Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ദുബൈയില്‍ കൂടുതല്‍ സൈക്കിള്‍ പാതകള്‍ നിര്‍മിക്കാന്‍ പദ്ധതി
Reporter

ദുബൈ: സൈക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സൗഹൃദ സന്ദേശം വ്യാപിപ്പിക്കാനും ആര്‍.ടി.എ ദുബൈയില്‍ കൂടുതല്‍ സൈക്കിള്‍ പാതകള്‍ നിര്‍മിക്കുന്നു. 2013- 16 കാലയളവില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ 40 മില്യന്‍ ദിര്‍ഹം ചെലവില്‍ 52 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മിക്കാനുള്ള പദ്ധതിക്ക് ചെയര്‍മാന്‍ മതാര്‍ അല്‍ തായിറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.

ഗതാഗത, ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വികസിത രാജ്യങ്ങളെല്ലാം കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ദുബൈയും ഈവഴിക്ക് നീങ്ങുന്നതെന്ന് മതാര്‍ അല്‍ തായിര്‍ പറഞ്ഞു. അല്‍ ബര്‍ഷ, അല്‍ ഖവാനീജ്, അല്‍ വര്‍ഖ, അല്‍ഖൂസ്, അല്‍ സഫൂഹ് റോഡ്, അല്‍ മംസാര്‍ പാര്‍ക്ക്, മുശ്രിഫ് പാര്‍ക്ക്, ഹോര്‍ലാന്‍സ്, മിര്‍ദിഫ് എന്നിവിടങ്ങളിലാണ് പുതിയ പാതകള്‍ നിര്‍മിക്കുന്നത്. മെട്രോ, ബസ് സ്‌റ്റേഷനുകളെയും പാര്‍പ്പിട കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചായിരിക്കും പാതകള്‍. സൈക്കിള്‍ യാത്രികരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കിയാണ് പാതകളുടെ രൂപകല്‍പന നടത്തിയത്. 2008ല്‍ ഉണ്ടാക്കിയ മാസ്റ്റര്‍ പ്‌ളാന്‍ അനുസരിച്ച് 100 കിലോമീറ്റര്‍ സൈക്കിള്‍ പാതയുടെ നിര്‍മാണം ആര്‍.ടി.എ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജുമൈറ റോഡിലെ 25 കിലോമീറ്റര്‍ പാത, മാള്‍ ഓഫ് എമിറേറ്റ്‌സ് സ്‌റ്റേഷന് സമീപത്തെ ഒരുകിലോമീറ്റര്‍ പാത, അല്‍ മിസ്ഹര്‍, അല്‍ മംസാര്‍ പാര്‍ക്കുകള്‍ക്ക് സമീപത്തെ പാതകള്‍ തുടങ്ങിയവ ഇതില്‍പെടും. സീഹ് അസ്സലാമില്‍ 75 കിലോമീറ്റര്‍ സൈക്കിളിങ് കോഴ്‌സും നിര്‍മിച്ചു. സൈക്കിളുകളും അനുബന്ധ ഉപകരണങ്ങളും വാടകക്കെടുക്കാനും ഇവിടെ സൗകര്യമുണ്ട്. ബര്‍ദുബൈ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റില്‍ നാലര കിലോമീറ്റര്‍ സൈക്കിള്‍ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ശൈഖ് സായിദ് റോഡിലെ നാല് മെട്രോ സ്‌റ്റേഷനുകളുമായി ജുമൈറ റോഡിനെ ബന്ധിപ്പിക്കുന്ന സൈക്കിള്‍ പാതകളുടെ രൂപകല്‍പന പൂര്‍ത്തിയായി. സൈക്കിളുകള്‍ സൂക്ഷിക്കാന്‍ മെട്രോസ്‌റ്റേഷനുകളില്‍ 1,400 റാക്കുകളും ഒരുക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനം ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും സ്‌റ്റേഷനുകളില്‍ മികച്ച സൗകര്യമൊരുക്കുന്നതെന്നും മതാര്‍ അല്‍ തായിര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window