ലണ്ടന്‍: അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം തള്ളി യുകെ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കുടിയേറുന്നവരെ രാജ്യത്തെ കുടിയേറ്റ ക്വാട്ടയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്‍ ആവശ്യം. എന്നാല്‍ അനധികൃത കുടിയേറ്റം തടയാനുള്ള നടപടികളില്‍ പങ്കാളികളാകാന്‍ തയാറെന്നു യുകെ അറിയിച്ചു.
രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണു കുടിയേറ്റമെന്നു യുകെ ആഭ്യന്തരമന്ത്രാലയം. ഇത്തരമൊരു സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ പുതിയ നിര്‍ദേശം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇതിനിടെ യൂറോപ്പില്‍ തങ്ങളുന്ന അനധികൃത കുടിയേറ്റക്കാരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ തയാറാകണമെന്നു ആഭ്യന്തര സെക്രട്ടറി തെരേസ മേയ്. യൂണിയന്‍ മുന്നോട്ട് വച്ച നിര്‍ദേശം തിരിച്ചടിയാക്കും ഉണ്ടാക്കുക. അനധികൃത കുടിയേറ്റം വര്‍ധിക്കാന്‍ മാത്രമേ ഇത് ഇടവരുത്തൂ. അനധികൃത കുടിയേറ്റം തടയാനുള്ള നടപടികളാണു യൂണിയന്‍ സ്വീകരിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ 60,000 പേര്‍ മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പില്‍ എത്തിയെന്നാണു യുഎന്‍ കണക്ക്. ഇത്തരത്തില്‍ കടക്കുന്നതിനിടെ 1800 പേര്‍ മരിച്ചു.
ഈ വര്‍ഷം അവസാനം യൂണിയന്‍ നിര്‍ദേശം പ്രാബല്യത്തിലാക്കാനാണു നീക്കം. ഇതോടെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിനു അനധികൃത കുടിയേറ്റക്കാരെ അഭയാര്‍ഥികളായി പാര്‍പ്പിക്കേണ്ടി വരും.
മെഡിറ്റനേറിയന്‍ കടല്‍ വഴിയുള്ള മനുഷ്യക്കടത്ത് വര്‍ധിച്ചതും ഇത്തരത്തില്‍ കടത്തിക്കൊണ്ടുവരുന്നവര്‍ ദുരന്തത്തില്‍ അകപ്പെടുന്നതും മൂലമാണ് പുതിയ നിര്‍ദേശം മുന്നോട്ട് വയ്ക്കാന്‍ യൂണിയന്‍ തീരുമാനിച്ചത്. യൂണിയന്‍ നിര്‍ദേശത്തെ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണച്ചു. ചില രാജ്യങ്ങളാകട്ടെ ഇത് നിയമമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യുകെ മാത്രമാണ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.