെറ്റിന്റെയും സ്‌കൂള്‍ മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഈ മാസം ആദ്യം പുതിയ അധ്യയന വര്‍ഷത്തിനായി സ്‌കൂളില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മാറ്റം. ആര്‍ച്ചിക്ക് ഏഴും ലിലിബെറ്റിന് അഞ്ചും വയസ്സാണ്.

ആദ്യ സ്‌കൂളിലേക്കുള്ള യാത്രാദൂരം കൂടുതലായിരുന്നതും ഗതാഗതക്കുരുക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായാണ് കുടുംബത്തിന്റെ സ്വകാര്യ സുരക്ഷാ സംഘത്തിന്റെ വിലയിരുത്തല്‍. കുട്ടികളുടെ പഴയ സ്‌കൂളിന്റെയോ പുതിയ സ്‌കൂളിന്റെയോ പേര് പുറത്തുവിട്ടിട്ടില്ല. സ്‌കൂള്‍ മാറ്റം സ്ഥാപനത്തെയോ അധ്യാപകരെയോ കുറിച്ചുള്ള പരാതിയുടെ ഭാഗമല്ലെന്നും കുട്ടികള്‍ക്ക് നല്‍കിയ സ്‌നേഹത്തിനും പരിചരണത്തിനും അധ്യാപകരോടും ജീവനക്കാരോടും കുടുംബം നന്ദിയുള്ളവരാണെന്നും ഹാരിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയില്‍ താമസിച്ചിരുന്ന കാലത്ത് യുകെ സന്ദര്‍ശനത്തിനിടെ പൊലീസ് സുരക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ട് ഹാരി നിയമപോരാട്ടം നടത്തിയിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. എന്നാല്‍ അന്ന് സന്ദര്‍ശകരായിരുന്ന ഹാരിയും മേഗനും ഇപ്പോള്‍ മക്കളോടൊപ്പം യുകെയില്‍ സ്ഥിരതാമസമാക്കിയതോടെയാണ് സുരക്ഷാ സാഹചര്യങ്ങള്‍ വീണ്ടും വിലയിരുത്താന്‍ നീക്കം.

കഴിഞ്ഞയാഴ്ച ചേര്‍ന്ന റാവെക് യോഗത്തില്‍ ഹാരിയുടെയും മേഗന്റെയും സുരക്ഷ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്തിരുന്നു. കുടുംബത്തിനെതിരായ ഭീഷണികളും അപകടസാധ്യതകളും വിലയിരുത്തിയശേഷം എത്രത്തോളം പൊലീസ് സുരക്ഷ ആവശ്യമാണെന്ന് റിസ്‌ക് മാനേജ്‌മെന്റ് ബോര്‍ഡ് പരിശോധിക്കും. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. 2020ല്‍ വര്‍ക്കിങ് റോയല്‍ പദവികള്‍ ഉപേക്ഷിച്ച് ഹാരിയും മേഗനും അമേരിക്കയിലേക്ക് മാറിയതിനുശേഷം മേഗന്റെ സുരക്ഷ സംബന്ധിച്ച് നടക്കുന്ന ആദ്യ സമഗ്ര പുനഃപരിശോധനയാണിതെന്നാണ് റിപ്പോര്‍ട്ട്. ഹാരിയുടെ സുരക്ഷാ സാഹചര്യങ്ങളില്‍ ഈ വേനല്‍ക്കാലത്ത് തന്നെ വിലയിരുത്തല്‍ നടന്നിരുന്നെങ്കിലും കുടുംബം യുകെയില്‍ സ്ഥിരതാമസമാക്കുമെന്ന വിവരം അന്ന് പുറത്തുവന്നിരുന്നില്ല.

അതിനിടെ, വാരാന്ത്യത്തില്‍ കുടുംബം ഗ്രാമപ്രദേശത്ത് നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ മേഗന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അതേസമയം, അടുത്ത വര്‍ഷത്തെ ഇന്‍വിക്ടസ് ഗെയിംസില്‍ ഉഗാണ്ട പങ്കെടുക്കുമെന്നും ഹാരിയെ അറിയിച്ചിട്ടുണ്ട്. ഹാരിയും മേഗനും വര്‍ക്കിങ് റോയല്‍സ് അല്ലെന്ന് വ്യക്തമാക്കിയ ചാള്‍സ് രാജാവിന്റെ പേരിലുള്ള കത്തിനെ തുടര്‍ന്ന് ഉഗാണ്ട ഗെയിംസില്‍നിന്ന് പിന്മാറുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി ഉഗാണ്ടയുടെ സൈനിക മേധാവിയുമായി സംസാരിച്ച് ഗെയിംസിലെ രാജ്യത്തിന്റെ പങ്കാളിത്തത്തിന് രാജാവിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് നിലപാടില്‍ മാറ്റമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window