Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഒമാനില്‍ മഴക്ക് ശമനം
Reporter

മസ്‌കത്ത്: രണ്ടു ദിവസമായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ച് പെയ്ത മഴക്ക് ശമനം. ഇന്നലെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായുണ്ടായ കാലാവസ്ഥ മാറ്റമാണ് ശക്തമായ കാറ്റിനും മഴക്കും കാരണമായത്. ഇറാനിലുണ്ടായ ഭൂമി കുലുക്കത്തിന്റെ തുടര്‍ ചലനമെന്നോണം രാജ്യത്തിന്റെ പലഭാഗങ്ങളിലും നേരിയ ഭൂചലനമുണ്ടായിരുന്നു. ഇതിനു ശേഷമാണ് അന്തരീക്ഷം മേഘാവൃതമാവുകയും കാലാവസ്ഥയില്‍ മാറ്റമുണ്ടാവുകയും ചെയ്തത്. ഏതാനും ദിവസം പെയ്യാതെ മടിച്ചു മാറി നിന്ന മഴ മേഘങ്ങള്‍ തിമിര്‍ത്തു പെയ്തതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശ നഷ്ടങ്ങളുണ്ടായത്. വാദി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പെട്ടും മണ്ണിടിഞ്ഞു വീണും മൂന്നു കുട്ടികളുള്‍പ്പെടെ നാലു പേരാണ് മരിച്ചത്. വാദികള്‍ നിറഞ്ഞു കവിഞ്ഞും കുന്നുകളിടുഞ്ഞും മരം കടപുഴകിയുമാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി കഴിഞ്ഞ ദിവസം സൈന്യം അഞ്ചു ഹെലികോപ്റ്ററുകള്‍ വിട്ടു നല്‍കിയിരുന്നു. ഈ മാസം മുഴുവനും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍, ഇന്നലെ മഴ മാറി ഏറെക്കുറെ തെളിഞ്ഞ ആകാശമായിരുന്നു.

ചിലയിടങ്ങളില്‍ വൈകുന്നേരം അങ്ങിങ്ങ് മേഘങ്ങള്‍ ദൃശ്യമായെങ്കിലും മഴ പെയ്തില്ല. രണ്ടു ദിവസം പെയ്ത മഴയില്‍ ഒലിച്ചു വന്ന കല്ലും മണ്ണും റോഡില്‍ നിന്ന് നീക്കം ചെയ്യുന്ന പ്രവൃത്തി ഇന്നലെയും തുടര്‍ന്നു. തകര്‍ന്ന റോഡുകളില്‍ പലതും ഗതാഗത യോഗ്യമായിട്ടില്ല.

മഴ കൂടുതല്‍ നാശം വിതച്ച രാജ്യത്തിന്റെ വടക്കന്‍ തീരം സാധാരണ നിലയിലാവാന്‍ ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നത്. നാശം വിതച്ചെങ്കിലും ജല സംഭരണികളിലെല്ലാം നിരപ്പ് വര്‍ധിച്ചത് ആശ്വാസമായിട്ടുണ്ട്. കനത്ത ചൂടിനും ഏറെക്കുറെ ശമനമായി.

 
Other News in this category

 
 




 
Close Window