റിയാദ്: സൗദി തലസ്ഥാനത്ത് റിയാദ് സിറ്റി ഡവലപ്‌മെന്റ് അതോറിറ്റി നടപ്പാക്കുന്ന പൊതുഗതാഗത സംവിധാനത്തിനുള്ള സ്ഥലമെടുപ്പ് ആരംഭിച്ചു. മെട്രോ ഉള്‍പ്പെടെ വിശാലമായ ഗതാഗത ശൃംഖലക്കാണ് അതോറിറ്റി രൂപം കണ്ടിട്ടുള്ളത്. നഗരത്തിലെ പ്രധാന നിരത്തുകളോട് ചേര്‍ന്ന് 34 കേന്ദ്രങ്ങളില്‍ അതോറിറ്റി ഇതിനായി സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. മെട്രോ, ബസ് സര്‍വീസിനുള്ള സ്‌റ്റേഷനുകള്‍, പാര്‍ക്കിങ്, അറ്റകുറ്റപ്പണിക്കും ഇന്ധനം നിറക്കുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവക്കാണ് ഈ കേന്ദ്രങ്ങള്‍ ഉപയോഗിക്കുക.
റിയാദ് സിറ്റി ഡവലപ്‌മെന്റ് അതോറിറ്റി അടയാളപ്പെടുത്തിയ സ്ഥലമുടമകളോട് ഡിപ്‌ളോമാറ്റിക് ക്വാര്‍ട്ടറിലുള്ള അതോറിറ്റി ഓഫീസുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഉടമസ്ഥര്‍ക്ക് അര്‍ഹമായ വില നല്‍കി സ്ഥലം അതോറിറ്റി ഉടമപ്പെടുത്തുന്നതാണ് ആദ്യ ഘട്ടം.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയും നിരത്തുകളെയും സ്പര്‍ശിച്ചുകൊണ്ടാണ് പൊതുഗതാഗത ശൃംഖല കടന്നുപോവുക. നഗരത്തിലെ ചില സുപ്രധാന പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളെയും താമസസ്ഥലങ്ങളെയും അടയാളപ്പെടുത്തിയ സ്ഥലമെടുപ്പിലൂടെ ചിലരെയെങ്കിലും പദ്ധതി പ്രതികൂലമായി ബാധിച്ചേക്കും.
നഗര സിരാകേന്ദ്രമായ ബത്ഹയോട് ചേര്‍ന്നുള്ള അല്‍ഊദ്, ഗുബൈറ, റയില്‍വെ സ്‌റ്റേഷന് സമീപമുള്ള ഹയ്യുല്‍ ഫാറൂഖ്, അസീസിയ്യ, ബദീഅ, മന്‍സൂറ, നസീം, ഇസ്‌കാന്‍, അല്‍ഗദീര്‍ എന്നീ വില്‌ളേജുകളില്‍ സ്ഥലമെടുപ്പിന് അടയാളപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ അതോറിറ്റിയുടെ www.ada.gov.sa എന്ന വെബ്‌സൈറ്റില്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ലഭ്യമാണ്.