ലണ്ടന്‍: ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന കാന്തം പോലെയാണിപ്പോള്‍ ബ്രിട്ടന്‍. യൂറോസ്റ്റാറ്റിന്റെ കണക്കുകള്‍ പ്രകാരം, യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന രാജ്യമെന്ന സ്ഥാനം ജര്‍മനിയെയും സ്‌പെയ്‌നും മറികടന്ന് ബ്രിട്ടന്‍ സ്വന്തമാക്കിയിരിക്കുന്നു.
2010ലാണ് ബ്രിട്ടനിലെ സര്‍വ കുടിയേറ്റ റെക്കോഡുകള്‍ തകര്‍ന്നത്. ആ ഒറ്റ വര്‍ഷം മാത്രം രാജ്യത്തെത്തിയത് യൂറോപ്പിനും അകത്തും പുറത്തുംനിന്നായി 590,950 പേര്‍. ഫ്രാന്‍സില്‍ അതേ വര്‍ഷം ഇതിന്റെ പകുതി കുടിയേറ്റക്കാര്‍ മാത്രമാണ് വന്നതെന്നും കണക്കുകളില്‍ കാണുന്നു.
പതിറ്റാണ്ടുകളായി യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ലക്ഷ്യമിട്ടിരുന്ന രാജ്യം ജര്‍മനിയായിരുന്നു. പത്തു വര്‍ഷം മുന്‍പ് ആ സ്ഥാനം സ്‌പെയ്ന്‍ സ്വന്തമാക്കി. 1990ല്‍ ഫ്രാന്‍സിനെ മറികടന്ന ബ്രിട്ടന്‍ പിന്നെ തിരിഞ്ഞുനോക്കാതെ നടത്തിയ കുതിപ്പില്‍ 2010ഓടെ മറ്റെല്ലാവരെയും പിന്തള്ളുകയും ചെയ്തിരിക്കുന്നു.
എന്നാല്‍, ബ്രിട്ടന്റെ മുന്നേറ്റം ഇവിടെ അവസാനിക്കുന്നുമില്ല. അടുത്ത വര്‍ഷത്തോടെ ബള്‍ഗേറിയയില്‍നിന്നും റൊമാനിയയില്‍നിന്നുമുള്ള കുടിയേറ്റം ശക്തമാകും. ഇതോടെ എത്ര പേര്‍ ബ്രിട്ടനില്‍ കൂടുതലായെത്തുമെന്നു യൂറോസ്റ്റാറ്റിനു കണക്കുണ്ടെങ്കിലും പുറത്തുവിട്ടിട്ടില്ല.