Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്പിലേക്ക് അഭയാര്‍ത്ഥിപ്രവാഹം: ഷെങ്കന്‍ ഉടമ്പടി പരിഷ്‌കരിക്കാന്‍ ഇറ്റലിയും ഫ്രാന്‍സും
Reporter
പാരിസ് : വടക്കന്‍ ആഫ്രിക്കയില്‍നിന്നു യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ശക്തമായ സാഹചര്യത്തില്‍ ഷെങ്കന്‍ ഓപ്പണ്‍ ബോര്‍ഡര്‍ ഉടമ്പടി പരിഷ്‌കരിക്കാന്‍ ഇറ്റലിയും ഫ്രാന്‍സും സംയുക്ത ശ്രമം നടത്തും. ഇതു സംബന്ധിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ചര്‍ച്ച നടത്തി. ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് വിസ അനുവദിച്ച ഇറ്റലിയുടെ നടപടിയില്‍ ഫ്രാന്‍സ് നേരത്തേ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.

ഇറ്റാലിയന്‍ വിസ സമ്പാദിക്കുന്നതോടെ അഭയാര്‍ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട ഏതു രാജ്യത്തും പ്രവേശിക്കാന്‍ അനുമതി ലഭിക്കും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഫ്രാന്‍സിനെയാണ്. ഷെങ്കന്‍ ഉടമ്പടി പ്രകാരമുള്ള ഓപ്പണര്‍ ബോര്‍ഡര്‍ ധാരണകളാണ് ഇതിനു കാരണം. ഇതെത്തുടര്‍ന്നാണ് ഉടമ്പടി പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായത്.

ഈ വര്‍ഷം മാത്രം ഇതുവരെ ഏകദേശം 25,000 അഭയാര്‍ഥികള്‍ ഇറ്റലിയിലെത്തിക്കഴിഞ്ഞു. ഇവരിലേറെയും കലാപബാധിതമായ നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ടുണീഷ്യയില്‍ നിന്നുള്ള ആയിരക്കണക്കിനാളുകളും ഉള്‍പ്പെടുന്നു. ഫ്രാന്‍സിലെ ബന്ധുക്കളുടെ അടുത്തെത്തുക എന്ന ലക്ഷ്യവുമായാണ് ടുണീഷ്യക്കാരില്‍ ഏറിയ പങ്കിന്റെയും വരവ്.

ഉടമ്പടി പരിഷ്‌കരണം ആവശ്യപ്പെട്ട് ബര്‍ലുസ്‌കോണിയും സര്‍ക്കോസിയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കു കത്തു തയാറാക്കിയിട്ടുണ്ട്. മെഡിറ്ററേനിയനിലൂടെയുള്ള കുടിയേറ്റം വൈകാതെ വന്‍ പ്രതിസന്ധിയായി മാറുമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി തയാറാക്കിയ ഷെങ്കന്‍ ഉടമ്പടി ഇവിടെയുള്ളവര്‍ക്കു തന്നെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇതുവഴി സംജാതമാകുക. എന്നാല്‍ , ഉടമ്പടി റദ്ദാക്കണമെന്ന് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്നും ബര്‍ലുസ്‌കോണിയും സര്‍ക്കോസിയും വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window