Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മലയാളി നഴ്‌സുമാര്‍ പറക്കാനൊരുങ്ങുന്നു ക്യാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും
reporter
ഗള്‍ഫില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഏറ്റവുമധികം തിരിച്ചടി നേരിടേണ്ടി വന്നത് മലയാളികള്‍ക്കാണ്. പ്രത്യേകിച്ചും നഴ്‌സുമാര്‍ക്ക്. ഒമാന്‍, സൗദി, കുവൈറ്റ് എന്നിവിടങ്ങളിലായി ആയിരക്കണക്കിന് നഴ്‌സുമാരാണ് ജോലി നോക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ ജോലി നോക്കിയിട്ടും പുല്ലുവില പോലും കല്‍പ്പിക്കാതെ ഇവരെ പുറത്താക്കാന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചതോടെ തങ്ങളെ വേണ്ടാത്ത രാജ്യത്തെ തങ്ങള്‍ക്കും വേണ്ട എന്ന നിലപാട് ഇവരും കൈക്കൊണ്ടു. ഇതോടെ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഇവര്‍ ഇപ്പോള്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണ്. ഇതിനോടകം പലരും ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചുവെന്നാണ് സൂചന.

പരിചയ സമ്പത്തുള്ളതിനാല്‍ എളുപ്പത്തില്‍ ജോലി തരപ്പെടുത്താമെന്നാണ് ഇവരുടെ വിശ്വാസം. അതേസമയം, യുകെയിലേക്ക് വരാന്‍ പല നഴ്‌സുമാര്‍ക്കും ഇപ്പോള്‍ താത്പര്യമില്ല. ഇതിന് പ്രധാന കാരണം ബ്രക്‌സിറ്റ് ആണ്. എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് ചാടുന്നതിന് പകരം സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താനാണ് ഇവരുടെ ശ്രമം. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ക്യാനഡ, അയര്‍ലന്‍ഡ് എന്നിവയ്ക്കാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. അതേസമയം, ചില നഴ്‌സുമാര്‍ ഐഇഎല്‍ടിഎസ് പാസായി യുകെയിലേക്കു കടക്കാന്‍ ആലോചിക്കുന്നുണ്ട്. എന്‍എച്ച്എസില്‍ വര്‍ധിച്ചുവരുന്ന ഒഴിവുകളാണ് ഇവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ എന്‍എച്ച്എസിലെ സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ഇവരെ ആശങ്കപ്പെടുത്തുന്നു. ഒപ്പം ബ്രക്‌സിറ്റ് ഫലത്തെത്തുടര്‍ന്ന് കുടിയേറ്റം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കവും പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നു.

സലാല, ഇബ്ര, റുസ്താഖ്, ഖൗല, നിസ്വ തുടങ്ങിയ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. വരുംദിവസങ്ങളിലായി കൂടുതല്‍പേര്‍ക്ക് നോട്ടീസ് നല്‍കുമെന്നാണ് സൂചന.
 
Other News in this category

 
 




 
Close Window