Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനിലെ നെറ്റ് ഇമിഗ്രേഷനില്‍ വന്‍ ഇടിവ്
Correspondent

ബ്രിട്ടണിലെ നെറ്റ് മൈഗ്രേഷനിലെ ഇരുപത് വര്‍ഷക്കാലയിളവിനുള്ളിലെ ഏറ്റവും കൂടിയ നിരക്കിലുള്ള ഇടിവ് രേഖപ്പെടുത്തിയെന്നുള്ള റിപ്പോര്‍ട്ടുമായി ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്  കണക്കുകള്‍ പുറത്ത് വിട്ടു. ഇതനുസരിച്ച് 25 ശതമാനം ഇടിവാണ് നെറ്റ് മൈഗ്രേഷനില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് ഉണ്ടായിരിക്കുന്നത്. കുടിയേറ്റ നിരക്ക് പടിപടിയായി കുറച്ച് കൊണ്ടുവരും എന്ന കണ്‍സര്‍വേറ്റീവ്  ലിബറല്‍ ഡെമോക്രാറ്റ് കൂട്ടുകക്ഷി സര്‍ക്കാരിന്റെ  നിലപാട് വിജയിക്കുന്നതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.എങ്കിലും ബ്രിട്ടണിലേയ്ക്കുള്ള  വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറച്ചതു കൊണ്ടാണ് നെറ്റ് മൈഗ്രേഷനിലും കുറവ് വന്നിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ബ്രിട്ടണിലേയ്ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും കുടിയേറുന്നവരുടെ എണ്ണത്തില്‍ നിന്നും ബ്രിട്ടണില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം കുറച്ചാണ് നെറ്റ് മൈഗ്രേഷന്‍ കണക്കാക്കുന്നത്.


 

ബ്രിട്ടണിലേയ്ക്ക് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുമായി 536,000  ആളുകള്‍ 2012 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷക്കാലം കൊണ്ട്  കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. തൊട്ട് മുന്‍പുള്ള വര്‍ഷത്തേക്കാള്‍ 42,000 പേര്‍ കുറഞ്ഞു. 578,000 പേരില്‍ നിന്നുമാണ്  536,000 ആയി കുറഞ്ഞിരിക്കുന്നത്. ഇതേ സമയം ബ്രിട്ടണില്‍ നിന്നും വിദേശ രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ തേടിയും മറ്റുമായി പോയവരുടെ എണ്ണം 336,000 നിന്നും 353,000 ആയി വര്‍ദ്ധിച്ചിട്ടുമുണ്ട്. ഇതനുസരിച്ച് മുന്‍ വര്‍ഷം 242,000 ആയിരുന്ന നെറ്റ് മൈഗ്രേഷന്‍ ഇത്തവണ 183,000 ആയി കുറഞ്ഞു. 59,000 പേരുടെ കുറവ്. 200809 കാലഘട്ടത്തിനു ശേഷം ഇതാദ്യമായിട്ടാണ് നെറ്റ് മൈഗ്രേഷന്‍ രണ്ടു ലക്ഷത്തിനു താഴേയ്ക്ക് വരുന്നത്.1991ലെ മാന്ദ്യ കാലത്തു 61,000 പേരുടെ കുറവുണ്ടായിട്ടുള്ളതാണ് നെറ്റ് ഇമിഗ്രേഷനില്‍ ഇതിലുമധികം രേഖപ്പെടുത്തിയിട്ടുള്ളത്. 

 

നെറ്റ് ഇമിഗ്രേഷന്‍ ഈ സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പ്,  100,000നുള്ളില്‍ കൊണ്ടുവരുമെന്നാണ് കൂട്ടുകക്ഷി സര്‍ക്കാരിന്റെ വാഗ്ദാനം. ഇതിന്റെ ആദ്യ പടിയായി വിദേശ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടണിലേയ്ക്ക് വരുന്നതിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയും മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോളേജുകളെ അടച്ചു പൂട്ടുകയുമാണുണ്ടായത്. തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ യൂണിവേഴ്‌സിറ്റികളിലെ കോഴ്‌സുകള്‍ പഠിക്കുന്നതിന് മുന്നോടിയായുള്ള കോഴ്‌സുകള്‍ പഠിപ്പിച്ചിരുന്നതില്‍ 67 ശതമാനം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ഇംഗ്ലീഷ് ലാംഗ്വേജ് കോഴ്‌സുകള്‍ നടത്തിയിരുന്നവയില്‍ 76 ശതമാനവും പൂട്ടി. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോളേജുകള്‍ അടച്ചു പൂട്ടിയതോടെ സ്റ്റുഡന്റ് വിസകള്‍ അനുവദിക്കുന്നതില്‍ 29 ശതമാനം കുറവുണ്ടായി. ബ്രിട്ടണിലേയ്ക്ക് പഠിക്കാനെത്തുന്ന ഇന്ത്യന്‍ , ബംഗ്ലാദേശി, ശ്രീലങ്കന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി. 

 

സ്റ്റുഡന്റ് വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം വന്നതു കൊണ്ടാണ് കുടിയേറ്റ നിരക്കിനെ കുറച്ച് നിര്‍ത്തുവാന്‍ സാധിച്ചതെങ്കിലും കുടിയേറ്റ വകുപ്പുമായി ബന്ധപ്പെട്ട മന്ത്രിമാരും മറ്റും ഏറെ പ്രതീക്ഷയിലാണ്.  ഇതൊരു പ്രധാന ചുവടു വയ്പാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അവകാശവാദം. വരും നാളുകളില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ എല്ലാ മേഖലകളിലും കൊണ്ടുവരുമെന്നും സര്‍ക്കാര്‍ പറയുന്നു.   

 
 
Other News in this category

 
 




 
Close Window