Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഉയര്‍ന്ന ശമ്പളമുണ്ടെങ്കില്‍ ഇന്‍ട്രാ കമ്പനി വിസയില്‍ വരുന്നയാള്‍ക്ക് ഒന്‍പതു വര്‍ഷം വരെ യുകെയില്‍ തുടരാം
correspondent

ലണ്ടന്‍ :ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ വിസ ലഭിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ക്കശ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്താന്‍ തീരുമാനിച്ചു.ഇന്‍ട്രാ കമ്പനി വിസയില്‍ വരുന്ന ഉയര്‍ന്ന ശമ്പളം ഉള്ള ഒരാള്‍ക്ക് ഒമ്പതു വര്‍ഷം വരെ യുകെയില്‍ തുടരാം എന്നതാണ് പുതിയ പരിഷ്‌കാരം. കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറുകളില്‍ (ഐ.സി.ടി) ഇളവു നടപ്പാക്കിയത്. 


നേരത്തേ അഞ്ചുവര്‍ഷംവരെ മാത്രമായിരുന്നു ഇത്തരത്തില്‍ തുടരാമായിരുന്നത്. ഇതില്‍ മാറ്റം വരുത്തിയതായി ഹോം സെക്രട്ടറി തെരേസാ മേയ് അറിയിച്ചു. ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കമെന്നും ഇവര്‍ പറഞ്ഞു. ഇന്ത്യന്‍ ഐ.ടി കമ്പനികളാണ് ജീവനക്കാരെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഈ മാര്‍ഗം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിന്നും നിരവധിയാളുകള്‍ ഇങ്ങനെ ബ്രിട്ടനിലെത്താറുണ്ട് .ഒന്നരലക്ഷം പൗണ്ടിനു മുകളില്‍ വരുമാനമുള്ളവര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത് . 


ഇതോടെ ഉയര്‍ന്ന വരുമാനമുള്ളവരെ ബ്രിട്ടനിലേക്ക് അയയ്ക്കാമെന്നു ചൂണ്ടിക്കാട്ടി കമ്പനികള്‍ക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍ ബിസിനസുകള്‍ക്ക് അനുകൂലമാണെന്നും കുടിയേറ്റക്കാര്‍ക്കുള്ള മികച്ച രാജ്യമാക്കി ബ്രിട്ടനെ നിലനിര്‍ത്തുമെന്നും ഇമിഗ്രഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് ഹാര്‍പെര്‍ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിനു സ്വകാര്യമേഖലകള്‍ ഏറെ സഹായിക്കുന്നുണ്ടെന്നും ഇവരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുടിയേറ്റത്തിലെ തട്ടിപ്പുകള്‍ക്കെതിരെ കര്‍ക്കശ നിലപാടുകള്‍ തുടരും. ആകെയുള്ള  കുടിയേറ്റക്കാരുടെ എണ്ണം നിശ്ചിത അളവില്‍ നിലനിര്‍ത്തും. ഇന്ത്യയില്‍ നിന്നും മറ്റു യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നും ഇന്‍ട്രാ കമ്പനി വിസയിലെത്തുന്നരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ഇവര്‍ ബ്രിട്ടനില്‍ സെറ്റില്‍മെന്റിന് അപേക്ഷിക്കുമ്പോള്‍ മാത്രമേ ഇക്കാര്യങ്ങള്‍ പരിഗണനയില്‍ വരൂ. 


ബ്രിട്ടനില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തില്‍ ഇളവു നല്‍കുന്ന കാര്യവും പ്രധാന മാറ്റങ്ങളില്‍പ്പെടുന്നു. മറ്റിടങ്ങളില്‍ ബിസിനസ് നടത്തി വിജയിച്ചവര്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്നാണ് നിഗമനം.വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരും.

 
 
Other News in this category

 
 




 
Close Window