ലണ്ടന്‍: ഇന്ത്യന്‍ ഭക്ഷണങ്ങളോട് ഇന്ത്യക്കാരേക്കാള്‍ പ്രിയം ബ്രിട്ടീഷുകാര്‍ക്കാണ്.ചിക്കന്‍ ടിക്ക മസാല, മീന്‍ കറികള്‍ എന്നിവ ഇവരുടെ ഇഷ്ടവിഭവങ്ങളാണ്. ഇതോടെയാണ് കൂണുപോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ റസ്റ്ററന്റുകള്‍ ഉയര്‍ന്നത്. ചെറിയ ഗ്രാമങ്ങളില്‍ പോലും ഇന്ത്യന്‍ റസ്റ്ററന്റുകള്‍ കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഈ വിഭവങ്ങള്‍ അധികകാലം രുചിക്കാന്‍ ഇംഗ്ലീഷുകാര്‍ക്ക് യോഗമുണ്ടാകില്ല. രാജ്യത്തെ 12,500 കറി ഹൗസുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കുടിയേറ്റ നിയമമാണ് തിരിച്ചടിയായത്.
നിയന്ത്രണം വന്നതോടെ നാട്ടില്‍ നിന്ന് ആളുകളെ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയായി. 12,500 കറി ഹൗസുകളിലേക്കാണ് പാചകക്കാരെ വേണ്ടതെന്ന് ബ്രിട്ടീഷ് ബംഗ്ലാദേശി ക്യാറ്റര്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഷഹനൂര്‍. 1960 കളില്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന്, ഇന്നത്തെ ബംഗ്ലാദേശില്‍ നിന്ന് എത്തിയവരാണ് ഇവിടെ റസ്റ്ററന്റുകള്‍ തുറന്നത്. ഇവരില്‍ പലരും ഇപ്പോള്‍ വിരമിച്ചു കൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് പകരം പുതിയ ആളുകളെ നിയമിക്കേണ്ട സാഹചര്യമാണുള്ളത്. ബ്രിട്ടനിലുള്ള ഏഷ്യന്‍ വംശജര്‍ ഇവിടെ ജോലിക്ക് വരില്ല. ജോലിസാഹചര്യവും കുറഞ്ഞ വേതനവുമാണ് കാരണം. ഇന്ത്യന്‍ റസ്റ്ററന്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ നിന്ന് ലഭിക്കുന്ന പാചകക്കാര്‍ കുറവാണ്. ഒരു പാചകക്കാരനെ പരിശീലിപ്പിച്ച് കൊണ്ടുവരാന്‍ ഏഴു വര്‍ഷം വേണ്ടിവരുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൗള്‍ സ്‌കള്ളി. മറ്റു യൂറോപ്യന്‍മാരെ റിക്രൂട്ട് ചെയ്യുന്നതും വെല്ലുവിളിയാണെന്ന് ഇവര്‍ പറയുന്നു. ഭാഷ മുതല്‍ നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരിക. ഇപ്പോള്‍ ബംഗാളിയിലോ ഹിന്ദിയിലോ മലയാളത്തിലോ പറയാം. എന്നാല്‍ ഇതിനു വേണ്ടി റൊമേനിയന്‍, പോളീഷ് ഭാഷകള്‍ പഠിക്കേണ്ടി വരുന്നത് കഷ്ടമാകുമെന്ന് ഇവര്‍ പറയുന്നു.
ഇന്ത്യന്‍ റസ്റ്ററന്റുകള്‍ വഴി ഒരു ലക്ഷം പേര്‍ക്കാണ് ജോലി ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 4.2 ബില്യണ്‍ പൗണ്ടിന്റെ വ്യാപാരമാണ് നടന്നത്. മറ്റു ജോലികള്‍ക്ക് ആളുകളെ കിട്ടുമെങ്കിലും ഇന്ത്യന്‍ വിഭവങ്ങള്‍ പാചകം ചെയ്യാനാണ് ആളെ കിട്ടാനില്ലാത്ത പ്രശ്‌നം ഉണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് സ്റ്റീല്‍ വ്യവസായത്തെക്കാള്‍ ഇരട്ടി വരുമാനമാണ് ഇന്ത്യന്‍ റസ്റ്ററന്റുകള്‍ വഴി നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു. 29,570 പൗണ്ട് പ്രതിവര്‍ഷം വരുമാനമുള്ളവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂവെന്നാണ് സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയം. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ 5000 പൗണ്ട് കുറവ് വരുമാനമാണുള്ളത്.